ADVERTISEMENT

കണ്ണൂർ∙ നിക്ഷേപത്തട്ടിപ്പുകളിലെ പ്രതികൾ, മരിച്ചു പോയവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചു പണമിടപാട് നടത്തിയതായി കണ്ടെത്തൽ. ക്രിപ്റ്റോ കറൻസിയുടെയും വിദേശ വ്യാപാരത്തിന്റെയും പേരിൽ വാരം സ്വദേശിയുടെ 13 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനിടെയാണു പൊലീസ് ഇക്കാര്യം കണ്ടെത്തിയത്. ഉത്തരേന്ത്യയിൽ നിന്നുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയിരിക്കുന്നത്. 

3 ലക്ഷം രൂപയാണ്, മരിച്ചവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിനു ബന്ധുക്കൾക്കു നൽകുന്നത്. കള്ളപ്പണമോ തട്ടിപ്പിലൂടെ സമ്പാദിച്ച പണമോ കൈമാറുന്നതിനാണ് ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. വൻതുകയുടെ കൈമാറ്റം ശ്രദ്ധയിൽ പെട്ട് ബാങ്കുകൾ അക്കൗണ്ടിനെ പറ്റി അന്വേഷിക്കുമ്പോഴേക്കും ഇടപാടുകൾ പൂർത്തിയാക്കി, ഈ അക്കൗണ്ടിൽ നിന്നു പണം പൂർണമായി മറ്റു ബാങ്കുകളിലേക്കു മാറ്റിയിട്ടുണ്ടാകും.

തട്ടിപ്പിനിരയായ വാരം സ്വദേശിയിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൈപ്പറ്റിയ 13 കോടി രൂപയിൽ ഭൂരിഭാഗവും  ഇത്തരത്തിൽ, മരിച്ചവരുടെ അക്കൗണ്ടുകളിലാണു നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അക്കൗണ്ടുകളിലെ തിരിമറി അറിയാതെ, ഇരകൾ നേരിട്ട് ഈ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയായിരുന്നു. കേസ് വന്നാൽ, പഴുതുണ്ടാക്കി രക്ഷപ്പെടുകയാണു ലക്ഷ്യം. മരിച്ചവരുടെ അക്കൗണ്ട് വിവരങ്ങൾ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തന്നെ തരപ്പെടുത്തി ഇത്തരം തട്ടിപ്പുകാർക്കു നൽകാൻ കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്.‌

വാരം സ്വദേശിയുടെ പരാതിയിലെടുത്ത കേസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടുണ്ട്. കേസിലെ പ്രതികൾ വിദേശത്തേക്കു കടന്നതായി സൂചനയുണ്ട്. പ്രതിമാസം 30% ലാഭം വാഗ്ദാനം ചെയ്ത് 2021 മുതൽ 2023 വരെ പല തവണകളായി 13 കോടി രൂപ തട്ടിയെടുത്തെന്നാണു വാരം സ്വദേശിയുടെ പരാതി.  വാരം സ്വദേശി ജംഷീർ, കോഴിക്കോട് സ്വദേശി നജ്മൽ എന്നിവരാണു കേസിലെ പ്രതികൾ. ടൗൺ പൊലീസ് കേസെടുത്തെങ്കിലും ഗൗരവത്തോടെയുള്ള അന്വേഷണം നടക്കാതിരുന്നതിനെ തുടർന്ന് അഡ്വ. മിഥുൻ മുഖേനെ പരാതിക്കാരൻ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com