‘പശു സഖി’മാരാകാൻ 103 കുടുംബശ്രീ പ്രവർത്തകർ
Mail This Article
കണ്ണൂർ ∙ ‘പശു സഖി’മാരാകാൻ തയാറെടുത്ത് ജില്ലയിൽ 103 വനിതാ കുടുംബശ്രീ പ്രവർത്തകർ. ഇവർ കുടുംബശ്രീയുടെ വിവിധ മൃഗസംരക്ഷണ– ക്ഷീരവികസന പദ്ധതികളുടെ ഭാഗമാകും. സംസ്ഥാനത്ത് ആകെ രണ്ടായിരത്തോളം പ്രവർത്തകരെയാണു പശു സഖിമാരാകാൻ ആവശ്യം. ആശാ പ്രവർത്തകർക്കു സമാനമായി ഇവർ മൃഗ സംരക്ഷണ വകുപ്പുമായി ചേർന്നു പ്രവർത്തിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് ‘എ ഹെൽപ് (അക്രഡിറ്റഡ് ഏജന്റ് ഫോർ ഹെൽത്ത് ആൻഡ് എക്സ്റ്റൻഷൻ ഓഫ് ലൈവ്സ്‌റ്റോക്ക് പ്രൊഡക്‌ഷൻ)’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയാണിത്.
കേരളത്തിൽ കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും കൈകോർക്കുന്ന ആദ്യ സംരംഭമാണിത്. സേവനങ്ങൾ ക്ഷീരകർഷകരുടെ വീട്ടുപടിക്കലെത്തിക്കുകയാണു ലക്ഷ്യം. പരിശീലനം നൽകി വില്ലേജ്തലത്തിൽ ഇവരെ നിയമിക്കും. രോഗപ്രതിരോധ ചികിത്സാ മാർഗങ്ങളും വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിനു മൃഗസംരക്ഷണ വകുപ്പിന്റെ കർമസേനയായി ഇവർ പ്രവർത്തിക്കും. പശു സഖിമാരാകാൻ പ്രത്യേകപരീക്ഷ നടത്തി. ഇനി ഇവർക്ക് 42 ദിവസത്തെ പരിശീലനം നൽകും. സേവനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇവർക്ക് ഓണറേറിയം നൽകുന്നത്.