ADVERTISEMENT

ഇരിട്ടി∙ ആറളം ഫാമിന്റെ കൃഷിയിടത്തിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം പുനരധിവാസ മേഖലയിലെ താമസക്കാരുടെ എതിർപ്പിനെ തുടർന്നു താൽക്കാലികമായി നിർത്തിവച്ചു. ഒന്നര മണിക്കൂറോളം നീണ്ട തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ഒടുവിലാണ് ഇന്നലെ പുലർച്ചെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി തുടങ്ങിയ ആന തുരത്തൽ നിർത്തിയത്. 

സമവായം ഉണ്ടാക്കുന്നതിനായി ഇന്ന് 10 ന് ഫാം ഓഫിസിൽ പഞ്ചായത്ത്, ഫാം, വനം, ടിആർഡിഎം, പൊലീസ്, സംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. ആശങ്ക അകറ്റിയ ശേഷം ആന തുരത്തൽ പുനഃരാരംഭിക്കുകയാണു ലക്ഷ്യം.ആറളം ഫാമിലെ വേലി ചാർജ് ചെയ്യുന്നതിനു മുന്നോടിയായി കൃഷിയിടത്തിലുള്ള 40 ഓളം ആനകളെ ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തുന്നതിനാണ് ഓപ്പറേഷൻ എലിഫന്റ് ആസൂത്രണം ചെയ്തത്. 

ഇതിനായി ഫാമിലേക്കുള്ള റോഡുകൾ അടയ്ക്കുകയും ഫാം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് അവധി നൽകുകയും ചെയ്തിരുന്നു. പൊലീസും വനപാലകരും ഫാം തൊഴിലാളികളും ജീവനക്കാരും ഉൾപ്പെടെ 100 ഓളം പേർ രാവിലെ തന്നെ ഫാമിൽ എത്തി. ആന തുരത്തൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണു മേഖലയിലെ താമസക്കാർ ഗോഡൗൺ പരിസരത്ത് പ്രതിഷേധവുമായി എത്തിയത്.

പ്രതിഷേധത്തിന്റെ പ്രധാന കാരണങ്ങൾ
∙ഫാം കൃഷിയിടത്തിൽ നിന്നു തുരത്തുന്ന കാട്ടാനകൾ പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുമോയെന്ന ആശങ്ക.
∙ജീവനക്കാർക്കും തൊഴിലാളികൾക്കും 5 മാസത്തെ ശമ്പള കുടിശിക ഉണ്ട്. കശുവണ്ടി ശേഖരണം ഉൾപ്പെടെ പ്രതിസന്ധിയിലായാൽ ഉണ്ടാകുന്ന വേതനം മുടങ്ങുന്ന സ്ഥിതി.
∙ആനകൾ ഉള്ളപ്പോൾ കൃഷിയിടത്തിനുള്ളിലുള്ള അപകടഭീഷണി
∙വന്യജീവി സങ്കേതത്തിൽ എത്തിച്ചാലും ആനമതിൽ പൂർത്തിയാകാത്തതിനാൽ ആനകൾ തിരികെയെത്തി പുനരധിവാസ മേഖലയിൽ തമ്പടിച്ചേക്കും.

സംഘർഷാവസ്ഥ
ആറളം വന്യജീവി സങ്കേതത്തിലേക്കാണ് ആനകളെ തുരത്തുന്നത് എന്നു അധികൃതർ വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാർ അംഗീകരിച്ചില്ല. ഇതോടെ ഫാം ജീവനക്കാരും തൊഴിലാളികളും ഒരു വശത്തും പ്രതിഷേധക്കാർ മറുവശത്തും എന്ന നിലയിൽ വാക്കുതർക്കം ആയി. പൊലീസ് ഇടപെട്ടു. ഇതിനിടെ വനം വകുപ്പ് കാട്ടാനയെ തുരത്താൻ പോയ വനപാലക സംഘത്തെ തിരിച്ചു വിളിച്ചു.

കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ അജിത്ത്.കെ.രാമൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. പി.കെ.നിധീഷ് കുമാർ, ആറളം അസിസ്റ്റന്റ് വൈഡ് ലൈഫ് വാർഡൻ പി.പ്രസാദ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ചെലവ് 6.5 ലക്ഷം രൂപ;നഷ്ടം 40 കോടി രൂപ
കാട്ടാനക്കൂട്ടത്തിന്റെ തേർവാഴ്ചയിൽ ഫാമിൽ 10 വർഷത്തിനുള്ളിൽ നഷ്ടമായത് 12 ജീവൻ. ഫാമിനു മാത്രം 3 വർഷത്തിനുള്ളിൽ 40 കോടിയോളം രൂപയുടെ വിളനാശവും ഉണ്ടായി. ഏറ്റവും അധികം വരുമാനം ഉറപ്പാക്കിയിരുന്ന തെങ്ങ്, കശുമാവ് എന്നിവയിൽ ഭൂരിഭാഗവും കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു.

5000 ലധികം കായ്ഫലം ഉള്ള തെങ്ങുകളാണ് ഇല്ലാതായത്. ഈ സാഹചര്യത്തിലാണു പുതിയതായി ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. പി.കെ.നിധീഷ് കുമാറിന്റെ ശ്രമഫലമായി 3200 ഏക്കർ കൃഷിയിടം സംരക്ഷിക്കാൻ ഓടംതോട് മുതൽ കക്കുവ വരെ 4.5 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതി തൂക്കുവേലി സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com