ADVERTISEMENT

കണ്ണൂർ∙ കാർബൺ ബഹിർഗമനമില്ലാത്ത അടുക്കള ഒരുക്കാൻ  ജില്ലയിലെ അങ്കണവാടികൾ. നവകേരളം കർമ പദ്ധതിയുടെ  ഭാഗമായി നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ - അങ്കൻ ജ്യോതി' പ്രവർത്തനങ്ങളിൽപെടുത്തിയാണു പുകയില്ലാത്ത അടുക്കളകൾ എന്ന ആശയം നടപ്പാക്കുന്നത്. അങ്കൻ ജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 20നു പെരളശ്ശേരിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  നിർവഹിക്കും. ജില്ലയിൽ ധർമടം മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലും മുഴക്കുന്ന്, പായം, ഉദയഗിരി, കുറുമാത്തൂർ, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.

പാചകത്തിന്റെ വേഗം കൂട്ടുകയും കാർബൺ ബഹിർഗമനമില്ലാതെ പാചകം ഉറപ്പാക്കുന്നതിനുമായി ഇൻഡക്‌ഷൻ കുക്കർ, ഇൻഡക്​ഷൻ ബേസ്‌ഡ് ഇഡലി കുക്കർ, ഉരുളി, പ്രഷർ കുക്കർ, റൈസ് കുക്കർ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. തിരുവനന്തപുരം കഴക്കൂട്ടത്ത് നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ക്യാംപെയ്നാണ് ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്നത്. 

ഊർജ ഓ‍ഡിറ്റ് ഉടൻ
ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിലെ ഊർജ ഉപയോഗം കാര്യക്ഷമമാക്കാൻ ഊർജ ഓഡിറ്റ് ഉടൻ നടത്തും. തിരുവനന്തപുരത്തെ എനർജി മാനേജ്മെന്റ് സെന്ററാണ് ഓഡിറ്റ് നടത്തുക. ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ ക്യാംപെയ്ൻ നടപ്പാക്കുന്ന തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥാപനങ്ങൾ നേരിടുന്ന ഊർജ പ്രശ്നങ്ങൾ മനസ്സിലാക്കുകയാണ് ഓഡിറ്റിന്റെ ലക്ഷ്യം.

ന്യൂനതകൾ പരിഹരിക്കാൻ നടപടിയെടുക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ. സോളർ പാനൽ, ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കും രൂപരേഖയായിട്ടുണ്ട്. ക്രൗഡ് ഫണ്ടിങ്, വൻകിട കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് എന്നിവ ഉപയോഗിച്ച് എനർജി മാനേജ്‌മെന്റ് സെന്ററിന്റെ സഹായത്തോടെ ഊർജ മാതൃകാ സ്ഥാപനങ്ങൾ ഒരുക്കാനും പദ്ധതിയിൽ  ലക്ഷ്യമിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com