ADVERTISEMENT

രണ്ടു പതിറ്റാണ്ടു മുൻപ്, കൃത്യമായിപ്പറഞ്ഞാൽ 2003 ഡിസംബറിലെ മഞ്ഞുപെയ്യുന്ന രാവ്. തണുത്തുമരവിച്ച് ഡൽഹി നഗരം. താപമാപിനികളിൽ പുജ്യംതൊട്ട തണുപ്പ്, പിന്നെയും താഴേക്കിറങ്ങി... ഒരു ഭീമൻ കരിമ്പടത്തിനുള്ളിലേക്കു ചുരുങ്ങാൻ വെമ്പൽകൊള്ളുകയായിരുന്നു നഗരം.. പല്ലുകൾ കൂട്ടിയിടിച്ചുകൊണ്ട് ‍വിളക്കുകാലുകൾക്കു കീഴെ അൽപം ചൂടുതേടുകയാണ് ആ മഹാനഗരത്തിലെ രാപ്പാർപ്പുകാർ.. എല്ലുകോച്ചുന്ന ആ തണുപ്പിനോട് മല്ലിടാൻ തുണിയും പ്ലാസ്റ്റിക് ഷീറ്റുകളും ഉൾപ്പെടെ കയ്യിൽക്കിട്ടിയതെല്ലാം എടുത്തുചുറ്റിയാണ് തെരുവോരത്തെ കിടപ്പ്. അവരുടെ ഉറക്കംകെടുത്തി അരിച്ചുകയറുകയാണ് തണുപ്പ്. 

ചുരുണ്ടുകൂടിയുള്ള ആ കിടപ്പിൽ, അന്നവർ ശാന്തമായുറങ്ങി. പുലർന്നപ്പോഴാണ് ആരോ പുതപ്പിച്ചുപോയ പുത്തൻ കമ്പിളിപ്പുതപ്പുകൾ അവർ കണ്ടത് ! സേവനപാതയിലേക്കുള്ള അമ്മു കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദ്യ ചുവടുവയ്പ്പിനായിരുന്നു ആ തണുത്ത രാത്രി ഡൽഹി നഗരം സാക്ഷ്യം വഹിച്ചത്.

ഇന്ന് ആമസോൺ വനാന്തരങ്ങളിൽ ഉൾപ്പെടെ ലോകത്തെ 28 രാജ്യങ്ങളിൽ മാനവസ്േനഹത്തിലൂന്നിയ പ്രവർത്തനങ്ങളുമായി അമ്മു കെയർ ചാരിറ്റബിൾ ട്രസ്റ്റ് സജീവമാണ്. കണ്ണൂരുകാരനായ പി.കെമോഹനാണു ട്രസ്റ്റിനെ നയിക്കുന്നത്. 1978-81 കാലഘട്ടത്തിൽ, കണ്ണൂർ ഗവ. ആശുപത്രിയിൽ ഓർത്തോ വിഭാഗം മേധാവിയായിരുന്ന ഡോ. പാതിരിശ്ശേരി കേശവൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മൂത്തമകനാണ് മോഹൻജിയെന്ന പി.കെ.മോഹൻ.

പി.കെ.മോഹൻ
പി.കെ.മോഹൻ

ചൊവ്വ ഹൈസ്കൂളിലും കണ്ണൂർ എസ്എൻ കോളജിലും കോഴിക്കോട് ക്രിസ്ത്യൻ കോളജിലും പഠിച്ച മോഹന് ദുബായിൽ ഷിപ്പിങ് കമ്പനിയിലായിരുന്നു ജോലി. അക്കാലത്താണ് ഏക മകൾ അമ്മു നാട്ടിൽ റോഡപകടത്തിൽ മരിച്ചത്. നാലര വയസ്സിൽ മകളെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്നു മുക്തിനേടാൻ തിരഞ്ഞെടുത്ത സദ്‌വഴിയാണ് പി.കെ.മോഹനെ ലോകം ആദരിക്കുന്ന മോഹൻജിയായി മാറ്റിയത്.

ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും തന്നാലാകുന്ന സാന്ത്വനവും പരിചരണവും നൽകി അവരുടെ ജീവിതത്തിനു നിറം നൽകുകയാണ് അമ്മു കെയർ ചാരിറ്റബിൾ ട്രസ്റ്റ്. 2003ൽ പാലക്കാട് ആസ്ഥാനമായാണ് അമ്മു കെയർ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്. ഇന്ത്യയിൽ അമ്മു കെയർ എന്നും രാജ്യത്തിനു പുറത്ത് ആക്ട് ഫൗണ്ടേഷൻ എന്ന പേരിലുമാണ് പ്രവർത്തനം. സന്നദ്ധ സേവനത്തിനു താൽപര്യമുള്ളവർക്ക് ഒറ്റയ്ക്കും ഒത്തുചേർന്നും പ്രവർത്തിക്കാനുള്ളമുള്ള അവസരമാണ് ഇവർ ഒരുക്കിനൽകുന്നത്. ജാതി, മതം, രാജ്യം, ഗോത്രം, നിറം എന്നിങ്ങനെ ഭേദമില്ലാതെയാണ് സേവനം.

