ADVERTISEMENT

ഇരിട്ടി∙ ആറളം ഫാമിൽ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച തേനീച്ചക്കൃഷി വിളവെടുപ്പ് ആരംഭിച്ചു. ഇത്തവണ 4000 കിലോ തേനാണു പ്രതീക്ഷിക്കുന്നത്.പട്ടിക വർഗ വികസന വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച തേനീച്ചക്കൃഷി ശാസ്ത്രീയമായാണു ചെയ്യുന്നത്. ഊട്ടിയിലെ കീസ്റ്റോൺ എന്ന സ്ഥാപനത്തിൽ നിന്നു പരിശീലനം നേടിയ എ.ഡി.ജയിംസിന്റെ നേതൃത്വത്തിലുള്ള 25 വിദഗ്ധ തൊഴിലാളി സംഘമാണു തേനീച്ച പരിപാലനത്തിനും തേൻ ശേഖരണത്തിനും നേതൃത്വം നൽകുന്നത്.

വിവിധ തരം ചെടികൾ സമ്മിശ്രമായി വളരുന്ന ആറളം ഫാമിലെ തേനിനു ഗുണ നിലവാരം കൂടുമെന്നും മാർക്കറ്റിൽ ഏറെ ഡിമാൻഡ് ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. തേനീച്ച വളർത്തുന്നതോടെ നടക്കുന്ന പരാഗണത്തിലൂടെ 20 ശതമാനം അധിക വിള വർധനയും ലക്ഷ്യമിടുന്നു. കശുവണ്ടി, തെങ്ങ്, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയ്ക്കാണ് ഏറെ ഗുണം ചെയ്യുക. വർഷങ്ങളുടെ മൂപ്പെത്തിയ ഹെക്ടർ കണക്കിനു റബർ മരങ്ങൾ ഉള്ളതും തേൻ കൃഷിക്കുള്ള അനുകൂല സാഹചര്യമാണ്.

ഇപ്പോൾ അയൽ സംസ്ഥാനത്തു നിന്നുള്ള തേനീച്ച കർഷകർ ഫാമിനും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന തേ‍ൻ കൂടുകളിൽ നിന്ന് ടൺ കണക്കിനു തേനാണു ശേഖരിച്ച് വിൽപന നടത്തുന്നത്. ഫാമിൽ ശാസ്ത്രീയ തേനീച്ച കൃഷി ആരംഭിച്ചതോടെ കൂടുതൽ കർഷകരെ ഇതിലേക്ക് ആകർഷിക്കന്നതിനും അതുവഴി ഫാം പുനരധിവാസ കേന്ദ്രത്തിലെ തൊഴിൽ ലഭ്യത വർധിപ്പിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് അധികൃതർ.

ഫാമിൽ ശേഖരിക്കുന്ന തേൻ സംസ്കരണത്തിനു ശാസ്ത്രീയ സംസ്കരണ യൂണിറ്റും പാക്കിങ് സംവിധാനവും തയാറായിക്കൊണ്ടിരിക്കുന്നു. ആദ്യ വിളവെടുപ്പ് തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐഎഎസ് നിർവഹിച്ചു. ഫാം അഡ്മിനിസ്ട്രേറ്റർ ഡോ.കെ.പി.നിധീഷ് കുമാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com