ADVERTISEMENT

കണ്ണൂർ ∙ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളുമായി ബജറ്റ്. റോഡ്, പരമ്പരാഗത വ്യവസായങ്ങൾ, സംരംഭകത്വ വികസനം എന്നീ മേഖലകൾക്കും മികച്ച പരിഗണന ലഭിച്ചു. എന്നാൽ അഴീക്കൽ തുറമുഖം, ഐടി പാർക്ക്, സൂ ആൻഡ് സഫാരി പാർക്ക് തുടങ്ങി വൻകിട പദ്ധതികൾക്ക് നാമമാത്രമായ തുക മാത്രമാണ് നീക്കിവച്ചത്. 14 വർഷം മുൻപ് പ്രഖ്യാപിച്ച ഐടി പാർക്ക് വിമാനത്താവളത്തിനു സമീപം തുടങ്ങുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു.

ഇതുവരെ യാഥാർഥ്യമാകാത്ത ഈ പദ്ധതിയെക്കുറിച്ച് ഇത്തവണ പരാമർശങ്ങൾ ഒന്നുമുണ്ടായില്ല.  സയൻസ് പാർക്ക്, കണ്ണൂർ സർവകലാശാലയിലെ വിവിധ പദ്ധതികൾ എന്നിവ ഉൾപ്പെടെ മുൻ വർഷം നാമമാത്രമായ തുക നീക്കിവച്ച പദ്ധതികളിൽ പലതിനും ഇത്തവണയും തുക അനുവദിച്ചിട്ടില്ല. ഹജ് തീർഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഒരുക്കാൻ കണ്ണൂർ വിമാനത്താവളത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചത് നേട്ടമാകും. 

ധർമടം - 336.5 കോടി
ധർമടം മണ്ഡലത്തിന് ഇത്തവണയും കൈനിറയെ പദ്ധതികളുണ്ട്. ധർമടം ആർട്ടിലറി ഗ്രിഡ് റോഡിന് 125 കോടി രൂപ ഉൾപ്പെടെ 336.5 കോടി രൂപയുടെ പദ്ധതികളാണ് ധർമടം മണ്ഡലത്തിൽ പ്രഖ്യാപിച്ചത്. 

കൂത്തുപറമ്പ് 322 കോടി 
കൂത്തുപറമ്പ് നഗരസഭ ബസ് സ്റ്റാൻഡ് ടെർമിനൽ നിർമാണത്തിന് 100 കോടി രൂപയും താലൂക്ക് ആശുപത്രിക്ക് 50 കോടിയും ഉൾപ്പെടെ 322 കോടി രൂപയുടെ പദ്ധതികൾ കൂത്തുപറമ്പ് മണ്ഡലത്തിലും ധനമന്ത്രി അനുവദിച്ചു. 

തലശ്ശേരി – 85 കോടി
മലബാർ കാൻസർ സെന്ററിന് 8 കോടി രൂപ ഉൾപ്പെടെ തലശ്ശേരി മണ്ഡലത്തിൽ 85 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. 

കല്യാശ്ശേരി 62.37 കോടി 
പരിയാരം മെഡിക്കൽ കോളജിന് 30.92 കോടി രൂപ ഉൾപ്പെടെ കല്യാശ്ശേരി മണ്ഡലത്തിൽ 62.37 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു.  

മട്ടന്നൂർ – 38 കോടി 
മട്ടന്നൂർ മണ്ഡലത്തിലെ പഴശ്ശി ജലസേചന പദ്ധതി നവീകരണത്തിന് 15 കോടി, പഴശ്ശി സാഗർ ജലവൈദ്യുതി പദ്ധതിക്ക് 10 കോടി ഉൾപ്പെടെ 38 കോടി രൂപ അനുവദിച്ചു. 

തളിപ്പറമ്പ് – 25 കോടി 
നാടുകാണി സൂ ആൻഡ് സഫാരി പാർക്കിന് രണ്ട് കോടി ഉൾപ്പെടെ 25 കോടി രൂപയാണ് തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി അനുവദിച്ചത്. 

