നഷ്ടമായത് പെരിഞ്ചെല്ലൂരിന്റെ വേദപണ്ഡിതനെ
Mail This Article
തളിപ്പറമ്പ്∙ ഇ.പി.ഹരിജയന്തൻ നമ്പൂതിരിയുടെ വിയോഗത്തോടെ പെരിഞ്ചെല്ലൂരിന് നഷ്ടമായത് പ്രമുഖ താന്ത്രിക യജുർവേദ പണ്ഡിതനെ. ബാല്യകാലത്ത് പിതാവ് മുയ്യം ഇരുവേശി പുടയൂർ ഇല്ലം നാരായണൻ നമ്പൂതിരിയിൽ നിന്ന് തന്ത്രം, വേദം, സ്മാർത്തം എന്നിവയിൽ പഠനം നടത്തിയ ശേഷം 16ാം വയസ്സിൽ രാജരാജേശ്വര ക്ഷേത്രത്തിൽ തന്ത്രിയായി അവരോധിക്കപ്പെട്ട ഹരി ജയന്തൻ നമ്പൂതിരി പിന്നീട് അധ്യാപകനായും എഇഒ ആയും പ്രവർത്തിച്ചിരുന്നു.
ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന തന്ത്രിയായിരുന്ന ഹരി ജയന്തൻ നമ്പൂതിരി ക്ഷേത്രം ഉൾപ്പെടുന്ന ടിടികെ ദേവസ്വത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും പെരളശ്ശേരി സുബ്രഹ്ണ്യ സ്വാമി ക്ഷേത്രം, മക്രേരി, കണ്ടന്തളി ക്ഷേത്രം തുടങ്ങി താൻ തന്ത്രിയായ നൂറിലധികം ക്ഷേത്രങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചിരുന്നു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള വീട്ടിൽ അദ്ദേഹം ഉള്ളപ്പോൾ ആർക്കും എപ്പോഴും സന്ദർശിക്കാമായിരുന്നു.
ആലപ്പടമ്പ് ഹൈസ്കൂളിലാണ് ആദ്യമായി അധ്യാപക ജോലിയിൽ പ്രവേശിച്ചത്. 15 വിദ്യാലയങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറായി വിരമിച്ചത്. പെരിഞ്ചെല്ലൂർ എന്നറിയപ്പെടുന്ന തളിപ്പറമ്പിന്റെ ചരിത്രം തയാറാക്കാനുള്ള തീവ്രയത്നത്തിലായിരുന്നു സർവീസിന് ശേഷമുള്ള കാലങ്ങളിൽ. എഡി 1310 ലെ ചാരുദാമോദരോയത്തെ കുറിച്ച് പഠനം നടത്തിയെങ്കിലും പൂർത്തിയാക്കാൻ സാധിക്കാത്തിന്റെ ദുഃഖം അടുത്ത് ബന്ധമുള്ളവരോട് പങ്ക് വച്ചിരുന്നു.
6 പ്രമുഖ വൈദിക വേദ പണ്ഡിത കുടുംബങ്ങളിൽ പ്രമുഖരായ ഇരിങ്ങാലക്കുട കൈമുക്ക് വൈദികന്റെ ഇല്ലത്ത് 2012 ൽ അതിരാത്ര യാഗം നടത്തിയപ്പോൾ പ്രത്യേക ക്ഷണിതാവായി ഹരി ജയന്തൻ നമ്പൂതിരി പങ്കെടുത്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത, കേന്ദ്രമന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ളവർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ ഹരി ജയന്തൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്.