ADVERTISEMENT

ശ്രീകണ്ഠപുരം ∙ മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ജനുവരിയിൽ ഇക്കുറി മഴ തിമിർത്തു പെയ്തതു കാരണം രണ്ടാം വിള നെല്ല് കൊയ്ത കർഷകർക്കു കിട്ടിയത് പതിര് മാത്രം. വയലിൽ നെല്ല് വിളഞ്ഞ് കൊയ്ത്തിന് ഒരുങ്ങി നിൽക്കുമ്പോഴായിരുന്നു ജനുവരിയിൽ കനത്ത മഴ പെയ്തത്. 

കാലം തെറ്റി പെയ്ത മഴ കാരണം മിക്ക വയലുകളിലും നെൽകൃഷി വെള്ളത്തിലായിരുന്നു. വെള്ളത്തിൽ ദിവസങ്ങളോളം കുതിർന്നു കിടന്ന കതിരുകളിലെ നെല്ല് എല്ലാം പതിരായി മാറിയിരുന്നു. അടുത്ത ദിവസങ്ങളിലായി കൊയ്ത്തു കഴിഞ്ഞ് കറ്റകൾ മെതിച്ചപ്പോഴാണ് നെന്മണികൾ ഇല്ലാതെ വെറും പതിര് ലഭിച്ചത്.

 പെട്ടെന്ന് മഴ വരികയും ഒരാഴ്ചയോളം പെയ്ത് തോരുകയും ചെയ്തതോടെ വയലുകളിൽ നിറയെ മൂപ്പെത്തിയ നെന്മണികൾ ചിതറിക്കിടന്നു. പെരുന്തിലേരി ബോട്ടുകടവ് വയൽക്കരയിലെ കവുങ്ങിൻ തോട്ടങ്ങളിൽ നിറയെ പ്രാവുകളാണ്. കുറേദിവസം നെന്മണികൾ പ്രാവുകൾക്കു കൂടി ഭക്ഷണമായതോടെ ഫലത്തിൽ ഒന്നും കിട്ടാനില്ലാതെയായി.

ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളിലും, ശ്രീകണ്ഠപുരം നഗരസഭയിലും പാടശേഖരങ്ങളിൽ ഇക്കുറി രണ്ടാംവിള കൊയ്ത കർഷകരെല്ലാം ഫലത്തിൽ നിരാശരായിരുന്നു.  നേരത്തേ അനുകൂല കാലാവസ്ഥയിൽ ഇവിടെ മഴയുടെ തുടക്കത്തിൽ ഒന്നാം വിളയും കൃഷി ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ മഴക്കാലത്ത് വെള്ളപ്പൊക്കം ഭയന്ന് ഇവിടെയെല്ലാം കർഷകർ ഒന്നാം വിള ഒഴിവാക്കിയാണ് രണ്ടാം വിള ചെയ്യുന്നത്.

അതാണെങ്കിൽ ഇക്കുറി ഈ അവസ്ഥയിലുമായി. പറശിനി ഉത്സവം കഴിഞ്ഞാൽ മഴ പെയ്യില്ല എന്നായിരുന്നു പണ്ടേയുള്ള നാട്ടു നടപ്പ്. ഇക്കുറി തുലാമഴയ്ക്കു ശേഷമായിരുന്നു ന്യൂനമർദം വന്നത്. ഇത് നെൽ കർഷകന്റെ എല്ലാ പ്രതീക്ഷകളും തകർത്തു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇക്കുറി കർഷകർക്ക് ഉണ്ടായിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com