ADVERTISEMENT

ശ്രീകണ്ഠപുരം∙ 42 കിലോമീറ്റർ കാനനപാതകൾ താണ്ടി ഇക്കുറിയും കാളപ്പുറത്ത് അരിയുമായി കുടകർ എത്തി. 3 ദിവസത്തെ കാൽനടയാത്ര ചെയ്താണ് കുടകർ ഇന്നലെ രാവിലെ പയ്യാവൂർ ശിവക്ഷേത്രത്തിൽ അരി എത്തിച്ചത്. കുടകുനാട്ടിലെ മുണ്ടയോടൻ, ബഹൂരിയൻ വീട്ടുകാരാണ് ഇന്നലെ പയ്യാവൂർ ശിവക്ഷത്രത്തിൽ അരി എത്തിച്ചത്. പയ്യാവൂർ ശിവക്ഷേത്രത്തിലും വയത്തൂർ ക്ഷേത്രത്തിലുമാണ് ഇത്തരത്തിൽ കുടകുനാട്ടിൽ നിന്ന് അരി കൊണ്ടു വരുന്നത് എന്നതും ഈ ചടങ്ങിന്റെ പ്രത്യേകതയാണ്.

പണ്ട് ഒരു വറുതിക്കാലത്ത് പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം മുടങ്ങിപ്പോയപ്പോൾ ഭഗവാൻ നേരിട്ട് കുടകിൽ എത്തി ഊട്ടുത്സവത്തിന്റെ ചെലവിന് ആവശ്യമായ അരി എത്തിക്കാൻ ഏർപ്പാടാക്കിയതായാണ് വിശ്വാസം. പയ്യാവൂരിലേക്ക് അരി കൊണ്ടു പോകുന്ന ചടങ്ങ് കുടകിൽ വലിയ ആഘോഷവും അംഗീകാരവുമാണ്. 12ന് രാവിലെയാണ് കാളകളുമായി എത്തിയ കുടകർ ക്ഷേത്രത്തിൽ അരി സമർപ്പിക്കുന്നതെങ്കിലും 11ന് തന്നെ ഇവർ പയ്യാവൂരിന് അടുത്ത പഴശിക്കോട്ടത്ത് എത്തി താമസിക്കും.

 അവിടെ നിന്ന് പുലർച്ചെ പയ്യാവൂരിലേക്ക് തിരിക്കുകയാണ് പതിവ് രീതി. ഉത്സവത്തിന്റെ തുടക്കത്തിൽ അരി എത്തിച്ച കുടകർ അടുത്ത ദിവസം തന്ന കുടകിലേക്ക് തിരിച്ചു പോകും. ഇനി കുഭം 8നാണ് അടുത്ത അരി വരവ്. കുടകിലെ കടിയത്തുനാട്ടിൽ നിന്നാണ് കുഭം 8ന് കാളപ്പുറത്ത് അരി എത്തുക. ഉത്സവകാലത്ത് അരിയുമായി എത്തുന്ന കുടകർ ക്ഷേത്രത്തിനടുത്ത കുടക് സ്ഥാനത്താണ് താമസിക്കുക. പ്രധാന ഉത്സവ ദിവസം ചൂളിയാട്ടുകാരുടെ ഓമനക്കാഴ്ച ക്ഷേത്രത്തിൽ എത്തിയാലാണ് കുടകർ മടങ്ങുക. 

ആൾക്കൂട്ടത്തിലൂടെ കാളകളെ ഓടിച്ച് കാട്ടിലൂടെ മടങ്ങുന്ന കുടകരെ യാത്രയയക്കുന്ന ചടങ്ങ് വീക്ഷിക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ പയ്യാവൂരിൽ ഒത്തു കൂടുക പതിവാണ്. ഇന്ന് വൈകിട്ട് താഴത്തമ്പലത്തിൽ നിന്ന് നടക്കുന്ന തിടമ്പെഴുന്നള്ളത്തോടെയാണ് പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് തുടക്കം കുറക്കുക. ഉത്തരമലബാറിൽ കുടക് മലയാളി കൂട്ടായ്മയ്ക്ക് കേളി കേട്ട ഉത്സവമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com