ജ്യോഗ്രഫി അസി. പ്രഫസർ നിയമനം: ചട്ടലംഘനമില്ലെന്ന് കണ്ണൂർ വിസി
Mail This Article
കണ്ണൂർ ∙ സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിലെ എല്ലാ നടപടികളും വൈസ് ചാൻസലറുടെ (വിസി) അറിവോടെയേ പാടുള്ളൂവെന്ന് നിർദേശം നൽകിയതായി കണ്ണൂർ സർവകലാശാലാ വിസി പ്രഫ. ബിജോയ് എസ്. നന്ദൻ. ജ്യോഗ്രഫി പഠനവകുപ്പിൽ അസി.പ്രഫസർ സംവരണ തസ്തികയിൽ നിയമനം ലഭിച്ച ഉദ്യോഗാർഥി വിസി അറിയാതെ ജോലിയിൽ പ്രവേശിച്ച സംഭവത്തിൽ റജിസ്ട്രാറോടു വിശദീകരണം തേടിയതായും അറിയിച്ചു. സംഭവത്തിൽ ചട്ടലംഘനമില്ലെന്നും ഉദ്യോഗാർഥിയെ നിയമിച്ചതിലും ജോലിയിൽ പ്രവേശിപ്പിച്ചതിലും നിയമതടസ്സമില്ലെന്ന് സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം ലഭിച്ചതായും വിസി പറഞ്ഞു.
‘ജ്യോഗ്രഫി അസി. പ്രഫസർ റാങ്ക് പട്ടിക സംബന്ധിച്ച സിൻഡിക്കറ്റ് മിനിറ്റ്സ് ഞാൻ കണ്ടതും അംഗീകരിച്ചതുമാണ്. എന്നാൽ, ഉദ്യോഗാർഥിക്കു നൽകിയ ഓഫർ ലെറ്റർ കണ്ടിരുന്നില്ല. മറ്റു സർവകലാശാലകളിൽ അധ്യാപകനിയമനം സംബന്ധിച്ച എല്ലാ നടപടികളും വിസി കാണാറുണ്ട്. കണ്ണൂരിൽ ആ പതിവുണ്ടായിരുന്നില്ല.
ഇതു സംബന്ധിച്ച് പ്രത്യേക നടപടിക്രമമൊന്നും സർവകലാശാലാ ആക്ടിലോ സ്റ്റാറ്റ്യൂട്ടിലോ നിർദേശിച്ചിട്ടില്ല. ഇനി മുതൽ, എല്ലാ നടപടികളും വിസിയുടെ അറിവോടെ വേണമെന്നു നിർദേശിച്ചിട്ടുണ്ട്. നിയമനം കോടതി സ്റ്റേ ചെയ്തിട്ടില്ല’ – വിസി പറഞ്ഞു.
ജ്യോഗ്രഫി അസി.പ്രഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ നേരത്തെ തന്നെ വിവാദത്തിലാണ്. 2 ദിവസമായി നടന്ന ഇന്റർവ്യൂവിൽ, രണ്ടാം ദിവസം അന്നത്തെ വിസി പ്രഫ.ഗോപിനാഥ് രവീന്ദ്രനു പകരം മറ്റൊരാൾ ഇന്റർവ്യൂ ബോർഡ് അംഗമായി പങ്കെടുത്തതാണു വിവാദമുയർത്തിയത്.
പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയ ദിവസമായതിനാൽ ചുമതല താൽക്കാലികമായി മറ്റൊരാൾക്കു നൽകി ഇന്റർവ്യൂ പൂർത്തിയാക്കിയെന്നാണു സർവകലാശാലയുടെ വിശദീകരണം.
വിസി അറിയാതെ നിയമന നടപടി
ജ്യോഗ്രഫി അസി. പ്രഫസർ നിയമനത്തിൽ സിൻഡിക്കറ്റ് മിനിറ്റ്സിനു ശേഷമുള്ള ഒരു നടപടിക്രമവും വിസി അറിഞ്ഞിട്ടില്ലെന്നാണു വ്യക്തമാകുന്നത്. റാങ്ക്പട്ടിക അംഗീകരിച്ച സിൻഡിക്കറ്റ് മിനിറ്റ്സിൽ വിസി ഒപ്പിട്ടിട്ടുണ്ട്. ഇതിനു ശേഷം സംവരണം പാലിച്ച് നിയമിക്കേണ്ടവരുടെ പേര് ബന്ധപ്പെട്ട സെക്‌ഷൻ, വിസിയെ രേഖാമൂലം അറിയിക്കണം. ഈ നടപടിക്രമം ജ്യോഗ്രഫി അസി.പ്രഫസർ നിയമനത്തിൽ പാലിച്ചിട്ടില്ല.
ഇതിനു ശേഷമാണ്, ഉദ്യോഗാർഥിക്കുള്ള ഓഫർ ലെറ്റർ റജിസ്ട്രാർ അയയ്ക്കുന്നത്. ഇക്കാര്യത്തിൽ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളൊന്നുമില്ലെങ്കിലും അധ്യാപക നിയമനാധികാരിയാണ് വിസി എന്നതിനാൽ, നടപടികളെല്ലാം അദ്ദേഹത്തിന്റെ അറിവോടെ വേണം. റാങ്ക്പട്ടിക സിൻഡിക്കറ്റ് അംഗീകരിച്ച ശേഷം, ഉദ്യോഗാർഥിക്ക് ഓഫർ ലെറ്റർ നൽകുന്നതു വരെയുള്ള അധ്യാപക നിയമന നടപടികൾ വർഷങ്ങളായി വിസിയുടെ അറിവോടെയല്ല കണ്ണൂരിൽ നടക്കുന്നത്.