അടിപ്പാതയ്ക്ക് ഇരുട്ടടി! കഴിഞ്ഞ വർഷത്തെ ബജറ്റിൽ 6 കോടി, നടന്നത് പരിശോധനകൾ മാത്രം

Mail This Article
പഴയങ്ങാടി∙മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്, അതിൽ നിന്ന് രക്ഷപ്പെടണം എന്ന ആഗ്രഹം മാത്രമാണ് പഴയങ്ങാടിക്കുള്ളത്. ആ കുരുക്കിന്റെ പ്രധാന കാരണമായ റെയിൽവേ അടിപ്പാത നവീകരിച്ചാൽ വലിയ മാറ്റമുണ്ടാകും.
അതറിഞ്ഞാണ് കഴിഞ്ഞ വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയത്. തുടർന്ന് പ്രാഥമിക പരിശോധനയും മറ്റും നടന്നുവെങ്കിലും നവീകരണം എങ്ങുമെത്തിയില്ല.
പലപ്പോഴും ഗതാഗത കുരുക്ക് പഴയങ്ങാടി ടൗൺവരെയും റെയിൽവേ സ്റ്റേഷൻ വരെയും നീളും. ശനി,ഞായർ ദിവസങ്ങളിൽ മാട്ടൂൽ, പുതിയങ്ങാടി ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്നവർ ഇവിടത്തെ ഈ ദുരിതം അനുഭവിക്കുന്നവരാണ്. ജനകീയ കൂട്ടായ്മയിൽ അടിപ്പാത നവീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്.
ഒരുവർഷം കഴിഞ്ഞിട്ടും നവീകരണത്തിന് ജീവൻ വയ്ക്കാത്തത് ജനരോഷത്തിനു ഇടയാക്കിയിട്ടുണ്ട്.
ഇതിനിടയിൽ പഴയങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ തീരാദുരിതമായ റെയിൽവേ അടിപ്പാത വിഷയത്തിൽ സർക്കാരുകൾ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കണം എന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് പാർലമെന്റിലും നിവേദനത്തിലും ആവശ്യപ്പെട്ടിരുന്നു.