അഴീക്കോട് 24.9 കോടി 
അഴീക്കൽ തുറമുഖത്തിന് 4 കോടി രൂപയും കൈത്തറി ഗ്രാമത്തിന് 2 കോടി രൂപയും ഉൾപ്പെടെ അഴീക്കോട് മണ്ഡലത്തിന് 15.25 കോടി രൂപയുടെ പദ്ധതികളാണ് ലഭിച്ചത്. 

ഇരിക്കൂർ 15.25 കോടി 
ഉദയഗിരി – അരിവിളഞ്ഞപൊയിൽ – ജോസ്ഗിരി റോഡിന് 10 കോടി രൂപ ഉൾപ്പെടെ ഇരിക്കൂറിലും 15.25 കോടി രൂപയുടെ പദ്ധതികൾക്കാണ് തുക അനുവദിച്ചത്. 

കണ്ണൂർ – 15 കോടി
കണ്ണൂർ മണ്ഡലത്തിൽ വർക്കിങ് വിമൻസ് ഹോസ്റ്റലിന് 3 കോടി ഉൾപ്പെടെ 15 കോടി രൂപയുടെ പദ്ധതികൾ ലഭിക്കും. 

പയ്യന്നൂർ–11.25 കോടി പേരാവൂർ –5 കോടി
പയ്യന്നൂർ മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 11.25 കോടി രൂപയും പേരാവൂർ മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 5 കോടി രൂപയുമാണ് അനുവദിച്ചത്.

പ്രഖ്യാപിച്ചത് കോടികൾ; സ്വപ്നമായ് തുറമുഖം
കണ്ണൂർ ∙ അഴീക്കലിൽ പുതിയ തുറമുഖമെന്ന പ്രഖ്യാപനത്തിന് പ്രായമേറുന്തോറും കാതിൽ മുഴങ്ങുന്നത് കോടികളുടെ പ്രഖ്യാപനങ്ങൾ. 

അഴീക്കൽ അഴിമുഖത്തിനു സമീപം പുതിയ വൻകിട തുറമുഖം നിർമിക്കാൻ ലക്ഷ്യമിട്ട് 2011ൽ അന്നത്തെ ഇടതുസർക്കാർ 3029 കോടി രൂപയുടെ ആഗോള ടെൻഡർ വിളിച്ചിരുന്നു. അദാനി ഗ്രൂപ്പിനു കീഴിലെ മുന്ദ്ര പോർട്ട്സ് പദ്ധതി ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. 

ചീമേനിയിൽ താപനിലയം വരുമെന്നും കൽക്കരി പ്രധാന ചരക്കായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു നീക്കം. എന്നാൽ താപനിലയം ഉപേക്ഷിച്ചതോടെ ഇവർ പിന്നോട്ടുപോയി.

കിയാൽ മാതൃകയിൽ പുതിയ രാജ്യാന്തര തുറമുഖം നിർമിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവന്നത് 2017ൽ ആയിരുന്നു. പ്രാരംഭ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽ നിന്ന് 500 കോടി രൂപയും അനുവദിച്ചു. 

2019 ൽ തുറമുഖ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയും തുറമുഖ മന്ത്രിയും പറഞ്ഞത്. 2019ലെ ബജറ്റിൽ പദ്ധതിക്കായി 3698 കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപിച്ചു. 

5,057 കോടി രൂപയാണ് പദ്ധതിച്ചെലവെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ 2022 ഡിസംബർ 6ന് നിയമസഭയെ അറിയിച്ചു. 

കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഗ്രീൻഫീൽഡ് തുറമുഖത്തിന്റെ പ്രാഥമിക നടപടികൾക്കായി 9.74 കോടി രൂപ അനുവദിച്ചിരുന്നു.  ഇത്തവണ 9.65 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 

പദ്ധതി പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഗ്രീൻഫീൽഡ് തുറമുഖത്തിനായി ഒരു ഓഫിസ് പോലും അഴീക്കലിൽ തുറന്നിട്ടില്ല.