അന്നദാനം, വസ്ത്രദാനം, വൈദ്യ സഹായം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, പാർപ്പിടം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെല്ലാം ഇടപെടുന്നു. നല്ല നാളേക്കായി ഒരു ലക്ഷത്തിലേറെ ഫലവൃക്ഷത്തൈകൾ ലോകമെമ്പാടും നട്ടുപിടിപ്പിച്ചിട്ടുണ്ട് ഈ കൂട്ടായ്മ. തുർക്കിയിലും മൊറോക്കോയിലും ഭൂകമ്പങ്ങൾ ഉണ്ടായപ്പോൾ ഇവർ സഹായവുമായി എത്തി.  യുക്രെയ്ൻ യുദ്ധഭൂമിയിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ റുമേനിയയിൽ വെയർഹൗസ് തുറന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രളയകാലത്ത് കേരളത്തിൽ പലയിടത്തും ഭക്ഷണവും വസ്ത്രവും കുടിവെള്ളവും വീട്ടുസാമഗ്രികളും പഠനോപകരണങ്ങളുമെല്ലാം എത്തിക്കാനും ജലനിരപ്പ് താഴ്ന്നപ്പോൾ ശുചീകരണത്തിനും സജീവമായി ഇടപെട്ടിട്ടുണ്ട് ഇവർ.  കോവിഡ് കാലഘട്ടത്തിലും സേവനം ലഭ്യമാക്കി. ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുകൾ, സ്വയംതൊഴിൽ കണ്ടെത്താൻ തയ്യൽ യൂണിറ്റ്, പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹ ധനസഹായം അങ്ങനെ ഏറെയുണ്ട് ഏറ്റെടുത്ത പ്രവർത്തനങ്ങൾ.

ചെന്നൈ, അംബെർനാഥ്, വടക്കൻ തെക്കൻ ബെംഗളൂരു, ജമ്മു, നോയിഡ എന്നിങ്ങനെ രാജ്യത്തെ വിവിധയിടങ്ങളിൽ മോഹൻജി കാ ആങ്കൺ എന്ന പേരിൽ ആരംഭിച്ച സ്ഥാപനങ്ങൾ വഴി പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നു. ഒപ്പം അവരുടെ കലാപരമായ കഴിവുകൾക്കും പ്രോത്സാഹനം നൽകുന്നു. അനാഥരായ സ്ത്രീകളെ പരിശീലിപ്പിച്ച് അവരെയാണ് ഈ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇരുപതിനായിരത്തിലേറെ കുഞ്ഞുങ്ങൾക്കാണ് ഇന്ന് ഈ സംവിധാനം തണലേകുന്നത്. തിരുവണ്ണാമലയിൽ വയോജനസദനവും നടത്തുന്നുണ്ട്.  

യോഗ, സംഗീതം, ധ്യാനം എന്നിവയ്ക്കായി ജീവിതം സമർപ്പിച്ചുകൊണ്ടുള്ള ഈ യാത്രയിൽ പങ്കുചേരുന്നവരെ ദയ, അനുകമ്പ, അഹിംസ തുടങ്ങിയ മൂല്യങ്ങളിലേക്ക് നയിക്കാൻ ലക്ഷ്യമിട്ട് 2012ലാണ് മോഹൻജി ഫൗണ്ടേഷനു തുടക്കമിട്ടത്. 

സ്വിറ്റ്സർലൻഡ് ആസ്ഥാനമായി ഫൗണ്ടേഷനും ഇപ്പോൾ 18 രാജ്യങ്ങളിൽ റജിസ്റ്റർ ചെയ്തു  പ്രവർത്തിക്കുന്നുണ്ട്. മാനസിക സമ്മർദം കുറയ്ക്കാനും സന്തോഷത്തോടെ ജീവിക്കാനുമുള്ള വഴികളാണ് മോഹൻജി യൂത്ത് ക്ലബ് പരിചയപ്പെടുത്തുന്നത്. 

മാനവികതയ്ക്കു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് രാജസ്ഥാനിലെ ഉദയ്പൂരിലെ പസഫിക് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച് സർവകലാശാല കഴിഞ്ഞ ദിവസം പി.കെ.മോഹന് ഓണററി ബിരുദം സമ്മാനിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com