തലശ്ശേരി റെയിൽവേ സ്റ്റേഷൻ; 5.35 കോടിയുടെ നിർമാണം പുരോഗമിക്കുന്നു; ആകെ അനുവദിച്ചത് 22 കോടി

Mail This Article
തലശ്ശേരി∙ റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു. പാലക്കാട് ഡിവിഷനിലെ ആദ്യ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തലശ്ശേരിയിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 5.35 കോടി രൂപയുടെ സിവിൽ വർക്കുകളാണ് ആദ്യഘട്ടത്തിൽ പുരോഗമിക്കുന്നത്. ഇതിന് പുറമേ, ഇലക്ട്രിക്കൽ വർക്കുകളും ടെലി കമ്യൂണിക്കേഷൻ പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്.
അമൃത് ഭാരത് പദ്ധതിയിൽ തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി 22 കോടി രൂപയുടെ പ്രവൃത്തികളാണ് പ്രഖ്യാപിച്ചത്. അതിൽ ഒന്നാം ഘട്ട പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഒന്നാം പ്ലാറ്റ്ഫോമിന് പിറകിൽ ഫുഡ് പ്ലാസ, പാർക്കിങ് ഏരിയ എന്നിവ വിപുലപ്പെടുത്തും. രണ്ടാം പ്ലാറ്റ് ഫോമിൽ പതിനായിരം സ്ക്വയർ ഫീറ്റിൽ പാർക്കിങ് ഏരിയ വിപുലപ്പെടുത്തും.

പ്ലാറ്റ്ഫോമിൽ മേൽക്കൂര ഇല്ലാത്തിടത്തെല്ലാം മേൽക്കൂര സ്ഥാപിക്കും. ഒന്നാം പ്ലാറ്റ്ഫോമിന് മുൻപിൽ പൂന്തോട്ടം ഒരുക്കും. രണ്ടാം പ്ലാറ്റ്ഫോമിനു പിറകിൽ അലുമിനിയം പാനൽ, എച്ച്പിഎൽ ഷീറ്റ്, ഗ്ലാസ് എന്നിവ ഉപയോഗിച്ചുള്ള ഫേക്കഡ് വാൾ നിർമിച്ചു മോടി കൂട്ടും. ഇവിടെയും വാക്ക് വേ നിർമിക്കും.
ഇരുഭാഗത്തും ലൈറ്റ് സ്ഥാപിക്കും. രണ്ടാം പ്ലാറ്റ്ഫോം ഉയർത്തി നീളം കൂട്ടി. 24 ബോഗികളുടെ നീളത്തിൽ പൂർണമായും പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരയുണ്ടാവും. ഇതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ആദ്യഘട്ട പ്രവൃത്തി മേയ് മാസത്തോടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
ഒന്നാം പ്ലാറ്റ്ഫോമിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ സ്റ്റേഷൻ പരിസരം പൊടി മൂടിയിരിക്കുകയാണ്. ഇവിടെ പാർക്ക് ചെയ്ത് ഓടുന്ന ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്കു പൊടിയുടെ അലർജി മൂലം ആശുപത്രികളിൽ കഴിയേണ്ടി വന്നെന്നും പരാതിയുണ്ട്.