അഴീക്കൽ: ആഴം കൂട്ടുമെന്ന ‌പ്രഖ്യാപനം വീണ്ടും
വടക്കൻ ജില്ലകളിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനായി ആഴം കൂട്ടിയും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയും അഴീക്കലിലെ നിലവിലെ തുറമുഖം സമഗ്രമായി വികസിപ്പിക്കുമെന്ന പ്രഖ്യാപനം വീണ്ടും. 112.92 കോടി രൂപയാണ് സംസ്ഥാനത്തെ അഞ്ചു തുറമുഖങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയെ അവഗണിച്ചു: കെപിഎസ്ടിഎ
കണ്ണൂർ ∙ കുട്ടികൾ കൊഴിഞ്ഞുപോകുന്നത് ഉൾപ്പെടെ ആശങ്കപ്പെടുത്തുന്ന സാഹചര്യങ്ങളുള്ള സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിൽ ഇല്ലെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഉച്ചഭക്ഷണ പദ്ധതിയിൽ പാലും മുട്ടയും നൽകാമെന്ന് കെപിഎസ്ടിഎ നൽകിയ കേസിൽ സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു. 

ആ സത്യവാങ്മൂലം ആവർത്തിക്കുകയാണ് സഭയിൽ ഉണ്ടായതെന്നും ജില്ലാ പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.രമേശൻ, വി.മണികണ്ഠൻ, സംസ്ഥാന സെക്രട്ടറി പി.വി.ജ്യോതി ജില്ലാ സെക്രട്ടറി ഇ.കെ.ജയപ്രസാദ്, ട്രഷറർ സി.വി.എ.ജലീൽ തുടങ്ങിയവർ ചൂണ്ടിക്കാട്ടി.

ഭരണ പരാജയത്തിന്റെ സാക്ഷ്യപത്രം: പി.കെ.കൃഷ്ണദാസ് 
കണ്ണൂർ ∙ പൊതുധനം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ സംസ്ഥാന സർക്കാരിന്റെ കുറ്റസമ്മത മൊഴിയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് ബിജെപി അഖിലേന്ത്യാ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. അപ്രായോഗിക നികുതി നിർദേശങ്ങൾ മാത്രമാണ് ബജറ്റിലുള്ളത്. 3 വർഷം കൊണ്ട് 3 ലക്ഷം കോടിയുടെ നിക്ഷേപമെന്ന ഒന്നാന്തരം തമാശയാണെന്നും കൃഷ്ണദാസ് പറഞ്ഞു. 

റബർ കർഷകർ നിരാശയിൽ: ജോസ് പൂമല 
കണ്ണൂർ ∙ സംസ്ഥാന ബജറ്റ് കർഷകർക്ക് നിരാശ മാത്രം നൽകുന്നതാണെന്ന് കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ജോസ് പൂമല. റബ്ബറിന്റ ഉൽപാദന ചെലവ് കിലോയ്ക്ക്  192.50 രൂപ വരുമെന്ന്  റബർ ബോർഡ് വിലയിരുത്തിയിരിക്കുന്ന സാഹചര്യത്തിൽ 180 രൂപയായി തറവില നിശ്ചയിച്ചത് കർഷകരെ നിരാശരാക്കിയിരിക്കുകയാണ്. 

കിലോയ്ക്ക് 250 രൂപ നൽകുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകി കേരള ജനതയെ കബളിപ്പിച്ച സർക്കാർ സബ്‌സിഡിയും നൽകുന്നില്ലെന്നും ഉത്തേജക പാക്കേജിന്റെ സോഫ്റ്റ്‌വെയർ വാടക നൽകാത്തതിനാൽ ഈ വർഷത്തെ ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്നത് മാസങ്ങളോളം മുടങ്ങിയിരുന്നുവെന്നും കുറ്റപ്പെടുത്തി.

