ആസിഡ് ആക്രമണം: കണ്ണിനടക്കം പരുക്ക്

Mail This Article
ചെറുപുഴ∙ ആസിഡ് ആക്രമണത്തിൽ സാരമായി പരുക്കേറ്റ പെരുന്തടത്തെ തോപ്പിൽ രാജേഷിനെ (47) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി 10ന് താമസസ്ഥലത്തെ കസേരയിൽ ഇരിക്കുകയായിരുന്ന രാജേഷിന്റെ മുഖത്ത് സുഹൃത്തായ കമ്പല്ലൂർ സ്വദേശിയാണു ആസിഡ് ഒഴിച്ചതെന്നു പറയുന്നു.
ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രാജേഷിനെ ആദ്യം ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. രാജേഷിന്റെ കണ്ണിനടക്കം പരുക്കേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമായതിനെ തുടർന്നാണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
മരംവെട്ടു തൊഴിലാളിയായ രാജേഷിനു ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്ന ജോലി ഇന്നലെ നടക്കാനിരിക്കെയാണു തലേന്ന് ആക്രമണം നടന്നത്. പഴയ വീട് പൊളിച്ചതിനാൽ പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച താൽക്കാലിക ഷെഡിലാണു താമസം. അയൽവാസികളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കോൺക്രീറ്റ് ജോലി ഇന്നലെ തന്നെ പൂർത്തിയാക്കി.