ADVERTISEMENT

പയ്യന്നൂർ ∙ ബജറ്റിൽ പണം അനുവദിക്കുന്നുണ്ടെങ്കിലും കെട്ടിടം പണിയാൻ സ്ഥലമില്ല. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിനാണ് ഈ ദുർഗതി. വർഷം തോറും ബജറ്റിൽ സ്ഥാനം പിടിക്കുന്ന കേന്ദ്രം ഇപ്പോഴും വാടക കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. 2010ൽ കൊച്ചി ആസ്ഥാനമായി സ്ഥാപിതമായ സർവകലാശാലയുടെ വടക്കൻ മേഖല കേന്ദ്രമാണ് പയ്യന്നൂരിൽ അനുവദിച്ചത്.

2018 മാർച്ച് ഒന്നിനാണ് മമ്പലത്ത് താൽക്കാലികമായി കേന്ദ്രം വാടക കെട്ടിടത്തിൽ തുടങ്ങിയത്. 2018 ഒക്ടോബർ 11ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സ്ഥലം ലഭ്യമായാൽ കെട്ടിട നിർമാണത്തിന് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് അന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ കോളജ് തുടങ്ങണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.

4 വർഷം കാത്തിരുന്നിട്ടും കെട്ടിടം നിർമിക്കാൻ സ്ഥലം ലഭിച്ചില്ല. പന്ത്രണ്ടര ഏക്കർ സ്ഥലം കോറോം വില്ലേജിൽ കണ്ടെത്തിയെങ്കിലും അത് സർവകലാശാലയ്ക്ക് ലഭിച്ചില്ല. ഒടുവിൽ കഴിഞ്ഞ വർഷം കുഫോഴ്സിന് കീഴിലുള്ള പയ്യന്നൂർ ഫിഷറീസ് കോളജ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്തെ വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. കഴിഞ്ഞ വർഷം ഏപ്രിൽ 4ന് മുഖ്യമന്ത്രി പിണറായി വിജയൻ കോളജ് ഉദ്ഘാടനം ചെയ്തു.

കോറോത്ത് കണ്ടെത്തിയ സ്ഥലം മാസങ്ങൾക്കകം റവന്യു വകുപ്പിൽ നിന്ന് ഫിഷറീസ് വകുപ്പിന് ലഭിക്കുമെന്നും വളരെ വേഗത്തിൽ അത് കോളജിന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രിക്ക് മുന്നിൽ വച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചതാണ്. പ്രഖ്യാപനം കടലാസിൽ ഒതുങ്ങി പോയി. സ്ഥലം വിട്ടു കൊടുക്കാനുള്ള നടപടി ഇനിയും പൂർത്തിയായില്ല. കഴിഞ്ഞ വർഷം 2 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചത്. ഈ വർഷം ഒരു കോടി രൂപയും. എന്നാൽ സ്ഥലമില്ലാത്തതിനാൽ അതെല്ലാം നഷ്ടപ്പെട്ട് പോകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com