സ്വകാര്യ മേഖലയ്ക്ക് പ്രതീക്ഷ  പകരുന്ന ബജറ്റ്: ചേംബർ
കണ്ണൂർ ∙ സംസ്ഥാന ബജറ്റ് സ്വകാര്യ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണെന്നു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്. വിദ്യാഭ്യാസ, വ്യാവസായിക, ടൂറിസം മേഖലകളെ സ്വകാര്യ മേഖലയുമായി ചേർത്തു നിർത്തി വികസിപ്പിക്കുമെന്ന പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, ഓണററി സെക്രട്ടറി സി.അനിൽ കുമാർ എന്നിവർ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ വികസനം സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ സാധ്യമാകൂ എന്നു സർക്കാർ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് സ്വകാര്യ സർവകലാശാലകൾ കേരളത്തിൽ ആരംഭിക്കാനുള്ള സന്നദ്ധതയെന്നും പുതുതായി 25 സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനവുമെന്നും ചേംബർ ചൂണ്ടിക്കാട്ടി.

ചെറുകിട വ്യാപാര മേഖലയെ അവഗണിച്ചു: മർച്ചന്റ്സ് ചേംബർ
കണ്ണൂർ ∙ സംസ്ഥാന ബജറ്റ് ചെറുകിട വ്യാപാര മേഖലയെ പൂർണമായും അവഗണിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തിന് നികുതിയിനത്തിൽ വലിയ സംഭാവന നൽകുന്ന വ്യാപാര മേഖലയ്ക്ക് ഉത്തേജനം നൽകുന്ന യാതൊരു പദ്ധതികളും പ്രഖ്യാപിക്കാതെ കേരളത്തിലെ ചെറുകിട വ്യാപാരികളെ ബജറ്റ് നിരാശപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാര മേഖലയ്ക്ക് നേട്ടമാകും
ദേശീയ, രാജ്യാന്തര ഇവന്റുകൾക്ക് വേദിയാകാൻ പറ്റുന്ന തരത്തിൽ വികസിപ്പിക്കുന്ന കേന്ദ്രങ്ങളുടെ കൂട്ടത്തിൽ കണ്ണൂരിനെ ഉൾപ്പെടുത്തിയത് വിനോദസഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപമെത്താൻ സഹായിക്കും. ഹോട്ടലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വരുന്നത് ടൂറിസം മേഖലയ്ക്ക് നേട്ടമാണ്.

മലയോര മേഖലയിലേക്കുള്ള റോഡുകൾ മെക്കാഡം ടാറിങ് ചെയ്യാൻ തുക അനുവദിച്ചതിന്റെ ഗുണം ഈ മേഖലയിലെ വിനോദസഞ്ചാര രംഗത്തും പ്രതിഫലിക്കും. 300 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന നാടുകാണി സൂ ആൻഡ് സഫാരി പാർക്കിന് രണ്ട് കോടി രൂപ അനുവദിച്ചത് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾക്ക് തുടക്കമിടാൻ സഹായിക്കും.

കൂടാളി പഞ്ചായത്തിലെ കാഞ്ഞിരോട് കൈത്തറി ഗ്രാമം പദ്ധതിക്കായി 2.33 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രാരംഭ പ്രവൃത്തികൾക്കായി നേരത്തെ 50 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തികൾ പൂർത്തീകരിച്ചിരുന്നു.

കൂത്തുപറമ്പ് മണ്ഡലത്തിലെ പൊയിലൂരിൽ പി.ആർ.കുറുപ്പ് സ്മാരക പ്രകൃതി പഠന കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച് നരിക്കോട്മല, വാഴമല, വിമാനപ്പാറ, പഴശ്ശി കാനനപാത എന്നിവയെ ബന്ധിപ്പിക്കുന്ന വിനോദ സഞ്ചാര ശൃംഖല ടൂറിസം പദ്ധതിക്ക്  20 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

