ADVERTISEMENT

കണ്ണൂർ∙ കേന്ദ്ര–സംസ്ഥാന ഭരണങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ ജാഥ ജില്ലയിൽ. കരിവെള്ളൂർ ആണൂരിൽ ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരിച്ച ജാഥ പയ്യന്നൂർ, തളിപ്പറമ്പ്, ചിറവക്ക് വഴി ശ്രീകണ്ഠാപുരം, ഇരിക്കൂർ, മട്ടന്നൂർ കോളജ് വഴി വൈകിട്ട് മട്ടന്നൂർ ടൗണിലെത്തി. ആയിരക്കണക്കിനു പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആവേശകരമായ സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്. 

‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര നയിച്ച് കണ്ണൂരിലെ സ്വീകരണവേദിയിലെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുഖ്യാതിഥികളായ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ പ്രവർത്തകർ കൂറ്റൻ പൂമാല അണിയിച്ചപ്പോൾ.              ചിത്രം: മനോരമ
‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര നയിച്ച് കണ്ണൂരിലെ സ്വീകരണവേദിയിലെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുഖ്യാതിഥികളായ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ പ്രവർത്തകർ കൂറ്റൻ പൂമാല അണിയിച്ചപ്പോൾ. ചിത്രം: മനോരമ

മട്ടന്നൂരിൽ പൊതുസമ്മേളനം എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാൾ ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ സർക്കാരും മോദി സർക്കാരും ഒരു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. മോദിയും പിണറായിയും കൂട്ടുഭരണമാണ് നടത്തുന്നത്. മുഖ്യമന്ത്രി ജയിലിലാകാത്തത് ബിജെപിയുമായുള്ള അന്തർധാര കൊണ്ടു മാത്രമാണ്. അഴിമതിയുടെ തലൈവരാണ് ഇരുവരും. എല്ലാ നിയമവും ലംഘിച്ച് പിൻവാതിൽ വഴി പാർട്ടിക്കാർക്കു തൊഴിൽ നൽകുന്നുവെന്നും പെരുമാൾ കുറ്റപ്പെടുത്തി.

കെപിസിസിയുടെ ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി കണ്ണൂരിൽ നടന്ന പൊതുസമ്മേളനം എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഉദ്ഘാടനം ചെയ്യുന്നു.                                                                                                                                                                                                      ചിത്രം: മനോരമ
കെപിസിസിയുടെ ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി കണ്ണൂരിൽ നടന്ന പൊതുസമ്മേളനം എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജാഥാ നായകരായ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, ചന്ദ്രൻ തില്ലങ്കേരി, സജീവ് ജോസഫ് എംഎൽഎ, എ.പി.അനിൽകുമാർ എംഎൽഎ, കെ.ജയന്ത്, വി.പി.സജീന്ദ്രൻ, സുരേഷ് മാവില എന്നിവർ പ്രസംഗിച്ചു. കണ്ണൂർ കാൽടെക്സ് പരിസരത്തും കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ട വൻ ജനാവലി ജാഥയെ സ്വീകരിച്ചു. 

ബാൻഡ്, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ സേവാദൾ വൊളന്റിയർമാരും പാർട്ടി പ്രവർത്തകരും ഘോഷയാത്രയായാണ് ജാഥാ നായകരെ പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചത്. സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. മേയർ മുസ്‌ലിഹ് മഠത്തിൽ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരിം ചേലേരി, ഡിസിസി സെക്രട്ടറി കെ.പ്രമോദ്, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു. 

ലീഗിന് കോൺഗ്രസുമായുള്ളത് 50 വർഷം പിന്നിട്ട ബന്ധം: മുനവ്വറലി തങ്ങൾ
രാജ്യത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ അത് ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. ഇതു തടയാനുള്ള ഏക മാർഗം കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ്. സമരാഗ്നി  പ്രക്ഷോഭ ജാഥയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  അൻപതു വർഷം മുൻപ് തുടങ്ങിയ ഹൃദയബന്ധമാണ് കോൺഗ്രസും  ലീഗും തമ്മിലുള്ളത്. ഏതു പ്രതിസന്ധിയിലും കൂടെ നിന്നതാണ് ചരിത്രം. ലക്ഷ്യം നേടുംവരെ കോൺഗ്രസിനൊപ്പം മുസ്‌ലിം ലീഗ് ഉറച്ചു നിൽക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ ഉറപ്പു നൽകി. 

