ചില കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നിഷേധിച്ച സംഭവം: ഉപവാസ സമരം നടത്തി കോൺഗ്രസ്
Mail This Article
ചെറുപുഴ∙ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരികെ സ്കൂളിലേക്ക് പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നിഷേധിച്ച ചെറുപുഴ പഞ്ചായത്ത് കുടുംബശ്രീ തീരുമാനത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗം കെ.ഡി.പ്രവീണിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ഇന്നലെ രാവിലെ നടന്ന ഉപവാസ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോയ്സി ഷാജി അധ്യക്ഷയായി.
കോൺഗ്രസ് നേതാക്കളായ ആലയിൽ ബാലകൃഷണൻ, സലീം തേക്കാട്ടിൽ, ടി.പി.ചന്ദ്രൻ, ടി.പി.ശ്രീനിഷ്, പഞ്ചായത്ത് അംഗങ്ങളായ ഷാന്റി ജോർജ്, മിനി മാത്യു, ലൈസമ്മ പനയ്ക്കൽ, രേഷ്മ വി.രാജു എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച വായ്പ തിരികെ സ്കൂളിലേക്ക് പരിപാടിയിൽ പങ്കെടുക്കാത്തവർക്ക് നൽകില്ലെന്ന കുടുംബശ്രീ അധികൃതരുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രവീണും മറ്റു പഞ്ചായത്ത് അംഗങ്ങളും ചേർന്ന് ഉപവാസ സമരം നടത്തിയത്.
ഉപവാസ സമരം ആരംഭിക്കുന്നതിനു മുൻപ് പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ പഞ്ചായത്ത് അംഗങ്ങളായ കെ.ഡി.പ്രവീൺ, ജോയ്സി ഷാജി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച പരാജയമാണെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത്അംഗങ്ങൾ ഉപവാസസമരം ആരംഭിച്ചു.
ഉപവാസ സമരത്തിൽ കോൺഗ്രസിലെ എല്ലാ പഞ്ചായത്ത്അംഗങ്ങളും പങ്കെടുത്തു. തിരികെ സ്കൂളിലേക്ക് പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകേണ്ടതില്ലെന്ന സിഡിഎസ് അധികാരികളുടെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രശ്നപരിഹാരത്തിനു കുടുംബശ്രീ അധികൃതർ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നു നേതാക്കൾ മുന്നറിയിപ്പ് നൽകി.
പഠിക്കാനും ഒത്തുകൂടാനും ഒരുമയുടെ പഠനമുറി എന്ന പേരിൽ ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെയുള്ള ദിവസങ്ങളിലാണു തിരികെ സ്കൂളിലേക്ക് പരിപാടി കുടുംബശ്രീ സംഘടിപ്പിച്ചത്. ഇതിൽ ഒന്നിൽ പോലും പങ്കെടുത്തവർക്ക് പിന്നാക്ക വികസന കോർപറേഷൻ വഴി നൽകുന്ന വായ്പ നൽകേണ്ടെന്നാണു ചെറുപുഴ പഞ്ചായത്ത് കുടുംബശ്രീയുടെ തീരുമാനം.
പരിപാടി നടന്ന സമയങ്ങളിൽ മരണം, ആശുപത്രി, മക്കളുടെ പ്രസവം തുടങ്ങിയവ നടന്നിട്ടുണ്ടെങ്കിൽ അത്തരക്കാർക്ക് ഇളവ് നൽകാൻ സിഡിഎസ് ഭരണസമിതി യോഗം ശുപാർശ ചെയ്തിരുന്നു. എന്നാൽ പ്രശ്നം ചർച്ച ചെയ്തു തീരുമാനിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും സമരം നടത്തിയത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ പറഞ്ഞു.