ADVERTISEMENT

പയ്യന്നൂർ ∙ നഗരസഭ നടപ്പിലാക്കുന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള സർവേ (സമഗ്ര ജിഐഎസ് മാപ്പിങ്) പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവേ ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ.വി.ലളിത അധ്യക്ഷത വഹിച്ചു.

നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡിജിപിഎസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവയുടെ സഹായത്തോടെ നഗരസഭ പരിധിയിലെ മുഴുവൻ പൊതു, സ്വകാര്യ ആസ്തികളും അവയുടെ അടിസ്ഥാന വിവരങ്ങളോടെ മാപ്പ് ചെയ്യുകയും അവ വിശകലന സൗകര്യത്തോടു കൂടി വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യുക വഴി ആവശ്യമായ വിവരങ്ങൾ ആവശ്യമുള്ള രീതിയിൽ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. 

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക യുഎൽ ടെക്നോളജി വിഭാഗമായ സൊലൂഷൻ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഭരണ നിർവഹണത്തിലും ആസൂത്രണ വികസന രംഗങ്ങളിലുമെല്ലാം വലിയ മാറ്റങ്ങൾക്ക് സാധ്യത തുറക്കുന്ന ജിഐഎസ് മാപ്പിങ് പദ്ധതി ഭരണ നിർവഹണത്തിലും പദ്ധതി ആസൂത്രണ നിർവഹണത്തിലും മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് ഉദ്ഘാടകൻ ടി.ഐ.മധുസൂദനൻ എംഎൽഎ പറഞ്ഞു.

പയ്യന്നൂരിന്റെ ആകാശത്തു രണ്ടുദിവസം ഡ്രോൺ ഉണ്ടാകുമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും പദ്ധതിയുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട സർവേയുമായി നഗരസഭ നിയോഗിക്കുന്ന ആളുകൾ സമീപിക്കുമ്പോൾ പൂർണവും സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ നൽകുകയും പയ്യന്നൂരിന്റെ സമഗ്ര വികസനം ശാസ്ത്രീയമായി സാധ്യമാക്കാൻ പദ്ധതി സഹായകമാകുമെന്നും ഇതിലൂടെ കെ സ്മാർട്ട് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഇത് ഏറെ പ്രയോജനപ്രദമാകുമെന്നും അധ്യക്ഷ കെ.വി.ലളിത അറിയിച്ചു. 

ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും ഫോട്ടോ ഉൾപ്പെടെയുള്ള സമ്പൂർണ വിവരങ്ങൾ ഉൾപ്പെടുത്തി മാപ്പ് ചെയ്യുന്നതോടൊപ്പം റോഡ്, ലാൻഡ് മാർക്, തണ്ണീർത്തടങ്ങൾ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവ ഒരു വെബ് പോർട്ടലിൽ ആവശ്യാനുസരണം സെർച്ച് ചെയ്ത് പരിശോധിക്കാൻ കഴിയും വിധമാണ് തയാറാക്കുന്നത്.

 കൂടാതെ റോഡ്, പാലം, കലുങ്ക്, ഡജ്, കനാൽ, റോഡ് ജംക്‌ഷൻ, റോഡ് സിഗ്നൽ, ഡിവൈഡർ, പാർക്കിങ് ഏരിയ എന്നിവയുടെ ഫോട്ടോയോട് കൂടിയുള്ള വിവരങ്ങളും തരിശുനിലങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ വയലുകൾ പൂർണവിവരങ്ങളും ശേഖരിച്ചു മാപ്പ് ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com