ADVERTISEMENT

പശ്മിമഘട്ടത്തിനും അറബിക്കടലിനുമിടയിൽ മഹാരാഷ്ട്ര മുതൽ തമിഴ്നാട് വരെയുള്ള അഞ്ച് സംസ്ഥാനങ്ങളെ ആറുവരിയിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. കേരളത്തിലെ ജനസാന്ദ്രതയും ഭൂമി ഏറ്റെടുക്കുന്നതിലെ പ്രയാസങ്ങളും കണക്കിലെടുത്ത് പ്രധാന ടൗണുകളിൽ നിന്നു മാറിയാണ് മിക്കയിടത്തും പാത കടന്നുപോകുന്നത്. ചരിത്രപരമായും വാണിജ്യപരമായും ഏറെ പ്രാധാന്യമുള്ള ടൗണുകളിൽ നിന്നു ദേശീയപാത മാറുന്നത് ഈ നഗരങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

നാളിതുവരെ കടുത്ത ഗതാഗതക്കുരുക്കിൽ വലഞ്ഞിരുന്ന പട്ടണങ്ങൾ വാഹനത്തിരക്കിൽ നിന്നു മുക്തമാകുന്നത് അതിന്റെ ചരിത്ര, പൈതൃക വഴികളെ പരമാവധി പ്രയോജനപ്പെടുത്തി വളരാനുള്ള വഴി തുറക്കുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുന്നവരും ഒട്ടേറെ. പുതിയ ദേശീയപാതയിൽ നിന്ന് സർവീസ് റോഡുകളിലേക്ക് വഴി തുറക്കുന്ന ഭാഗങ്ങളിലെല്ലാം പുതിയ ജംക്‌ഷനുകൾ പിറക്കും.

പതിയെ ആ ഭാഗങ്ങളെല്ലാം ചെറുപട്ടണങ്ങളായി രൂപപ്പെടും. ഇത്തരം മേഖലകളെ ചിട്ടയായ ആസൂത്രണത്തോടെ വികസിപ്പിച്ചാൽ അവയെല്ലാം പുതുനഗരങ്ങളായി മാറും. കൃത്യമായ മാസ്റ്റർപ്ലാൻ തയാറാക്കി മുന്നോട്ടുപോയാൽ ഓരോ പുതുനഗരവും പതിനായിരങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കും. ആ നാടിന്റെ സർവമേഖലകൾക്കും വളരാനുള്ള കുതിപ്പേകും.

നഗരപ്പിറവിക്ക് വിത്തിട്ട് ടോൾ ബൂത്തുകൾ
ചെങ്കള – നീലേശ്വരം റീച്ചിൽ പെരിയ ചാലിങ്കാലിലാണ് കാസർകോട് ജില്ലയിലെ ടോൾ ബൂത്ത് വരുന്നത്. ടോൾബൂത്തിനു സമീപത്തായി പെട്രോൾ പമ്പുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം ആരംഭിക്കാം.  ലഘു ഭക്ഷണ ശാലകൾ, റസ്റ്ററന്റുകൾ, വർക്‌ഷോപ്പുകൾ തുടങ്ങിയവക്കും സാധ്യതയുണ്ട്.

കണ്ണൂർ ജില്ലയിൽ കല്യാശ്ശേരിയിൽ ഒരുങ്ങുന്ന ടോൾ ബൂത്തിന്റെ പരിസരവും സമാനമായ രീതിയിൽ ചെറുപട്ടണമായി മാറും. തലശ്ശേരി – മാഹി ബൈപാസിൽ ടോൾ ബൂത്ത് ഒരുക്കിയിട്ടുണ്ടെങ്കിലും ഇതു പിന്നീട് പൊളിച്ചുമാറ്റും. അധിക സ്ഥലം ലഭ്യമല്ലാത്ത ഭാഗത്താണ് താൽക്കാലിക ടോൾ ബൂത്ത് എന്നതിനാൽ ഇവിടെ കാര്യമായ വികസന സാധ്യതയില്ല.

