ADVERTISEMENT

കൂത്തുപറമ്പ്∙ ആഹ്ലാദം പതഞ്ഞൊഴുകി മാഹി ശാഖാ കനാലിലും പഴശ്ശി ജലം ഒഴുകിയെത്തി. ആഴ്ചകളുടെ കാത്തിരിപ്പിനൊടുവിലാണ് ബ്രാഞ്ച് കനാലിൽ വെള്ളം ഇരമ്പി എത്തിയത്. പഴശ്ശി ജലസംഭരണിയിൽ നിന്ന് കൃഷിക്കായി കനാലിൽ വെള്ളം ഒഴുക്കി വിടുന്നു എന്ന വാർത്ത കർഷകർക്ക് ഏറെ ആഹ്ലാദം പകർന്നിരുന്നു. മാഹി ബ്രാഞ്ച് കനാൽ പരിസരത്തുള്ള കൃഷിയിടങ്ങളിലെ ജനങ്ങളും ജല ലഭ്യത പ്രതീക്ഷിച്ച് ഏറെ ആഹ്ലാദത്തിലായിരുന്നു.പ്രധാന കനാലിൽ നേരത്തെ വെള്ളം എത്തിയെങ്കിലും ഇന്നലെയാണ് മാഹി ബ്രാഞ്ച് കനാലിലേക്ക് വെള്ളം തുറന്നു വിട്ടത്.

പ്രധാന കനാലിലേക്ക് വെള്ളം തുറന്ന് വിടുന്ന സന്ദർഭത്തിൽ തന്നെ മാഹി ബ്രാഞ്ച് കനാൽ പരിസരത്തെ ജനങ്ങൾക്കും കൃഷിക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.ഈ വെള്ളം ഒഴുകിയെത്തുന്ന ഭാഗത്തെ ആമ്പിലാട് പാടശേഖരത്തിൽ നെൽക്കൃഷി വിളവെടുക്കാൻ ആയതിനാൽ വെള്ളം തുറന്നുവിടുന്നത് നെൽക്കൃഷി വെള്ളക്കെട്ടിലാകാൻ ഇടയുണ്ടെന്ന ആശങ്ക ഉയർന്നിരുന്നു. ഇവർ കൂടി ഇടപെട്ടതിനാലാണ് ബ്രാഞ്ച് കനാലിലേക്ക് വെള്ളം തുറന്നു വിടുന്നത് വൈകിപ്പിച്ചത്.3 ദിവസം മുൻപേ കൊയ്ത്ത് കഴിഞ്ഞിരുന്നു. തുടർന്നാണ് മാഹി ശാഖാ കനാലിൽ വെള്ളമെത്തിയത്.

വേങ്ങാട് വളയാലിൽ നിന്ന് ബ്രാഞ്ച് കനാലിലേക്ക് ഒഴുക്കിവിട്ട വെള്ളം വേങ്ങാട് ഫീഡ് ബൂത്തിലും സീഡ് ഫാമിലും എത്തിച്ച ശേഷമാണ് 4 കിലോമീറ്റർ അകലെയുള്ള മാങ്ങാട്ടിടം കുറുമ്പുക്കൽ ഫീഡ് ബൂത്തിൽ എത്തിച്ചത്.കൂത്തുപറമ്പ് നഗരസഭാ പ്രദേശത്ത് എത്തിയ ശേഷമാണ് കോട്ടയം, പാട്യം പഞ്ചായത്തിലേക്ക് വെള്ളമെത്തിച്ചത്. കീഴല്ലൂർ, പാട്യം, കോട്ടയം, കൂത്തുപറമ്പ് നഗരസഭ പരിധിയിലെ 145 ഹെക്ടർ സ്ഥലത്തുള്ള കൃഷിയിടങ്ങളിലാണ് മാഹി ഉപകനാലിൽ നിന്ന് പദ്ധതി വക ജലസേചനം സാധ്യമാക്കുന്നത്.കോടികൾ മുടക്കിയുള്ള പദ്ധതിക്ക് വീണ്ടും ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ചാണ് വെള്ളം തുറന്ന് വിടാൻ പാകപ്പെടുത്തിയത്. കനത്ത വേനലിൽ കൃഷിക്ക് വെള്ളമെത്തിയതിന്റെ ആഹ്ലാദത്തിലാണ് കർഷകർ. പച്ചക്കറി, തെങ്ങ് കർഷകർക്ക് ഇത് ഏറെ അനുഗ്രഹമായി മാറിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com