മ്യൂസിയങ്ങൾ നവീകരിക്കാനും എല്ലാ ജില്ലകളിലും പൈതൃക/പുരാവസ്തു മ്യൂസിയങ്ങൾ സ്ഥാപിക്കാനും തുക വകയിരുത്തിയതും ജില്ലയ്ക്ക് നേട്ടമാണ്. പെരളശ്ശേരിയിലെ എകെജി മ്യൂസിയത്തിനായി ഇത്തവണയും 3.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പേരാവൂരിന് അവഗണന, മട്ടന്നൂരിന് മികച്ച പരിഗണന: പേരാവൂർ ചോദിച്ചത് 38;  കിട്ടിയത് 2 പദ്ധതികൾ 
ഇരിട്ടി∙ ‌ബജറ്റിൽ പേരാവൂർ നിയോജക മണ്ഡലത്തിന് അവഗണന. ഇരിട്ടി – പേരാവൂർ‌ – നെടുംപോയിൽ, മാടത്തിൽ – കീഴ്പ്പള്ളി – ആറളം ഫാം – പാലപ്പുഴ – കാക്കയങ്ങാട്, ഇരിട്ടി - ഉളിക്കൽ - മാട്ടറ - കാലാങ്കി എന്നീ റോഡുകളു‍ടെ പുനർനിർമാണം ഉൾപ്പെടെ 38 വികസന പദ്ധതികൾക്കു ശുപാർശ നൽകിയെങ്കിലും ലഭിച്ചത് ചെറിയ 2 പ്രവൃത്തികൾ മാത്രം. 

വാണിയപ്പാറ – രണ്ടാംകടവ് – തുടിമരം റോ‍ഡിന് 2 കോടി രൂപയും തെറ്റുവഴി – മണത്തണ റോഡിന് 3 കോടി രൂപയും ലഭിച്ചു. 20 ശതമാനം വീതം 40 ലക്ഷം രൂപ, 60 ലക്ഷം രൂപ എന്നിങ്ങനെയാണു വകയിരുത്തിയിട്ടുള്ളത്.

താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിലേക്കുള്ള 3 പ്രധാന റോഡുകളാണ് ഇരിട്ടി - പേരാവൂർ - നെടുപൊയിൽ, മാടത്തിൽ - കീഴ്പ്പള്ളി - ആറളം ഫാം - കാക്കയങ്ങാട്, ഇരിട്ടി - ഉളിക്കൽ - മാട്ടറ - കാലാങ്കി എന്നിവ. ഈ റോഡുകളു‍ടെ വികസനം ദീർഘകാലമായി അവഗണിക്കപ്പെടുന്നതിന്റെ ദുരിതം പ്രദേശവാസികൾ അനുഭവിക്കുന്നുണ്ട്.   

കേന്ദ്ര റോഡ് ഫണ്ട്, കിഫ്ബി, കെഎസ്ടിപി എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തിയോ സംസ്ഥാന ബജറ്റ് വിഹിതം ഉപയോഗിച്ചോ നവീകരിക്കണമെന്ന ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ചിട്ടില്ല. ഇതിൽ ആദ്യ റോഡിനു 100 രൂപ ടോക്കൺ തുക മാത്രം ബജറ്റിൽ കാണിച്ചിട്ടുണ്ട്.

തൂൺ പുഴയിലേക്ക് താഴ്ന്നു 2 വർഷം മുൻപ് തകർന്ന സെന്റ് ജൂഡ് നഗർ വാഴയിൽ കൊണ്ടൂർ പാലം നിർമിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തിയാണെങ്കിലും ബജറ്റിൽ പരിഗണന ലഭിച്ചിട്ടില്ല.  ഇരിട്ടി, പേരാവൂർ അഗ്നി രക്ഷാ നിലയങ്ങൾക്കും ഇരിട്ടി പൊലീസ് സ്റ്റേഷനും കെട്ടിടം പണിയാൻ പണം പ്രതീക്ഷിച്ചതും കിട്ടിയില്ല. 

