ADVERTISEMENT

കണ്ണൂർ∙ മുഖ്യമന്ത്രിയുടെ അസൗകര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ 6 ഉദ്ഘാടന പരിപാടികൾ മാറ്റിവച്ചതിനാൽ ഒരുക്കങ്ങൾ പാഴായി. 4 അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെയും 2 ഐസലേഷൻ വാർഡുകളുടെയും ഉദ്ഘാടനമാണ് പരിപാടി നടക്കേണ്ടതിന്റെ ഏതാനും മണിക്കൂറുകൾ മുൻപ് മാറ്റിവച്ചത്. ഇന്നലെ മുഖ്യമന്ത്രി ഓൺലൈനായി നടത്തേണ്ട ഉദ്ഘാടനം മാറ്റിയ വിവരം രാവിലെയാണ് അറിയിച്ചത്. 

ഉദ്ഘാടനം മാറ്റിവച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ 2 എണ്ണം പയ്യന്നൂർ നഗരസഭയിലെ വെള്ളൂർ കിഴക്കമ്പാട്, കോറോം തോട്ടം കടവ് എന്നിവിടങ്ങളിലാണ്. കൂത്തുപറമ്പ് നഗരസഭയിലെ നിർമലഗിരി സൂര്യൻ കുന്ന്, കണ്ണൂർ കോർപറേഷനിലെ തളാപ്പ് ടെംപിൾ വാർഡ് എന്നിവിടങ്ങളിലാണ് മറ്റു രണ്ടെണ്ണം. പഴയങ്ങാടി താലൂക്ക് ആശുപത്രി, തളിപ്പറമ്പ് ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഐസലേഷൻ വാർഡുകളുടെ ഉദ്ഘാടനവും മാറ്റിവച്ചു. ഉദ്ഘാടനങ്ങൾ മറ്റൊരു ദിവസം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പയ്യന്നൂർ നഗരസഭയിൽ ആരോഗ്യ ഗ്രാന്റ് ഉപയോഗിച്ച് നാഷനൽ ഹെൽത്ത് മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെയാണ് വാടക കെട്ടിടത്തിൽ 2 ജനകീയാരോഗ്യ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. രണ്ട് സെന്ററുകളിലും ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭിക്കും. രണ്ടിടത്തും ഉദ്ഘാടന ചടങ്ങിനായി  വിപുലമായ ഒരുക്കം നടത്തിയിരുന്നു. കൂത്തുപറമ്പിലെ നിർമലഗിരി സൂര്യൻ കുന്നിലെ അർബൻ വെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രത്തിൽ ഇന്നു മുതൽ ഡോക്ടറുടെ സേവനം ഉറപ്പാക്കിയിരുന്നു.

കണ്ണൂർ കോർപറേഷനിലെ തളാപ്പ് ടെംപിൾ വാർഡിലെ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രം, പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ ഐസലേഷൻ വാർഡ് എന്നിവയുടെ ഉദ്ഘാടനത്തിന് ഒരുക്കം തുടങ്ങിയിരുന്നു.വൈകിട്ട് 3 നാണ് ഉദ്ഘാടന ചടങ്ങ് എന്നതിനാൽ തളിപ്പറമ്പ് ഒടുവളളി ആരോഗ്യ കേന്ദ്രം ഐസലേഷൻ വാർഡ് ഉദ്ഘാടനത്തിന് സ്റ്റേജ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങുമ്പോഴാണ് ഉദ്ഘാടന പരിപാടി മാറ്റിവച്ചതറിഞ്ഞതെന്ന് ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com