ബംഗാളിൽ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു തന്റെ ഭർത്താവ് പ്രിയരഞ്ജൻ ദാസ്മുൻഷിയെന്ന് ഉദ്ഘാടകയായ ദീപാ ദാസ്മുൻഷി പറഞ്ഞു. സിപിഎം ക്രിമിനലുകൾ ആക്രമിച്ച് മൃതപ്രായനാക്കി റെയിൽവേ ട്രാക്കിൽ കൊണ്ടുചെന്നിട്ടത് ശ്രദ്ധയിൽപ്പെട്ട ആളുകളാണ് ജീവൻ രക്ഷിച്ചത്. സമാനമായ അക്രമങ്ങളെ നേരിട്ടാണ് കെ.സുധാകരന്റെ നേതൃത്വത്തിൽ കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതെന്നു മനസ്സിലാക്കുന്നുവെന്നും ദീപ ദാസ്മുൻഷി പറഞ്ഞു.

കൈ കുത്തിയാൽ കാൽപണം എന്ന ചിന്ത മാത്രമാണ് പിണറായി വിജയന് ഇപ്പോഴുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ബ്രണ്ണനിൽ പഠിക്കുന്ന കാലത്തു കണ്ട പിണറായി അഴിമതിക്കാരൻ ആയിരുന്നില്ല. എന്നാൽ ഇപ്പോൾ പണം പണം പണം എന്ന ഒറ്റച്ചിന്തയേ പിണറായിക്കുള്ളൂ എന്നു വ്യക്തമാക്കുന്ന ഒട്ടേറെ തെളിവുകൾ മുന്നിലുണ്ടെന്നും സുധാകരൻ പറഞ്ഞു.

‘മടിയിൽ കനമുണ്ട്, കൈകൾ ശുദ്ധമല്ല, അന്വേഷണത്തെ പേടിയുമുണ്ട്’ എന്ന സ്ഥിതിയിലാണ്  മുഖ്യമന്ത്രിയും കുടുംബവുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചു. എസ്എഫ്ഐഒ അന്വേഷണം വന്നതോടെ കെഎസ്ഐഡിസിയെക്കൊണ്ട് കേരള ഹൈക്കോടതിയിലും മകളെക്കൊണ്ട് കർണാടക ഹൈക്കോടതിയിലും ഹർജികൾ നൽകിയത് പിണറായി പേടിച്ചതിന്റെ തെളിവാണന്നും സതീശൻ പരിഹസിച്ചു.

ജനകീയ ചർച്ചാ സദസ്സ് ഇന്ന്
സമരാഗ്നി ജാഥയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ ചർച്ചാ സദസ്സ് ഇന്ന്. രാവിലെ 10 മുതൽ 12 വരെ ഹോട്ടൽ പാംഗ്രൂവിലാണ് പരിപാടി. സമൂഹത്തിലെ പരശ്വവൽക്കരിക്കപ്പെട്ടവരും നീതിനിഷേധം നേരിടുന്നവരും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവൈകല്യം മൂലം കഷ്ടത അനുഭവിക്കുന്നവരുമായ വ്യക്തികളെയും സംഘടനകളെയും നേരിൽ കാണുകയും പ്രശ്നങ്ങളും പരാതികളും കേൾക്കുകയും ചെയ്യും.

ചർച്ചയിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ രേഖയാക്കി അധികാരികൾക്ക് നൽകുമെന്നും ജനകീയ പ്രശ്നങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നും ചെയർമാൻ പഴകുളം മധു, കൺവീനർ സജീവ് ജോസഫ് എംഎൽഎ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com