ഇരിട്ടി പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണം, കൊട്ടിയൂർ വന്യജീവി സങ്കേതം അതിർത്തിയിലും അയ്യൻകുന്ന് പഞ്ചായത്ത് വനാതിർത്തിയിലും കരിങ്കൽ – കോൺക്രീറ്റ് ഭിത്തി നിർമാണം, അങ്ങാടിക്കടവ് കൊണ്ടൂർ പാലം നിർമാണം, കൊട്ടിയൂർ, കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ ബാവലിപ്പുഴയുടെ ഇടതു കരകളുടെ സംരക്ഷണ ഭിത്തി നിർമാണം, പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയം നവീകരണം എന്നിവയും അവഗണിക്കപ്പെട്ട പദ്ധതികളാണ്. തൊഴിലാളികൾക്ക് 5 മാസത്തെ വേതന കുടിശിക ഉള്ള ആറളം ഫാമിന്റെ പുനരുദ്ധാരണത്തിനായി പ്രത്യേക പദ്ധതി പ്രതീക്ഷിച്ചതും വെറുതെയായി.

മട്ടന്നൂരിന് 38 കോടി
മട്ടന്നൂർ∙ സംസ്ഥാന ബജറ്റിൽ മട്ടന്നൂർ മണ്ഡലത്തിന് 38 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുക വകയിരുത്തി. ജില്ലയിലാകെയുള്ള ജനങ്ങൾക്ക് പ്രയോജനകരമാവുന്ന പഴശ്ശി ജലസേചന പദ്ധതിക്കും പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതിക്കും ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചതെന്ന് കെ.കെ.ശൈലജ എംഎൽഎ പറഞ്ഞു. 

കെഎസ്ഇബി നേരിട്ടു നടത്തുന്ന മിനി ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതിക്ക് 10 കോടി രൂപ അനുവദിച്ചു. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കുയിലൂരിലെ 33 കെവി സബ്‌ സ്റ്റേഷനിൽ എത്തിച്ചാണ് വിതരണം ചെയ്യുക 25.16 മില്യൺ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് പദ്ധതി.

2024 ൽ കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയുടെ വൈദ്യുത പ്രതിസന്ധിക്ക് വലിയ തോതിൽ ആശ്വാസമാകും. സമ്പന്നമായ സാഹിത്യ-സാംസ്‌കാരിക പാരമ്പര്യമുള്ള മണ്ഡലത്തിൽ സാമൂഹിക -സാംസ്‌കാരിക-സാഹിത്യ പ്രവർത്തനങ്ങൾക്കുതകുന്നൊരു കേന്ദ്രം മണ്ഡലത്തിലെ ജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. 

മട്ടന്നൂർ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ നിർമാണത്തിനായി 4 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. കെട്ടിടം പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഇതിനെ മാറ്റാൻ സാധിക്കും. 

പശ്ചാത്തല ഗതാഗത മേഖലയിൽ ഇനിയുമേറെ മുന്നേറാനുള്ള മണ്ഡലത്തിൽ ആയിത്തര-ഗോശാല റോഡ്, കൊളപ്പ-നായിക്കാലി ലിങ്ക് റോഡ്, എടയാർ-ആലച്ചേരി റോഡ് ഉൾപ്പെടെ നിരവധി നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. 

ആയിത്തര-ഗോശാല റോഡ് മെക്കാഡം പ്രവൃത്തിക്കായി 4 കോടി രൂപ ബജറ്റിൽ വകയിരുത്തി. മറ്റ് പിഡബ്ല്യുഡി റോഡുകളുടെ നവീകരണത്തിന് തുക അനുവദിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എംഎൽഎ പറഞ്ഞു. 

പരമ്പരാഗത വ്യവസായ മേഖലയിൽ മട്ടന്നൂരിനെ അടയാളപ്പെടുത്താൻ പോകുന്ന പദ്ധതിയാണ് കൂടാളി പഞ്ചായത്തിലെ കാഞ്ഞിരോട് കൈത്തറി ഗ്രാമം പദ്ധതി. പദ്ധതിക്കായി 2.33 കോടി രൂപ ബജറ്റിൽ അനുവദിച്ചു. പ്രാരംഭ പ്രവർത്തികൾക്കായി നേരത്തെ 50 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തികൾ പൂർത്തീകരിച്ചിരുന്നു. 