പുതുനഗരങ്ങളായ് വളരാൻ കാസർകോട്ടെ  കവലകൾ
തലപ്പാടി–ചെങ്കള, ചെങ്കള  നീലേശ്വരം റീച്ചുകൾ പൂർണമായും നീലേശ്വരം – തളിപ്പറമ്പ് റീച്ചിന്റെ കുറച്ച് ഭാഗവുമാണു കാസർകോട് ജില്ലയിലൂടെ കടന്നു പോകുന്നത്. അടിപ്പാതകൾ, മേൽപാലങ്ങൾ ഉൾപ്പെടെ എവിടെയൊക്കെ സർവീസ് റോഡിലേക്ക് പ്രവേശനം നൽകണമെന്ന കാര്യം അന്തിമഘട്ടത്തിലേ ദേശീയപാതാ അധികൃതർ സുരക്ഷാ പരിശോധനകൾക്കു ശേഷമേ തീരുമാനിക്കൂ.

കാസർകോട് നഗരത്തിലൂടെ ദേശീയപാത കടന്നുപോകുന്നതിനായി നിർമിച്ച 
തൂണുകൾ.
കാസർകോട് നഗരത്തിലൂടെ ദേശീയപാത കടന്നുപോകുന്നതിനായി നിർമിച്ച തൂണുകൾ.

ജില്ലയിൽ ചെറുവത്തൂർ ടൗണിൽ മാത്രമാണ് ദേശീയപാത ബൈപാസായി മാറുന്നത്. ഈ ഭാഗത്ത് കൂടുതലും വയലുകളും കുന്നിൻ പ്രദേശങ്ങളുമാണ്. നീലേശ്വരം കഴിഞ്ഞ് ചെറുവത്തൂൽ കൊവ്വൽ ജംക്‌ഷനിൽ നിന്ന് വഴിമാറുന്ന ദേശീയ പാത ചെറുവത്തൂർ ടൗൺ പിന്നിട്ട് മട്ടലായി എന്ന സ്ഥലത്താണെത്തുന്നത്. കാഞ്ഞങ്ങാട് ടൗണിനെയും സ്പർശിക്കാതെയാണ് പാത കടന്നു പോകുന്നത്. സംസ്ഥാനപാത അവസാനിക്കുന്ന ഭാഗത്ത് വലിയ വികസന സാധ്യതകളുണ്ട്.

ഒറ്റത്തൂണുകളിൽ പാത; ഒറ്റപ്പെടരുത് നഗരം
കാസർകോട് നഗരത്തിന്റെ മുഖച്ഛായ മാറ്റിയാണ് ദേശീയപാതയുടെ വരവ്. സംസ്ഥാനത്ത് തന്നെ ആദ്യമായി ഒറ്റത്തൂണുകളിൽ പണിയുന്ന 27.5 മീറ്റർ വീതിയുള്ള ഫ്ലൈഓവറിലൂടെയാണ് കാസർകോട് നഗരത്തിനു മുകളിലൂടെ ദേശീയപാത കടന്നുപോകുക. 

1.12 കിലോമീറ്റർ നീളമുണ്ട് ഈ ആകാശപാതയ്ക്ക്. കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കിനും പാർക്കിങ് പ്രശ്നങ്ങൾക്കും ഇതു പരിഹാരമാകുമെന്നു കരുതുന്നു. അതേസമയം ദേശീയപാതയിലൂടെ എത്തുന്ന വാഹനങ്ങൾ നേരിട്ട് നഗരത്തിൽ പ്രവേശിക്കില്ല. ഇത് നഗരത്തിന്റെ വ്യാപാര മേഖലയ്ക്ക് അൽപം ക്ഷീണമാകുമോ എന്ന ആശങ്ക വ്യാപാരസമൂഹം പങ്കുവയ്ക്കുന്നുണ്ട്.

വളരാനുള്ള സാധ്യതകളും ഏറെ ബാക്കിവയ്ക്കുന്നുണ്ട് ഈ പുതുപാത.പാത നിർമിക്കുന്ന തൂണുകൾക്കിടയിലെ ദൂരം 40 മീറ്ററാണ്. ഇരു വശത്തും 7.5 മീറ്റർ വീതിയിൽ സർവീസ് റോഡ്. ശേഷം മേൽപാലത്തിന്റെ അടിയിൽ 7.5 മീറ്ററിൽ പാർക്കിങ്. ഇതു കഴിഞ്ഞ് 11 മീറ്റർ വീതിയിൽ 40 മീറ്റർ നീളത്തിൽ സ്ഥലം ബാക്കിയുണ്ട്. 30 തൂണുകളാണ് ആകെയുള്ളത്. ഇത്രയും തൂണുകൾക്കു താഴെ ഇങ്ങനെ സ്ഥലം ലഭിക്കും.

