ADVERTISEMENT

പയ്യന്നൂർ ∙ തായിനേരി കുറിഞ്ഞി ക്ഷേത്രം കളിയാട്ടത്തിന്റെ ഭാഗമായി 500 പേരുടെ മെഗാ പൂരക്കളി അരങ്ങേറുന്നു.  പൂരക്കളിയുടെ ചരിത്രത്തിലാദ്യമാണ് ഇത്രയും പൂരക്കളി കലാകാരന്മാർ ചേർന്ന് പൂരക്കളി അവതരിപ്പിക്കുന്നതെന്ന് അന്നൂർ തലയന്നേരി പൂമാലക്കാവ്, തായിനേരി കുറിഞ്ഞി ക്ഷേത്ര ഭാരവാഹികളും സംഘാടക സമിതി ഭാരവാഹികളുമായ എ.ജയപ്രകാശ്, സി.സുഖിൽ കുമാർ, ടി.എം.രാമകൃഷ്ണൻ, പി.വിജയൻ, കെ.ദാമോദരൻ, എൻ.വി.പ്രമോദ് കുമാർ, പി.വിജീഷ്, എം.കെ.രാജീവ്, ടി.സുരേന്ദ്രൻ, വി.കെ.ദാമോദരൻ എന്നിവർ അറിയിച്ചു. 

നാളെ 6ന് ക്ഷേത്ര പരിസരത്ത് നടക്കുന്ന പൂരക്കളി സിനിമ താരം പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത പൂരക്കളി പരിശീലകൻ സി.കെ.സജീഷാണ് കളിയുടെ കോഓർഡിനേറ്റർ. 5 മുതൽ 90 വയസ്സുവരെയുള്ള പൂരക്കളി കലാകാരന്മാരാണ് അണിനിരക്കുന്നത്. 

ഒന്നും നാലും നിറങ്ങളും ആണ്ടും പള്ളിന്റെ ഒരു ഭാഗവും ശിവ ഭ്രാന്ത്, ചിന്ത് എന്നീ കളികളുമാണ് അവതരിപ്പിക്കുന്നത്. 11 റൗണ്ടുകളിലായി കലാകാരന്മാർ അണിനിരക്കും. മെഗാ പൂരക്കളി ഗിന്നസുകളിലും മറ്റും രേഖപ്പെടുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് സംഘം. 

കുറിഞ്ഞി ക്ഷേത്രം കളിയാട്ടം 10 മുതൽ 13 വരെ നടക്കും.  10ന്‌ വൈകിട്ട് 6ന് അന്നൂർ തലയന്നേരി പൂമാല ഭഗവതിക്കാവിൽനിന്ന് തിരുവായുധം കൊണ്ടുവരൽ, തുടർന്ന് പൂരക്കളി അരങ്ങേറ്റം, കളരി അരങ്ങേറ്റവും പ്രദർശനവും വനിത കോൽക്കളിയും നൃത്ത സന്ധ്യയും അരങ്ങേറും.  

11ന് രാത്രി 10ന് റിമി ടോമി നയിക്കുന്ന മെഗാ ഷോ. 12ന് രാത്രി 9ന് കാഴ്ച. 10ന് പ്രസീത ചാലക്കുടി നയിക്കുന്ന ഫോക് മെഗാ ഷോ. 13ന് പുലർച്ചെ 3ന് കരിമരുന്ന് പ്രയോഗം, 5.30ന്‌ ഒറ്റക്കോലത്തിന്റെ അഗ്നി പ്രവേശം, ഉച്ചയ്ക്ക് 12ന് പൂമാരുതൻ, മടയിൽ ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്, രാത്രി 10ന്‌ കരിമരുന്ന് പ്രയോഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com