വീണ്ടും ഓൺലൈൻ തട്ടിപ്പ്; വ്യാജ വെബ്സൈറ്റ് വഴി ലോണിന് അപേക്ഷിച്ച് പണം നഷ്ടമായി
Mail This Article
കണ്ണൂർ∙ വ്യാജ വെബ്സൈറ്റ് വഴി ലോണിനു അപേക്ഷിച്ച ചൊക്ലി സ്വദേശിയായ യുവതിക്ക് 10,000 രൂപ നഷ്ടമായി . പ്രോസസ്സിങ് ഫീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്. ഓൺലൈനായി 10,000 രൂപ കൈപ്പറ്റുകയും പിന്നീട് ലോൺ അനുവദിക്കുകയോ, കൈപ്പറ്റിയ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് പരാതി.കണ്ണൂർ താണ സ്വദേശി അനധികൃത ലോൺ ആപ്പിലൂടെ ലോൺ എടുക്കുകയും ലോൺ തുക മുഴുവനായും തിരിച്ചടയ്ക്കുകയും ചെയ്തതിന് ശേഷവും പണം അടക്കാൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നിരവധി വ്യാജ വെബ്സൈറ്റുകൾ വഴിയും, ലോൺ ആപ് വഴിയും ചെറിയ പലിശ നിരക്കിൽ വായ്പ അനുവദിക്കും.
തുടർന്ന് ലോൺ പാസായിട്ടുണ്ടെന്നും മറ്റും വിശ്വസിപ്പിച്ച് വായ്പ ആവശ്യമുള്ളവരെ കൊണ്ട് തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിലേക്കോ, മറ്റോ പണം അടപ്പിക്കും. എടുത്ത ലോൺ തുക തിരിച്ചടച്ചാലും ഭീഷണിപ്പെടുത്തി ചതി ഒരുക്കുന്ന കേസുകളും വ്യാപകമായിട്ടുണ്ട്.അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ് നമ്പർ സംവിധാനം നിലവിലുണ്ട് . 24 മണിക്കൂറും പ്രവർത്തിക്കുന്ന 9497980900 എന്ന നമ്പറിൽ വാട്സാപ് വഴി വിവരങ്ങൾ കൈമാറാം.
ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, വോയ്സ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. ആവശ്യമുള്ള പക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചു വിളിച്ച് വിവരങ്ങൾ ശേഖരിക്കും.അല്ലെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യാവുന്നതാണ്. അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോർട്ടലിലോ പരാതി റജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകാൻ ശ്രമിക്കണമെന്ന് സൈബർ പൊലീസ് അറിയിക്കുന്നു.
എസ്ബിഐ യോനോ ആപ്പിന്റെ പേരിലും തട്ടിപ്പ്; ചക്കരക്കൽ സ്വദേശിക്ക് 9,450 രൂപ നഷ്ടമായി
ചക്കരക്കൽ∙ എസ്ബിഐ യോനോ ആപ്പിന്റെ പേരിൽ തട്ടിപ്പ് തുടരുന്നു. ഇത്തവണ ചക്കരക്കൽ സ്വദേശിക്കാണ് സൈബർ തട്ടിപ്പിലൂടെ 9,450 രൂപ നഷ്ടമായത്. എസ്ബിഐ യോനോ റിവാർഡ് പോയിന്റ് റഡീം ചെയ്യുന്നതിനായി ഫോണിൽ സന്ദേശം വരികയും അതിൽ നൽകിയ ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനു പിന്നാലെ പണം നഷ്ടപ്പെടുകയും ആയിരുന്നു. ഇതിനു പുറമേ പണം ഇരട്ടിപ്പിക്കുമെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച് മയ്യിൽ സ്വദേശിക്ക് 3,000 രൂപയും ഫെയ്സ്ബുക് പണം സമ്മാനം നൽകുന്നുണ്ടെന്ന പരസ്യം കണ്ടു വിശ്വസിച്ച് പരസ്യത്തിൽ കണ്ട ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെ തുടർന്ന് പാപ്പിനിശ്ശേരി സ്വദേശിക്ക് 4,977 രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഇൻസ്റ്റഗ്രാം ടെലഗ്രാം ഫേസ്ബുക്ക് വാട്സാപ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നയാളുകൾ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതാണെന്നും വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകുകയോ അതിനുവേണ്ടി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.