തലശ്ശേരി – മാഹി ബൈപാസ്; മിനുക്കുപണികൾ അവസാന ഘട്ടത്തിൽ: വാഹന ഗതാഗതം നിയന്ത്രിച്ചു
Mail This Article
മാഹി ∙ ഉദ്ഘാടനത്തിനു ഒരുങ്ങുന്ന തലശ്ശേരി – മാഹി ബൈപാസിൽ നിർമാണത്തിലെ മിനുക്ക് പണികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. അഴിയൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്കുള്ള വഴിയിൽ വലത് ഭാഗം റെയിൽവേ മേൽപാലത്തിലെ രണ്ട് എക്സ്പാൻഷൻ ജോയിന്റ് നിർമാണം അതിവേഗം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് കരാറുകാർ. മൂന്ന് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് പറയുന്നു. വലത് ഭാഗത്തെ ക്രാഷ് ബാരിയർ നിർമാണവും പുരോഗമിക്കുകയാണ്.
അഴിയൂരിൽ നിന്നും പുറപ്പെട്ടാൽ നിർമാണം പൂർത്തിയാവാനുള്ള പ്രധാന ഭാഗം മാഹി റെയിൽവേ മേൽപാലത്തിൽ ആണ് ഇപ്പോൾ ഉള്ളത്. ടോൾ ബൂത്ത് അവസാന ഘട്ട പണിയിൽ ആണ്. അഴിയൂരിൽ രണ്ട് സ്ഥലങ്ങളിൽ ബൈപാസിൽ സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. സ്പിന്നിങ് മിൽ പെരിങ്ങാടി റോഡിൽ സിഗ്നൽ പോസ്റ്റിൽ നിന്നും ബൈപാസിലേക്ക് കടക്കാൻ കർശന നിയന്ത്രണം വന്നു.
ഉദ്ഘാടനം അടുത്തതിനാൽ അനധികൃതമായി ബൈപാസിൽ പ്രവേശിച്ച് വിഡിയോകളും അനിയന്ത്രിതമായ ഓട്ടവും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. അനുവാദം ഇല്ലാതെ വാഹനങ്ങൾ കടത്തുന്നില്ല. റോഡിൽ ട്രാഫിക് മാർക്ക് ചെയ്യുന്ന ജോലിയും അവസാന ഘട്ടത്തിലാണ്. ബൈപാസിൽ പലയിടത്തും പെയിന്റ് ചെയ്യുന്ന ജോലി തുടരുകയാണ്. സർവീസ് റോഡ് മാഹി മേഖലയിൽ പലയിടത്തും പൂർത്തിയായിട്ടില്ല.