ഇൻസ്റ്റഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പ്; യുവാവ് പിടിയിൽ
Mail This Article
കണ്ണൂർ∙ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും തുടർന്നു സ്വകാര്യ ചിത്രം വ്യാജമായുണ്ടാക്കി ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്തയാളെ സൈബർ പൊലീസ് ഇൻസ്പെക്ടർ ഷാജു ജോസഫ് അറസ്റ്റ് ചെയ്തു. ഇരയായ പെൺകുട്ടിയുടെ പരാതിയിൽ കപ്പക്കടവ് നുച്ചിത്തോട് കളത്തിൽ ഹൗസിൽ മുഹമ്മദ് സഫ്‌വാൻ (23) ആണ് അറസ്റ്റിലായത്.
സമൂഹമാധ്യമങ്ങളിൽ നിന്ന് ഒട്ടേറെ പെൺകുട്ടികളുടെ ഫോട്ടോ ശേഖരിച്ച്, ഇയാൾ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയതായും ഫോട്ടോകൾ ദുരുപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതി 2 ഫോണുകളും 4 സിമ്മുകളും ഉപയോഗിച്ചതായും കണ്ടെത്തി.
ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിലെത്തിയതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുഭാഷ് ചന്ദ്രൻ, ഉദയകുമാർ, എഎസ്ഐ ജ്യോതി, എസ്‌സിപിഒ സിന്ധു , സിപിഒ അജിത്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശ്രദ്ധിക്കുക
∙അനാവശ്യ /അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, അനാവശ്യ വെബ്സൈറ്റ് സന്ദർശിക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്.
∙ഫോണുകളിൽ വിശ്വാസ്യതയുള്ള ആപ്ലിക്കേഷനുകൾ മാത്രം ഉപയോഗിക്കുക.
∙ലോൺ ആപ്പുകൾ മിക്കവയും ഫോണിലെ മുഴുവൻ ഡേറ്റയും ചോർത്തും.
∙ടെലിഗ്രാം,ഇൻസ്റ്റഗ്രാം വഴിയോ മറ്റു ലിങ്കുകൾ വഴിയോ ജോലി വാഗ്ദാനം ചെയ്തു നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്.
∙വിശ്വാസ്യതയുള്ള ആപ്പുകൾ വഴി മാത്രം ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുക.
∙ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ലിങ്കുകൾ വഴിയുള്ള ഓൺലൈൻ കച്ചവടം സുരക്ഷിതമല്ല.
∙ബാങ്ക് അക്കൗണ്ട് നമ്പർ, യൂസർ ഐഡി, പാസ്‌വേഡ്, ഒടിപി എന്നിവ കൈമാറരുത്.
∙പണം ഓഫർ ചെയ്യുന്ന ഓൺലൈൻ ടാസ്‌കുകളിൽ പങ്കെടുക്കരുത്. അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടപ്പെട്ടേക്കാം.
∙കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ വിളിക്കേണ്ടത്: 1930. പരാതി നൽകാൻ: www.cybercrime.gov.in.