ഈ ഭാഗം ഇന്റർലോക്ക് ടൈൽ പാകിയാണ് ജോലികൾ പൂർത്തിയാക്കുക. പിന്നീട് ദേശീയപാതാ അതോറിറ്റിക്കാണ് ഈ ഭാഗത്തിന്റെ ചുമതല. അവർ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് ഈ സ്ഥലം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും.  ഫുഡ് സ്ട്രീറ്റുകൾ തുടങ്ങുന്നത് ഉൾപ്പെടെ കാസർകോടിന്റെ തനത് വിഭവങ്ങൾക്കെല്ലാം വിപണന അവസരങ്ങൾ ഒരുക്കാൻ ഈ തൂണുകൾക്കു താഴെയുള്ള സ്ഥലം പ്രയോജനപ്പെടുത്താം. 

ദേശീയപാത 66. Image Credit : HaKZvibe/instagram
ദേശീയപാത 66. Image Credit : HaKZvibe/instagram

പെരുമയോടെ വളരണം പയ്യന്നൂർ പട്ടണം
ദേശീയപാത പയ്യന്നൂരിലെ നിലവിലെ നഗരമേഖലയെ തൊടാതെ കടന്നുപോകുമ്പോൾ നിലവിലെ റോഡിൽ തിരക്കൊഴിയാനിടയുള്ളതിനാൽ കൃത്യമായ ആസൂത്രണത്തോടെ നീങ്ങിയില്ലെങ്കിൽ വ്യാപാര മേഖലയിൽ കനത്ത നഷ്ടം സംഭവിക്കും. കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കിയും റോഡുകൾക്ക് വീതികൂട്ടിയും വഴിയൊരുക്കിയാൽ ജനം ഒഴുകിയെത്താനുള്ള പലതുമുണ്ട് പയ്യന്നൂരിൽ. 

കുപ്പത്തിനും കുറ്റിക്കോലിനും പുതുപ്രതീക്ഷ
മലയോരത്തിന്റെ കവാടമായിരുന്ന കുപ്പത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് തളിപ്പറമ്പ് ബൈപ്പാസ്. പയ്യന്നൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബൈപ്പാസിൽ കയറാൻ വഴിതിരിയേണ്ടത് ഇവിടെ നിന്നാണ്. ഒരുകാലത്തു കുപ്പമായിരുന്നു തളിപ്പറമ്പിന്റെ വാണിജ്യ കേന്ദ്രം. ബൈപാസ് തുറക്കുന്നതോടെ കുപ്പത്തിന്റെ വാണിജ്യ, ടൂറിസം മേഖലയ്ക്ക് വീണ്ടും പുതുജീവൻ ലഭിക്കും. 

തളിപ്പറമ്പ് ബൈപാസിന്റെ മറ്റൊരറ്റം കുപ്പത്താണ്. ജംക്‌ഷനായി മാറുന്നതോടെ കുപ്പത്തിനും വികസനത്തിനു വഴി തെളിയും. ദേശീയപാതയുടെ ഇരുവശത്തും വയൽ പ്രദേശങ്ങളായതിനാൽ ഇതുവരെ വികസന പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. എന്നാൽ ദേശീയപാത ജം‌ക്‌ഷനായി മാറുന്നതോടെ സ്ഥിതി മാറും. കുറ്റിക്കോൽ പുഴ കേന്ദ്രീകരിച്ചുള്ള പുഴയോര ടൂറിസത്തിനും സാധ്യതയേറെയാണ്. 

ടൂറിസത്തിൽ കണ്ണിട്ട് കണ്ണൂർ നഗരം
കണ്ണൂർ ബൈപാസ് നിലവിൽ വരുന്നതോടെ കുരുക്കഴിയുന്ന കണ്ണൂർ നഗരത്തിലേക്ക് സഞ്ചാരികൾക്ക് സുഗമമായി കടന്നെത്താൻ സാധിക്കും.  പയ്യാമ്പലം തീരം, കണ്ണൂർ കോട്ട, ചാൽ ബീച്ച്, മുണ്ടേരിക്കടവ് പക്ഷിസങ്കേതം, കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രം തുടങ്ങി നഗരത്തിലും നഗരപരിസരത്തുമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് ഒട്ടേറെ ഭാഗങ്ങളിലേക്ക് കൂടുതൽപേർ എത്തും.

