ADVERTISEMENT

കണ്ണൂർ ∙ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ മാവോയിസ്റ്റ് പ്രവർത്തകൻ സുരേഷിനെ കൂട്ടാളികൾ കാഞ്ഞിരക്കൊല്ലി ചിറ്റാരിക്കോളനിയിൽ എൽപിച്ചു മടങ്ങിയ സംഭവത്തോടെ ജില്ലയുടെ അതിർത്തിവനമേഖലകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഇപ്പോഴും ശക്തമെന്നു വ്യക്തം. അടുത്തകാലത്തു മാവോയിസ്റ്റുകൾക്കെതിരെ കേരള പൊലീസിലെ ഭീകരവിരുദ്ധസേന നടപടി കർശനമാക്കുകയും അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിൽ കഴിഞ്ഞ നവംബർ 13നുണ്ടായ വെടിവയ്പ്പിൽ പരുക്കേറ്റ വനിതാ അംഗം കവിത കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തതോടെ മാവോയിസ്റ്റുകൾ ഉൾക്കാടുകളിലേക്കു പിൻവലിഞ്ഞതായും പ്രവർത്തനം മന്ദീഭവിച്ചു വരുന്നതായും നിരീക്ഷിച്ചിരുന്നു.

ആന്റി ടെററിസ്റ്റ് സ്ക്വാഡ്(എടിഎസ്) അന്വേഷണവും ഊർജിതമാണ്. കാഞ്ഞിരക്കൊല്ലി സംഭവം ഇപ്പോഴും ഇവരുടെ പ്രവർത്തനം കേരളത്തിന്റെ അതിർത്തി വനമേഖലകളിൽ സജീവമെന്നു സൂചന നൽകുന്നതാണ്. സുരേഷിനെ കൂട്ടാളികൾ കാഞ്ഞിരക്കൊല്ലി ഗ്രാമത്തിലെത്തിച്ച ഇന്നലെയും തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ നക്സൽ വിരുദ്ധ സേനാംഗങ്ങൾ സമീപ വനമേഖലകളിൽ ആകാശ നിരീക്ഷണം നടത്തിയിരുന്നു. ഇരിട്ടി വള്ള്യാട് വയലിൽ ഹെലികോപ്റ്റർ ഇറക്കി ആകാശ നിരീക്ഷണം നടത്തിയാണു മടങ്ങിയത്.

സുരേഷ് മുതിർന്ന മാവോയിസ്റ്റ് നേതാവ്
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു ചിറ്റാരിക്കോളനിയിൽ എത്തിച്ച സുരേഷ്(പ്രദീപ് – 49) മുതിർന്ന മാവോയിസ്റ്റ് നേതാവ്. പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗമാണ്. ചിക്കമഗളൂരു അങ്ങാടി സ്വദേശിയാണ്. 2002 മുതൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. ബാണാസുര ദളത്തിലാണ് ഇപ്പോൾ പ്രവർത്തനമെന്നാണു സൂചന.

പശ്ചിമഘട്ടത്തിൽ4 ദളങ്ങൾ
പശ്ചിമഘട്ടത്തിൽ കേരളത്തിന്റെ ഭാഗമായുള്ള വനത്തിൽ സിപിഐ മാവോയിസ്റ്റിന്റെ സൈനിക ഘടകമായ പിപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി(പിഎൽജിഎ) 4 ദളങ്ങളായാണു പ്രവർത്തിക്കുന്നതെന്നും നേരത്തേ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു സൂചന ലഭിച്ചതാണ്. കബനി, നാടുകാണി, ബാണാസുര, ശിരുവാണി എന്നിവയാണ് ഈ ദളങ്ങൾ. ഇതിൽ കണ്ണൂർ, വയനാട് ജില്ലകളുടെ വനംമേഖലയിൽ സാന്നിധ്യം അറിയിച്ചു പ്രവർത്തിക്കുന്നതു കബനീദളമാണെന്നാണു വിവരം. ബാണാസുര അണക്കെട്ട് മേഖല ഉൾപ്പെടുന്ന വനംപ്രദേശമാണു ബാണാസുര ദളം. നിലമ്പൂർ മേഖലയാണു നാടുകാണി ദളം. അട്ടപ്പാടി മേഖലയാണു ശിരുവാണ ദളം. ബാണാസുര ദളത്തിൽ പെട്ടവരാണു നേരത്തെ പേര്യയിൽ പിടിയിലായത്.

പരിയാരത്ത് പഴുതടച്ച സുരക്ഷ; മെഡിക്കൽ കോളജും പരിസരവും പൊലീസ് വലയത്തിൽ
പരിയാരം ∙ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ പ്രവേശിപ്പിച്ച പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയും പരിസരവും നക്സൽവിരുദ്ധ സേനയുടെയും പൊലീസിന്റെയും വലയത്തിൽ. റൂറൽ എസ്പി ഹേമലതയുടെ നേതൃത്വത്തിലാണു പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിസരത്തു പരിശോധന നടത്തി.ആശുപത്രിയിലേക്കു പ്രവേശിക്കുന്നവരെയും പൊലീസ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തിൽ പ്രത്യേകമായി സജ്ജീകരിച്ച വാർഡിലാണ് സുരേഷിനെ ചികിത്സിക്കുന്നത്. കാലിലാണു പരുക്ക്. പയ്യാവൂർ പൊലീസ് യുഎപിഎ ചുമത്തി സുരേഷിനെ അറസ്റ്റ് ചെയ്യും. ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ (എടിഎസ്) നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നാണു വിവരം. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്താലുടൻ കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് എടിഎസ്. വനമേഖലയിൽ പരിശോധന ശക്തമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com