സംസ്ഥാന ബജറ്റിന്റെ ചുവട് പിടിച്ച് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
Mail This Article
പേരാവൂർ∙ ഈ വർഷത്തെ സംസ്ഥാന ബജറ്റിന്റെ ചുവട് പിടിച്ച് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 70,05,06,294 രൂപ വരവും 70,00,31,274 രൂപ ചെലവും 4,75,020 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി ഇനത്തിലും മെറ്റീരിയൽ ഫണ്ട് ഇനത്തിലുമാണ് കൂടുതൽ വരവും, ചെലവും പ്രതീക്ഷിക്കുന്നത്.
രണ്ടിനത്തിലും കൂടി 50,81,92,410 രൂപയാണ് നീക്കി വച്ചിട്ടുള്ളത്. പൊതു വിഭാഗത്തിൽ 3.12 കോടിയും റോഡിതര അറ്റകുറ്റപ്പണികൾക്ക് 1.39 കോടിയും വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് 3.08 കോടിയും എംപിഎൽഎഡിഎസ് ന് 4.9 കോടിയും ലഭിക്കുമെന്ന് ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ പേരാവൂർ താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വർധനയ്ക്കായി 1.63 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പിഎംഎവൈ പദ്ധതി, ഹെൽത്ത് ഗ്രാന്റ് എന്നിവയ്ക്ക് പ്രതീക്ഷിത വരവും ചെലവും ഇല്ല. കഴിഞ്ഞ വർഷം 54 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചിരുന്നത്. ബജറ്റ് യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പ്രീത ഗംഗാധരൻ ബജറ്റ് അവതരിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കൊട്ടിയൂർ, കേളകം, കണിച്ചാർ, കോളയാട്, മാലൂർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തു.