കുട്ടികളുടെ ഭാവി തീരുമാനിക്കേണ്ടത് അധ്യാപകരല്ല: മോർട്ടൻ മെൽഡൽ
Mail This Article
കണ്ണൂർ∙രസതന്ത്രം പഠിച്ചിട്ട് മനസ്സിലാകുന്നിലെങ്കിൽ പഠിപ്പിക്കുന്നതിലാണ് പിഴവെന്ന് നൊബേൽ സമ്മാന ജേതാവ് പ്രഫ. മോർട്ടൻ പീറ്റർ മെൽഡൽ. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അധ്യാപകരോടും വിദ്യാർഥികളോടും സംവദിക്കുകയായിരുന്നു, രസതന്ത്രത്തിൽ നൊബേൽ നേടിയ മോർട്ടൻ മെൽഡൽ.പുസ്തകം വായിക്കുക എന്നതിൽ മാത്രമായി പഠനം മാറരുത്. സ്വന്തം ഭാവി തീരുമാനിക്കേണ്ടത് വിദ്യാർഥികളാണ്, അധ്യാപകരല്ല. അവർക്കുവേണ്ട പിന്തുണ നൽകുകയാണ് അധ്യാപകർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി ഒരുക്കിയ ‘സിംഫണി ഓഫ് മോളിക്യുൾസ്; എ ഡേ വിത്ത് നൊബേൽ ലോറേറ്റ്’ എന്ന പരിപാടിക്ക് പത്നി പെഡ്രിയ മേരി ഹിലയറിനൊപ്പമെത്തിയ അദ്ദേഹത്തെ വൈസ് ചാൻസലർ പ്രഫ. എസ്.ബിജോയ് നന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.സിൻഡിക്കറ്റ് അംഗങ്ങളായ എൻ.സുകന്യ, ഡോ. എ.അശോകൻ, കെ.വി.പ്രമോദ് കുമാർ, സയൻസ് വിഭാഗം ഡീൻമാരായ പ്രഫ. എസ്.സുധീഷ്, പ്രഫ. പി.കെ.പ്രസാദൻ, ഐക്യുഎസി ഡയറക്ടർ പ്രഫ. എ.സാബു, റജിസ്ട്രാർ പ്രഫ. ജോബി കെ.ജോസ് എന്നിവർ പ്രസംഗിച്ചു.
തന്മാത്രകൾ കൂടിച്ചേർന്നു സങ്കീർണ രാസസംയുക്തങ്ങൾക്കു രൂപം നൽകുന്ന ക്ലിക്, ബയോ ഓർത്തോഗണൽ രസതന്ത്ര ശാഖ വികസിപ്പിച്ചതിനാണ് കാൾ ബാരി ഷാർപ്‌ലസ്, കാരലിൻ ബെർടോസി എന്നിവർക്കൊപ്പം മോർട്ടൻ മെൽഡലിന് 2022ൽ നൊബേൽ ലഭിച്ചത്