ബജറ്റിൽ രണ്ടരക്കോടി അനുവദിച്ചു; പ്രതീക്ഷയോടെ കുഞ്ഞിരാമൻ അടിയോടി സ്മാരക ജിവിഎച്ച്എസ്എസ്
Mail This Article
പയ്യന്നൂർ∙ 50 വർഷത്തിന് ശേഷം ബജറ്റിൽ സ്ഥാനം പിടിച്ച ടൗണിലെ നൂറ്റാണ്ട് പിന്നിട്ട വിദ്യാലയത്തിന്റെ മുഖഛായ മാറുമെന്ന ആഹ്ലാദത്തിലാണ് പയ്യന്നൂർ. സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിന് ബജറ്റിൽ രണ്ടര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 1917ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 12ലധികം കെട്ടിടങ്ങളുണ്ട്.
അവയിൽ ഭൂരിഭാഗവും നൂറ്റാണ്ട് പിന്നിട്ട കെട്ടിടങ്ങളാണ്. ഒരു കെട്ടിടം എഇഒ ഓഫിസിനും ഒരു കെട്ടിടം ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിനും വിട്ടുകൊടുത്തിട്ടുണ്ട്. പഴഞ്ചൻ കെട്ടിടങ്ങൾ പലതും അപകടാവസ്ഥയിലാണ്. ഒരു കെട്ടിടം പി.കരുണാകരൻ എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ചിട്ടുണ്ട്. മറ്റൊരു കെട്ടിടം നഗരസഭയും നിർമിച്ചിട്ടുണ്ട്. 50 വർഷത്തിന് ശേഷം സർക്കാർ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിയാത്ത കേരളത്തിലെ അപൂർവ സർക്കാർ വിദ്യാലയമാണിത്. നേരത്തെ കിഫ്ബി ഫണ്ടിൽ നിന്ന് ഇരുനില കെട്ടിടം പണിയാൻ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
നിലവിൽ ബിആർസി കെട്ടിടത്തിന് പിറകിലുള്ള കെട്ടിടം പൊളിച്ച് മാറ്റി അവിടെ ഇരുനിലം കെട്ടിടം പണിയാനുള്ള ടെൻഡർ നടപടി തുടങ്ങിയിട്ടുണ്ട്. അതിന് തൊട്ടുപിന്നാലെയാണ് കെട്ടിടം പണിയാൻ ബജറ്റിൽ രണ്ടര കോടി രൂപ അനുവദിച്ചത്. ഈ കെട്ടിടം നിർമിക്കാൻ അപകടാവസ്ഥയിലായ പഴഞ്ചൻ കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടി വരും. അത് ടൗണിന്റെ ഹൃദയ ഭാഗത്തുള്ള വിദ്യാലയത്തിന്റെ മുഖഛായ മാറ്റും.