മന്ത്രിയുടെ പ്രഖ്യാപനം പാഴായി; പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററുകൾ സജ്ജമായില്ല
Mail This Article
പയ്യന്നൂർ ∙ ഗവ.താലൂക്ക് ആശുപത്രിക്ക് 56 കോടി രൂപ ചെലവഴിച്ച് കെട്ടിടം നിർമിച്ചിട്ടും ഓപ്പറേഷൻ തിയറ്ററുകൾ സജ്ജമായില്ല. 5 തിയറ്ററുകൾ സജ്ജമാക്കാനുള്ള സൗകര്യം ഏഴ് നില കെട്ടിടത്തിൽ ഉണ്ട്. ഗൈനക് വിഭാഗത്തിൽ 4 ഡോക്ടർമാരും അനസ്തീസിയ ഡോക്ടറും ഉൾപ്പെടെ ഓപ്പറേഷൻ തിയറ്ററുകൾ ഉപയോഗിക്കാൻ കഴിയുന്ന പത്തോളം ഡോക്ടർമാർ ഇവിടെ ഉണ്ട്.
അവർക്ക് മുന്നിൽ ഒരു തിയറ്റർ മാത്രമാണ് തുറന്ന് കൊടുത്തിട്ടുള്ളത്. അതും പഴയ കെട്ടിടത്തിലുണ്ടായ സജ്ജീകരണങ്ങൾ കൊണ്ട് ഉള്ളത് മാത്രം. കെട്ടിട നിർമാണത്തിനൊപ്പം ഉപകരണങ്ങൾക്കായി 22 കോടി രൂപയും കിഫ്ബി അനുവദിച്ചിരുന്നു.
2023 സെപ്റ്റംബർ 24ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പൂർത്തിയാകുമ്പോൾ ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിരുന്നു. ഉപകരണങ്ങൾ ഒരു മാസത്തിനകം എത്തുമെന്നാണ് മന്ത്രി അന്ന് പ്രഖ്യാപിച്ചത്.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഓപ്പറേഷൻ തിയറ്ററിൽ ഉപകരണങ്ങൾ എത്തിയില്ല. ഫലത്തിൽ സർജറി ആവശ്യമുള്ള രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കെട്ടിട നിർമാണത്തിൽ കാട്ടിയ താൽപര്യം ഉപകരണങ്ങൾ വാങ്ങുന്നതിൽ അധികൃതർ താൽപര്യം കാട്ടുന്നില്ലെന്നതാണ് സത്യം.