ADVERTISEMENT

തളിപ്പറമ്പ്∙ കണ്ണൂർ റൂറൽ പൊലീസിന് കീഴിൽ ആലക്കോട് പുതിയ സൈബർ പൊലീസ് സ്റ്റേഷൻ അനുവദിച്ചു. ആലക്കോട് പൊലീസ് സ്റ്റേഷന്റെ പഴയ കെട്ടിടത്തിലാണ് കണ്ണൂർ റൂറൽ മുഴുവൻ പരിധിയിലുളള പുതിയ സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുക. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

 ആലക്കോട് പൊലീസ് സ്റ്റേഷന് വേണ്ടി പുതുതായി നിർമിച്ച കെട്ടിടം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. നിലവിലുള്ള കെട്ടിടം 2005 കാലഘട്ടത്തിൽ ഉദ്ഘാടനം ചെയ്ത ഏറെ പഴക്കമില്ലാത്ത കെട്ടിടമാണ്. അതിനാലാണ് ഇവിടെ സൈബർ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. കണ്ണൂർ റൂറൽ പൊലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പിൽ നിലവിൽ വന്ന ശേഷം ഇവിടെയുള്ള എസ്പി ഓഫിസ് കേന്ദ്രീകരിച്ച് സൈബർ സെൽ മാത്രമാണ് പ്രവർത്തിക്കുന്നത്. 5 ൽ താഴെയുള്ള ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്.

 ഇവർക്ക് സൈബർ കേസുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് നൽകുകയാണ് ചെയ്യുന്നത്. ആലക്കോട് പുതുതായി സൈബർ സ്റ്റേഷൻ വരുന്നതോടെ ഇൻസ്പെക്ടർ, എസ്ഐ, പൊലീസുകാർ, ടെക്നിക്കൽ ജീവനക്കാർ തുടങ്ങിയവരെയും നിയമിക്കും. ഇവർക്ക് ഐടി ആക്ട് 2000 അനുസരിച്ചുള്ളതും ഇതിന്റെ അനുബന്ധ അന്വേഷണം ആവശ്യമുള്ളതുമായ പരാതികൾ സ്വീകരിച്ച് നേരിട്ട് കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സാധിക്കും.

 സൈബർ തട്ടിപ്പ് സംബന്ധമായ സംഭവങ്ങൾ വർധിച്ച് വരുന്ന ഇന്നത്തെ സാഹചര്യത്തിൽ കണ്ണൂർ റൂറലിൽ ഈ മേഖലയിലെ കേസുകൾക്ക് പുതിയ സ്റ്റേഷൻ വരുന്നതോടെ അന്വേഷണങ്ങൾ കാര്യക്ഷമമാക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്. പുതിയ സ്റ്റേഷൻ കെട്ടിടം നിലവിൽ വന്നതിനൊപ്പം തന്നെ പഴയ പൊലീസ് ക്വാർട്ടേഴ്സ് പൊളിച്ച് നീക്കി 25 പൊലീസുകാർക്ക് താമസിക്കുവാൻ സാധിക്കുന്ന തരത്തിൽ ആധുനിക ക്വാർട്ടേഴ്സ് നിർമിക്കാനും അനുമതിയായിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം ഇതിന്റെയും നിർമാണം നടക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com