ADVERTISEMENT

ഇരിട്ടി∙ ആറളം വന്യജീവി സങ്കേതത്തിൽ നിന്നുള്ള വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിനുള്ള ആനമതിലിന്റെ നിർമാണം ജൂൺ 15 നകം പരമാവധി പൂർത്തീകരിക്കാൻ നിർദേശം നൽകിയതായി മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. നിർമാണ പ്രവൃത്തി നേരിട്ടു കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. വളയംചാൽ വനം ഐബിയിൽ അവലോകന യോഗവും ചേർന്നു.

ഒരു വർഷത്തിനകം പണി പൂർത്തീകരിക്കാനാണു നേരത്തേ നിർദേശിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തിൽ അതു മാറ്റി ജൂൺ 15 നകം പരമാവധി പണി പൂർത്തിയാക്കാൻ മന്ത്രി കരാറുകാരോട് നിർദേശിച്ചു. വനാതിർത്തി പ്രദേശമായതിനാൽ മഴ തുടങ്ങിയാൽ നിർമാണം നടത്താൻ പ്രതിസന്ധി ഉണ്ടാകും.

3 മാസം മുൻപാണ് പ്രവൃത്തി തുടങ്ങിയത്. നിലവിൽ 2 കിലോമീറ്ററിലധികം നിർമാണം പൂർത്തിയാക്കി. നിലവിൽ ഒരു ടീം ആണ് പ്രവൃത്തി നടത്തുന്നത്. വേഗം കൂട്ടുന്നതിന് 2  ടീമിനെ കൂടി നിയമിക്കും. പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി സബ് കലക്ടറുടെ അധ്യക്ഷതയിൽ എല്ലാ തിങ്കളാഴ്ചയും അവലോകന യോഗം നടത്തും. 

സണ്ണി ജോസഫ് എംഎൽഎ, പട്ടികവർഗ വകുപ്പ് ജോയിന്റ് ഡയറക്ടർ കൃഷ്ണപ്രകാശ്, സബ് കലക്ടർ സന്ദീപ്കുമാർ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, ആറളം വൈൽഡ്‌ ലൈഫ്‌ വാർഡൻ ജി.പ്രദീപ്‌ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

10.5 കിലോമീറ്റർ മതിൽ
സെപ്റ്റംബർ 30നാണു ആനമതിൽ നിർമാണം തുടങ്ങിയത്. വളയംചാൽ വനം ഓഫിസ് പരിസരത്ത് നിന്ന് തുടങ്ങി പരിപ്പ് തോട് 55 വരെ 10.5 കിലോമീറ്റർ നീളത്തിലാണു മതിൽ നിർമിക്കുന്നത്. ഇതിൽ പരിപ്പ്തോട് മുതൽ പൊട്ടിച്ചിറപ്പാറ വരെ ആദ്യ റീച്ചിലെ 2.5 കിലോമീറ്റർ കോൺക്രീറ്റ് പ്രവൃത്തികളാണു പൂർത്തിയാകുന്നത്. 

10.5 കിലോമീറ്ററിൽ 9.75 കിലോമീറ്റർ ദൂരം കോൺക്രീറ്റ് തൂണുകളും കരിങ്കൽ ഭിത്തിയും കോൺക്രീറ്റ് ബെൽറ്റും ചേരുന്ന സംയുക്ത നിർമിതിയാണ് നടത്തുന്നത്. ബാക്കി വരുന്ന 550 മീറ്റർ ചെങ്കുത്തായ പ്രദേശത്ത് റെയിൽ ഇരുമ്പ് വേലിയും 200 മീറ്റർ ചതുപ്പ് പ്രദേശത്ത് കോക്കനട്ട് പൈലിങ് നടത്തി മതിൽ നിർമാണവും നടത്തും. കൂപ്പ് റോഡും ആനകളെ കാട്ടിലേക്ക് തുരത്താൻ കോട്ടപ്പാറ ഭാഗത്ത് ഗേറ്റും നിർമിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com