വ്യാപാര മേഖലയ്ക്കും ഗുണകരമാകുന്ന തരത്തിൽ ഈ മാറ്റം പ്രയോജനപ്പെടുത്താം. പരമ്പരാഗത വ്യവസായത്തിന് ഉണർവും കണ്ണൂരിന്റെ തനത് രുചികൾക്ക് കൂടുതൽ പെരുമയും നൽകാൻ ഈ മാറ്റം സഹായിക്കും.

പൈതൃക നഗരപ്പെരുമ; തലയുയർത്തി തലശ്ശേരി
തലശ്ശേരി –മാഹി ബൈപാസ് തുറക്കുന്നതോടെ തലശ്ശേരിയിലും ആളൊഴിയും. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ആൾത്തിരക്കും വാണിജ്യ പ്രതാപവും നിലനിർത്താനുള്ള ഒരുക്കത്തിലാണ് ഈ പൈതൃക നഗരം. ഒട്ടേറെ ചരിത്ര സ്മാരകങ്ങളുണ്ട് തലശ്ശേരിയിൽ. 

വിശാലമായ കടൽതീരത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. കടൽപാലവും പരിസരവും വൃത്തിയും വെടിപ്പും നിലനിർത്തി സംരക്ഷിക്കേണ്ടതുണ്ട്. ഇത്തരം സാധ്യതകൾ തേടി സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എ.എൻ.ഷംസീർ മുൻപേ നടന്നു തുടങ്ങിയതും പ്രതീക്ഷപകരുന്നു. 

ദേശീയപാത 66. Image Credit : HaKZvibe/instagram
ദേശീയപാത 66. Image Credit : HaKZvibe/instagram

ചരിത്രം സംരക്ഷിച്ച് വളരാൻ മാഹി
കോട്ടകളും പാണ്ടികശാലകളും കോൺക്രീറ്റ് പാതകളുമെല്ലാമായി പ്രൗഢിയോടെ വിരാചിച്ചിരുന്ന മാഹി ഇന്ന് മദ്യക്കുപ്പിയുടെ കഴുത്തുപോലെ ചുരുങ്ങിപ്പോയ ദേശീയപാതയും നൂറ്റാണ്ടുകൾക്കു മുൻപുള്ള പാതകളിൽ നിന്നു വികസിക്കാത്ത നാട്ടുവഴികളുമെല്ലാമായി വീർപ്പുമുട്ടുകയാണ്.

ബൈപാസ് തുറക്കുന്നതോടെ ഈ കുരുക്കിൽ നിന്നു മാഹി പുറത്തുകടക്കും.മയ്യഴിപ്പുഴയും അറബിക്കടലും ജലസമൃദ്ധിയേകുന്ന മാഹി അതിമനോഹരിയാണ്. വിനോദസഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും വിശ്വാസികൾക്കും കലാകാരന്മാർക്കും ആഘോഷിച്ചു തിമിർക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ചെന്നെത്താൻ ആഗ്രഹം തോന്നുന്ന പ്രദേശം.

ഫ്രഞ്ച് കോളനി കാലത്ത് അവർ ഉണ്ടാക്കിയ യാത്രാ മാർഗങ്ങളാണ് അറ്റകുറ്റപ്പണി നടത്തി ഇന്നും ഉപയോഗിക്കുന്നതിൽ എൺപതു ശതമാനവും. അതിനു മാറ്റം വന്നേ തീരൂ. സമ്പൂർണ ഗതാഗത പരിഷ്കരണമാണ് മാഹിക്ക് ആവശ്യം. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന നിർദേശമാണ്  മലയാള മനോരമ സംഘടിപ്പിച്ച ‘മാഹിക്കുമുണ്ട് മോഹങ്ങൾ’ സെമിനാറിൽ പങ്കെടുത്തവർ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടിരുന്നത്. 

മാഹിയുടെ ഭാവി ടൂറിസത്തിലാണ്. പള്ളൂർ സ്പിന്നിങ് മിൽ ജംക്‌ഷനോടനുബന്ധിച്ച് ഈസ്റ്റ് പള്ളൂർ ഭാഗത്ത് വലിയ വികസനത്തിനുള്ള സാധ്യതകൾ തുറന്നുകഴിഞ്ഞു. അഞ്ച് പെട്രോൾ ബങ്കുകൾ, വൻകിട ഹോട്ടലുകൾ ഉൾപ്പെടെ ഒട്ടേറെ സംരംഭങ്ങളാണ് ഈ മേഖലയിൽ വരാൻ പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com