ADVERTISEMENT

കണ്ണൂർ∙ പ്രവാസി നിക്ഷേപം ലക്ഷ്യമിട്ടും വിദ്യാഭ്യാസ മേഖലയ്ക്കും ആരോഗ്യമേഖലയ്ക്കും മുൻതൂക്കം നൽകിയും 2024–25 വർഷം ജില്ലാ പഞ്ചായത്ത് ബജറ്റ്. പ്രവാസി ടൗൺഷിപ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപ വകയിരുത്തിയ ബജറ്റ് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അവതരിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയ്ക്കായി 38 കോടി രൂപയും ആരോഗ്യമേഖലയ്ക്ക് 7.34 കോടി രൂപയും വകയിരുത്തി. കല്യാശ്ശേരിയിൽ ജനകീയാസൂത്രണ മ്യൂസിയവും നായനാരുടെ പ്രതിമയും സ്ഥാപിക്കാൻ 50 ലക്ഷം രൂപയും വകയിരുത്തി. 

വരും, അഗ്രോ ടൂറിസം
ജില്ലയിലെ മാതൃകാ കൃഷിത്തോട്ടങ്ങളും വ്യത്യസ്തമായ കൃഷി രീതികളും കാണാനും പഠിക്കാനും സാധിക്കുന്ന വിധം അഗ്രോ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ 10 ലക്ഷം രൂപ വകയിരുത്തി. 

ഒരുങ്ങും കണ്ണൂർ വിജ്ഞാനകോശം
കണ്ണൂരിന്റെ സമസ്ത മേഖലകളെയും കുറിച്ച് അടയാളപ്പെടുത്താൻ കണ്ണൂർ വിജ്ഞാനകോശം പുസ്തകം തയാറാക്കും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. 

പ്രവാസികളെ വരവേൽക്കാൻ
ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച എൻആർഐ സമ്മിറ്റിന്റെ ചുവട് പിടിച്ചാണ് പ്രവാസി ടൗൺഷിപ്. പ്രവാസി സംരംഭകരുമായി ചേർന്ന്  പിപിപി മോഡലിൽ ജില്ലയിൽ 100 ഏക്കറിൽ പ്രവാസി ടൗൺ ഷിപ്പ് പദ്ധതി നടപ്പിലാക്കും. പ്രവാസികളുടെ സമ്പത്ത് നാട്ടിൽ തന്നെ നിക്ഷേപിക്കുകയാണ് ലക്ഷ്യം. 

താമസ സൗകര്യം, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര വാണിജ്യ സമുച്ചയങ്ങൾ, സ്പോർട്സ് ഹബ്, കൺവൻഷൻ സെന്റർ, വിനോദ വിജ്ഞാന വിശ്രമ കേന്ദ്രങ്ങൾ, വർക്ക് സ്പേസുകൾ എന്നിവയെല്ലാം ടൗൺ ഷിപ്പിന്റെ ഭാഗമായുണ്ടാകും. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. 

ജനകീയാസൂത്രണ  മ്യൂസിയം
കല്ല്യാശ്ശേരിയിൽ ജനകീയാസൂത്രണ മ്യൂസിയവും മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പ്രതിമയും ഉയരും. 
ജനകീയാസൂത്രണവും അതിന്റെ നേതാവും പിറവി കൊണ്ട നാടെന്ന നിലയിലാണ് കല്യാശ്ശേരിയിൽ മ്യൂസിയം ഒരുക്കാൻ 50 ലക്ഷം രൂപ അനുവദിച്ചത്.