മണ്ഡലത്തിന്റെ മലയോര മേഖലയായ കോളയാട് ടൗൺ നവീകരണത്തിന് 2 കോടി രൂപ അനുവദിച്ചു. പിന്നോക്ക വിഭാഗങ്ങൾ കൂടുതലുള്ള ഈ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സാമ്പത്തികമായ ഉന്നമനത്തിനും പദ്ധതി സഹായകമാവും. 

കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി 1 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.  പഴശ്ശി ജലസേചന പദ്ധതിയുടെ ന്യൂനതകൾ പരിഹരിക്കുന്നതിനായി 15 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. 

തില്ലങ്കേരിയിൽ രാജ്യാന്തര യോഗാ സെന്റർ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനു കഴിഞ്ഞ ബജറ്റിൽ 2 കോടി അനുവദിച്ച് പ്രവൃത്തികൾ പൂർത്തീകരിച്ചിരുന്നു. മട്ടന്നൂർ സ്‌പോർട്‌സ് കോപ്ലക്‌സിന്റെ ഭൂമിയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ നടന്നുവരികയാണ് ഇതു പൂർത്തിയാവുന്ന മുറയ്ക്ക് പദ്ധതിയുടെയും വിശദമായ എസ്റ്റിമേറ്റ് തയാറാക്കി നൽകാനുള്ള നിർദേശവും ബജറ്റിൽ ഉണ്ട്.

വാരിക്കോരി ടോക്കൺ 
∙ ചാവശ്ശേരി കൊട്ടാരം റോഡ് (ബിഎംബിസി)
∙ കരിക്കോട്ടക്കരി - ഈന്തുംകരി - ഉരുപ്പുംകുറ്റി - അങ്ങാടിക്കടവ് റോഡ് (ബിഎംബിസി).
∙ തൊണ്ടിയിൽ - കോളക്കാട് - മലയംപടി റോഡ് (ബിഎംബിസി)
∙ മടപുരച്ചാൽ - ഓടാൻതോട് - ആണുങ്ങോട് റോഡ് (ബിഎംബിസി
∙ കരിക്കോട്ടക്കരി- എടപ്പുഴ വാളത്തോട് റോഡ് (ബിഎംബിസി).
∙ കാണിച്ചാർ - കാളികെയം -വളയൻചാൽ- അടയ്ക്കാത്തോട് - ശാന്തിഗിരി വെണ്ടേക്കുംചാൽ റോഡ് (ബിഎംബിസി).
∙ ഇരിട്ടി - ഉളിക്കൽ മാട്ടറ - കലാങ്കി റോഡ് (ബിഎംബിസി)
∙ പഴശ്ശി - എടക്കാനം - ഇരിട്ടി റോഡ് (ബിഎംബിസി)
∙ പേരാവൂർ ഗ്രാമ പഞ്ചായത്തിലെ പുഴക്കൽ പാലം നിർമാണം.
∙ അങ്ങാടിക്കടവ് പാലം
∙ ഇരിട്ടി - പേരാവൂർ - നേടും പോയിൽ റോഡ് (ബിഎംബിസി)

സണ്ണി ജോസഫ് എംഎൽഎ

ബജറ്റ് നിരാശ നൽകുന്നതാണ്. വളരെ പ്രധാനപ്പെട്ട റോഡ്, പാലം വികസന പദ്ധതികൾ ഉൾപ്പെടെ തഴയപ്പെട്ടു. വന്യമൃഗ ശല്യം തടയാൻ പ്രതീക്ഷിച്ച പ്രവൃത്തികളും ഇരിട്ടി, പേരാവൂർ അഗ്നിരക്ഷാ നിലയങ്ങൾക്കു കെട്ടിടം പണിയാൻ നൽകിയ ശുപാർശകളും അനുവദിച്ചില്ല. മന്ത്രി തന്നെ 20 പദ്ധതികൾ നിർദേശിക്കാൻ പറഞ്ഞിടത്താണ് മുൻഗണനാക്രമത്തിൽ 38 പദ്ധതികൾ ആവശ്യപ്പെട്ടത്. ഇതിൽ 2 റോഡ് പ്രവൃത്തികൾ മാത്രമാണു പരിഗണിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com