മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ യാഥാർഥ്യമാക്കിയ ജനകീയ കൂട്ടായ്മയ്ക്ക് പൊലീസ് വക ‘സല്യൂട്ട്’

Mail This Article
കാക്കയങ്ങാട്∙ ജനകീയ കൂട്ടായ്മയുടെ കരുത്തിൽ യാഥാർഥ്യമായ മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടന വേളയിൽ ഇതിനായി പ്രവർത്തിച്ചവരെ മറക്കാതെ പൊലീസ്. സ്റ്റേഷൻ അനുവദിക്കാനുള്ള ശ്രമം മുതൽ കെട്ടിടം ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളിൽ കാക്കിയിട്ടവർക്കൊപ്പം പങ്കാളികളായ ജനകീയ കമ്മിറ്റി പ്രവർത്തകർക്ക് ഉദ്ഘാടന വേദിയിൽ തന്നെ പൊലീസ് ആദരം ഒരുക്കി.
സംസ്ഥാനത്ത് ആദ്യമായി ജനങ്ങൾ ഫണ്ട് സമാഹരിച്ചു 16 ലക്ഷം രൂപ ചെലവിട്ടു പൊലീസ് സ്റ്റേഷനു 45 സെന്റ് സ്ഥലം സൗജന്യമായി കൈമാറിയതും മുഴക്കുന്നിലാണ്. ഇതിനു നേതൃത്വം നൽകിയവരും കെട്ടിട നിർമാണത്തിനു മേൽനോട്ട നൽകിയവരും ആയ ടി.എഫ്.സെബാസ്റ്റ്യൻ, മുൻ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, വി.രാജു, എം.കെ.വിനയകുമാർ, ആർ.പി.പത്മനാഭൻ, ഒ.ഹംസ, എൻ.വി.മുകുന്ദൻ, പി.വിജയൻ, വി.ഷാജി, ശശിധരൻ, മണികണ്ഠൻ, ഷെമീർ സുലൈമാൻ, കെ.ടി.ടോമി, ശ്രീനിവാസൻ മുഴക്കുന്ന്, വി.മുരളീധരൻ, പൊലീസ് ജില്ലാ ലെയ്സൺ ഓഫിസർ ബിജു ജോസഫ്, മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പിആർഒ എഎസ്ഐ വിനയകുമാർ എന്നിവരെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഷാളണിയിച്ചു.
നേരത്തെ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കാക്കയങ്ങാട് - പാല റോഡിലെ വാടക കെട്ടിട സൗകര്യവും ജനകീയ കൂട്ടായ്മയിൽ ഒറ്റ ദിവസം കൊണ്ട് കണ്ടെത്തിയാണ് 2016 ജൂലൈ 2 ന് മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. പരിമിതമായ സൗകര്യമുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനുള്ള അസൗകര്യങ്ങൾ മനസ്സിലാക്കിയാണ് ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്മിറ്റി കാക്കയങ്ങാട് ടൗണിനു സമീപം പുന്നാട് റോഡിൽ പിടാങ്ങോട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 45 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി ഡിജിപിയുടെ പേരിൽ റജിസ്റ്റർ ചെയ്തു നൽകിയത്.