ADVERTISEMENT

കണ്ണൂർ∙ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ ജില്ലാതല കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം കലക്ടർ അരുൺ കെ.വിജയൻ നിർവഹിച്ചു.  സംസ്ഥാന ബഡ്സ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാമതെത്തിയ കെ.മുബീന, സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാമതെത്തിയ അജിന രാജ്, നാടോടിനൃത്തത്തിൽ മൂന്നാമതെത്തിയ നകുൽ കെ.പ്രസാദ്, നാടൻപാട്ടിനു രണ്ടാമതെത്തിയ കെ.പി.അഫ്താബ്, ഉജ്വലബാല്യം പുരസ്കാര ജേതാവ് വചസ് രതീഷ്, വിവിധ ക്വിസ് മത്സരങ്ങളിൽ ഒന്നാമതെത്തിയ യു.പൂർണിമ, ‘ജിന്ന്’ നോവലെഴുതിയ റഫ്സാന എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഇവർക്കുള്ള കാഷ് പ്രൈസ് സ്പോൺസർ ചെയ്തത് ഭിന്നശേഷിക്കാരനായ വിഷ്ണു സുരേഷാണ്. വിഷ്ണുവിന് ഈയിടയ്ക്കാണ് സൂപ്പർമാർക്കറ്റിൽ ജോലി ലഭിച്ചത്. തന്റെ ആദ്യ ശമ്പളത്തിന്റെ ഒരു തുക മാറ്റിവച്ചാണ് പുരസ്കാരത്തിനു വേണ്ട തുക നൽകിയത്. ചടങ്ങിൽ പരിവാർ ജില്ലാ പ്രസിഡന്റ് പി.മുരളീധരൻ അധ്യക്ഷനായി. ജില്ലാ കോഓർഡിനേറ്റർ സി.രമേശൻ, അഡ്വ.ജമീൽ അഹമ്മദ്, എം.പി.കരുണാകരൻ, കെ.എം.ബീന, ടി.ഷബിൻ എന്നിവർ പ്രസംഗിച്ചു.

അണയുന്നില്ലല്ലോ നെഞ്ചിലെ കനൽ...
ചെറിയ കുട്ടികളായതുകൊണ്ടല്ല, മാതാപിതാക്കൾ അവരെ തോളിലേറ്റി നടക്കുന്നത്. കൈ വിടാതെ പിടിക്കുന്നത്. സദസ്സിലിരുന്നു ശബ്ദമുയർത്തുമ്പോൾ ശകാരിക്കാത്തത്. പരിമിതികളെ അതിജീവിക്കാൻ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് അത്രമേൽ മനസ്സിലാക്കിയിട്ടുള്ള മാതാപിതാക്കൾക്ക് അവരെന്നും കുഞ്ഞുങ്ങൾ തന്നെയായതുകൊണ്ടു മാത്രമാണ്. 

തങ്ങളുടെ ജീവിതം മുഴുവൻ‍ കുഞ്ഞുങ്ങൾക്കായി മാറ്റിവച്ചിട്ടും ഇവരെ കാത്തിരിക്കുന്നത് അനേകമനേകം പ്രതിസന്ധികൾ. നിരാമയ ഇൻഷുറൻസ് ലഭ്യമല്ലാത്തതു മാത്രമല്ല, ആശുപത്രിയിൽ നിന്ന് ആവശ്യത്തിനു മരുന്നുപോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നു രക്ഷിതാക്കൾ പറയുന്നു. സ്പെഷൽ അധ്യാപകരുടെ കുറവു മൂലം കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാനാകുന്നില്ല. സ്കൂളിൽ പോകുന്നവർക്കാകട്ടെ തുടർപഠന സാധ്യതയില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. 

‘‍ഞങ്ങളുടെ കാലശേഷം കുട്ടികളെ ആരു നോക്കുമെന്ന ആശങ്കയാണ് എപ്പോഴും. സാധാരണ കുട്ടികളെപ്പോലും ഏറ്റെടുക്കാൻ ബന്ധുക്കൾ മടികാണിക്കുന്ന കാലത്ത് ഞങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരായിപ്പോകില്ലെന്ന് എന്താണ് ഉറപ്പ്? വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടവരല്ല ഈ കുഞ്ഞുങ്ങൾ‍. ശരിയായ പരിശീലനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും കുട്ടികൾക്കു ചെറിയ വരുമാനമെങ്കിലും സാധ്യമാക്കും. അതിനാവശ്യമായ നടപടികളാണു സ്വീകരിക്കേണ്ടത്’, ജില്ലാ കോഓർഡിനേറ്റർ സി.രമേശൻ പറഞ്ഞു.

ഭിന്നശേഷി ഫണ്ട് ഇതുവരെ രൂപീകരിക്കപ്പെട്ടിട്ടില്ല. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ തുക നീക്കിവയ്ക്കേണ്ട ഫണ്ടാണ് ഭിന്നശേഷി ഫണ്ട്. 2016ലെ ഭിന്നശേഷി അവകാശ നിയമം വകുപ്പ് 88 പ്രകാരം രൂപീകരിക്കേണ്ട ഫണ്ടാണ് 7 വർഷം കഴിഞ്ഞിട്ടും രൂപീകരിക്കാത്തത്. ജില്ലാതല കമ്മിറ്റി രൂപീകരിച്ചെങ്കിലും തുടർപ്രവർത്തനങ്ങളൊന്നും ഇതുവരെയും നടന്നിട്ടില്ല.

ഇതിനുപുറമേയാണ്, അനുവദിച്ചിട്ടുള്ള ‘ആശ്വാസകിരണം’ മുടങ്ങിയത്. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കും കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുമായി സഹായധനം നൽകുന്ന പദ്ധതിയാണ് ആശ്വാസകിരണം. പ്രതിമാസം 600 രൂപയാണു ലഭിക്കുക. രണ്ടര വർഷമായി സഹായധനം ലഭിക്കാത്ത കുടുംബങ്ങളും ജില്ലയിലുണ്ട്. പദ്ധതിയിലേക്കു ഭിന്നശേഷിക്കാരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച അപേക്ഷകളിൽ 2018 മുതലുള്ള ഒരു അപേക്ഷയും സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com