പദ്ധതികളും വകയിരുത്തിയ തുകയും 
∙ ലൈഫ് ഭവന പദ്ധതി –10 കോടി രൂപ  
∙ റോഡുകൾ – 6 കോടി 
∙ അതിദരിദ്രർക്ക് ഭൂമി വാങ്ങാൻ– 3 കോടി 
∙ നെൽ കൃഷി – 2.40 കോടി 
∙ നെൽകൃഷി വികസനത്തിന് –2 കോടി 
∙ ക്ഷീരസംഘങ്ങളിൽ അളക്കുന്ന പാലിന് സബ്സിഡി നൽകാൻ –2 കോടി 
∙ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകാൻ – 1.50 കോടി 
∙ കിടപ്പു രോഗികൾക്ക് സാന്ത്വനമേകാൻ – 1.50 കോടി
∙ ചട്ടുകപ്പാറ വനിതാ വ്യവസായ എസ്റ്റേറ്റിന്റെ വിപുലീകരണം – 1 കോടി 
∙ സൗരോർജ തൂക്കുവേലി വ്യാപിപ്പിക്കാൻ – 1 കോടി 
∙ എബിസി പദ്ധതി – 90 ലക്ഷം 
∙ ജില്ലാ കൃഷിത്തോട്ടം കരിമ്പം – 88 ലക്ഷം 
∙ അങ്കണവാടി കെട്ടിട നിർമാണം – 75 ലക്ഷം 
∙ വയോജനവിശ്രമ കേന്ദ്രങ്ങളുടെ വികസനത്തിന് – 70 ലക്ഷം 
∙ ആറളം നവജീവൻ കോളനി വികസിപ്പിക്കാൻ– 60 ലക്ഷം
∙ പട്ടികജാതി സാംസ്കാരിക നിലയങ്ങളുടെ നിർമാണത്തിന് – 50 ലക്ഷം 
∙ ബഡ്സ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം – 50 ലക്ഷം 
∙ ക്ഷീര ഗ്രാമം പദ്ധതി – 50 ലക്ഷം
∙ അതിദരിദ്രരില്ലാത്ത ജില്ലയായി മാറ്റാൻ – 25 ലക്ഷം 
∙ പട്ടികജാതി കോളനികളുടെ വികസന – 25 ലക്ഷം 
∙ അതിദരിദ്രരായ ഒറ്റപ്പെട്ട് കഴിയുന്നർക്ക് റിഹാബിലിറ്റേഷൻ സെന്റർ – 25 ലക്ഷം
∙ പ്രാദേശിക ടൂറിസം സ്പോട്ടുകൾ വികസിപ്പിക്കാൻ – 25 ലക്ഷം
∙ വർക്ക് നിയർ ഹോം കോമൺ ഫെസിലിറ്റി സെന്റർ ആരംഭിക്കാൻ – 25 ലക്ഷം 
∙ കയർ സംഘങ്ങളുടെ ആധുനികവൽക്കരണത്തിന് – 25 ലക്ഷം 
∙ റബർ അധിഷ്ഠിത ഉൽപന്ന നിർമാണം പ്രോത്സാഹിപ്പിക്കാൻ – 25 ലക്ഷം 
∙ കൈത്തറി സംഘങ്ങൾക്ക് നൂൽ വിതരണം ചെയ്യാൻ – 20 ലക്ഷം 
∙ അഴീക്കോട് നീർക്കടവ് മത്സ്യ ബന്ധന ഗ്രാമത്തിന്റെ സമഗ്ര പുരോഗതിക്ക് –20 ലക്ഷം 
∙ പാടശേഖര സമിതികൾക്കും കർഷക ഗ്രൂപ്പുകൾക്കും ഡ്രോൺ വിതരണം ചെയ്യാൻ –15 ലക്ഷം 
∙ സമഗ്ര ദന്താരോഗ്യ ബോധവൽക്കരണ പദ്ധതി (നിറ പുഞ്ചിരി) – 15 ലക്ഷം
∙ തെയ്യം കലാകാരൻമാർക്ക് ആടയാഭരണങ്ങൾ നൽകുന്നതിന്– 15 ലക്ഷം 
∙ മുരിങ്ങ ഗ്രാമം പദ്ധതി –10 ലക്ഷം 
∙ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ജില്ലയായി മാറ്റാൻ ഡിജി കണ്ണൂർ പദ്ധതിക്ക് –10 ലക്ഷം 
∙ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ധനസഹായം നൽകുന്നതിന് –10 ലക്ഷം 
∙ ചെറുധാന്യ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ –5 ലക്ഷം 
∙ ലഹരിയല്ല ജീവിതം –ജീവിതമാണ് ലഹരി തുടർ ക്യാംപെയിന്– 5 ലക്ഷം .
∙ സമ്പൂർണ്ണ പ്രഥമ ശുശ്രൂഷാവബോധമുളള ജില്ലയാക്കാൻ– 5 ലക്ഷം 
∙ വയോജന കലോത്സവങ്ങൾ സംഘടിപ്പിക്കാൻ 5 ലക്ഷം 
∙ ട്രാൻസ്ജെൻഡർ വ്യക്തികൾക്കു തൊഴിൽ പരിശീലനത്തിന് 3 ലക്ഷം

വരവും പോക്കും
ആകെ 130.14 കോടി രൂപ ചെലവും 2.57 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 3.18 കോടി രൂപ പ്രാരംഭ ബാക്കി പ്രതീക്ഷിച്ചുള്ളതാണ് ബജറ്റ്.  ജില്ലാ പഞ്ചായത്തിന് 6.20 കോടി രൂപ നികുതിയേതര വരുമാനവും പൊതു ആവശ്യ ഗ്രാന്റിൽ നിന്ന് 6.04 കോടി രൂപയും പ്രതീക്ഷിക്കുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന 113 കോടി രൂപയുടെ ഗ്രാന്റ്-ഇൻ-എയിഡ് കോൺട്രിബ്യൂഷനുകളും ബി ഫണ്ട് വരവിനത്തിൽ 4 കോടി രൂപയും ഉൾപ്പെടെ 132.72 കോടി രൂപ വരവായി പ്രതീക്ഷിക്കുന്നു. 

എസ്റ്റാബ്ലിഷ്മെന്റ് ചെലവുകൾക്കു 5 കോടി രൂപയും, മറ്റ് ഭരണ ചെലവുകൾക്ക് 45 ലക്ഷവും ചെലവുകൾക്ക്  51 ലക്ഷം രൂപയും പദ്ധതി ചെലവുകൾക്ക് 120 കോടിയും ബി ഫണ്ട് ചെലവിനത്തിൽ 4 കോടി രൂപയും കണക്കാക്കുന്നു. 

പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്
ബജറ്റിലൂടെ അവതരിപ്പിച്ചത് സമൂഹം ആഗ്രഹിക്കുന്ന പദ്ധതികളാണ്. ലഭ്യമായ തുക ആവശ്യമായ എല്ലാ മേഖലകൾക്കും കൃത്യമായി നൽകി. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും സർക്കാർ വകുപ്പുകളെയും ഒപ്പം ചേർത്താണ് ജില്ലയുടെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുക. 

തോമസ് വക്കത്താനം,  കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം
ബജറ്റിനെ ഭാഗികമായി മാത്രം സ്വാഗതം ചെയ്യുന്നു. മലയോര കർഷകരെ സഹായിക്കാൻ കാര്യമായ നടപടിയുണ്ടായില്ല. നാളികേര– റബർ കർഷകരെ സഹായിക്കാനും ടൂറിസം മേഖലയുടെ വികസനത്തിനും നടപടിയില്ല. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ ഇടപെടലുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com