ADVERTISEMENT

കുന്നും മലകളും പുഴകളും കായലും കടലുമെല്ലാം ചേർന്ന ഭൂപ്രകൃതി. അതിനൊപ്പം നാടിന്റെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവും പാരമ്പര്യ തൊഴിലുകളും കരകൗശല മികവും ആയോധനകലകളും അനുഷ്ഠാനങ്ങളും രുചിപ്പെരുമയുമെല്ലാം ചേരുന്ന പെരുമ. ചുരുങ്ങിയ സമയത്തെ യാത്രകൊണ്ടുതന്നെ ഇതെല്ലാം ചെന്നു കാണാനും സാധിക്കും. വൈവിധ്യങ്ങളാൽ ലോകത്തെ മറ്റേതു വിനോദസഞ്ചാര കേന്ദ്രങ്ങളേക്കാളും സഞ്ചാരികളെ ആകർഷിക്കാൻ സാധ്യതയുള്ള മണ്ണാണിത്.

കണ്ണൂരിലെ കൈത്തറി കേന്ദ്രത്തിൽ നിന്ന്.
കണ്ണൂരിലെ കൈത്തറി കേന്ദ്രത്തിൽ നിന്ന്.

പച്ചപ്പട്ടുടുത്ത മംഗലശ്ശേരി വയലും തിങ്കൾ കണ്ണാടി നോക്കാനെത്തുന്ന വണ്ണാത്തിപ്പുഴയും കണ്ടൽ തിങ്ങുന്ന കുപ്പം പുഴയും മുത്തപ്പൻ വെള്ളാട്ടത്തിന്റെ ചിലമ്പൊലിയുള്ള പറശ്ശിനിയും വെങ്കല ശിൽപങ്ങൾ പിറക്കുന്ന കുഞ്ഞിമംഗലവും തറിയുടെ താളമുള്ള നെയ്ത്തുഗ്രാമങ്ങളും അച്ചടിയുടെ കഥ പറയുന്ന ഗുണ്ടർട്ട് ബംഗ്ലാവും ഫ്രഞ്ച് അധിനിവേശത്തിന്റെ ശേഷിപ്പുകളുള്ള മയ്യഴിയും ഏഷ്യയിലെ ഏറ്റവും നീണ്ട ഡ്രൈവ് ഇൻ ബീച്ച് എന്ന പെരുമയുള്ള മുഴപ്പിലങ്ങാടുമെല്ലാം ഇവിടേക്കു സഞ്ചാരികളെയെത്തിക്കും.

കാസർകോട് ബേക്കൽ കോട്ട.
കാസർകോട് ബേക്കൽ കോട്ട.

ഈ സാധ്യതകൾ തിരിച്ചറിഞ്ഞാണു ലോൺലി പ്ലാനറ്റ് ഉൾപ്പെടെ വിനോദസഞ്ചാര പ്രസിദ്ധീകരണങ്ങൾ ലോകത്തു കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ വടക്കേ മലബാറിലെ സ്ഥലങ്ങളെ ഉൾപ്പെടുത്തിയത്. വടക്കേ മലബാറിന്റെ ടൂറിസം വളർച്ച സംബന്ധിച്ചു പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും ഏറെ കേട്ടുവെങ്കിലും വടക്കോട്ട് സഞ്ചാരികൾ എത്തുന്നതിൽ ഇന്നും കാര്യമായ വർധന ഉണ്ടായിട്ടില്ലെന്നു കണക്കുകളിൽനിന്നു വ്യക്തം.

കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട.
കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട.

വിമാനത്താവളം ഉൾപ്പെടെ യാഥാർഥ്യമായിട്ടും വിദേശസഞ്ചാരികളുടെ എണ്ണത്തിൽ ഇന്നും വടക്കൻ കേരളം വളരെ പിന്നിലാണ്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം റെക്കോർഡുകൾ ഭേദിച്ചു കുതിക്കുന്നതു ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് മേനിപറയുന്നുണ്ടെങ്കിലും ഇതിൽ ഏറെയും കേരളത്തിൽ നിന്നുള്ളവരാണ്. കേരളത്തിനു പുറത്തുനിന്നും രാജ്യത്തിനു പുറത്തുനിന്നും സഞ്ചാരികളെത്തി ഇവിടെ പണം ചെലവിടുമ്പോഴേ നാടിനു സാമ്പത്തിക അഭിവൃദ്ധിയുണ്ടാകൂ. അതിനു വടക്കേ മലബാറിന്റെ പ്രത്യേകതകൾ ലോകത്തെ അറിയിച്ചു സഞ്ചാരികളെ ആകർഷിക്കാൻ ഇനിയും വൈകരുത്. 

കണ്ടനാർകേളൻ തെയ്യത്തിന്റെ അഗ്നിപ്രവേശം.
കണ്ടനാർകേളൻ തെയ്യത്തിന്റെ അഗ്നിപ്രവേശം.

ആ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപനങ്ങൾ മാറിമാറി വന്ന വിനോദസഞ്ചാര മന്ത്രിമാരെല്ലാം ആവർത്തിച്ചു പ്രസംഗിച്ചിട്ടുമുണ്ട്. എന്നാൽ സ്വപ്നതുല്യമായ വളർച്ചയിലേക്കു നയിക്കുമെന്നു പ്രതീക്ഷിച്ച പദ്ധതികളിൽ പലതും ഇന്നും പാതിവഴിയിലാണ്. കേവലം നിർമാണ പ്രവർത്തനങ്ങൾ എന്നതിനപ്പുറം സഞ്ചാരികളെ സ്വാഗതം ചെയ്യാൻ പറ്റുന്ന തരത്തിലേക്കു വൻ പദ്ധതികൾ മാറിയില്ല.

പയ്യാമ്പലം തീരം.
പയ്യാമ്പലം തീരം.

മലനാട് റിവർ ക്രൂസ് പദ്ധതി
വടക്കേ മലബാറിലെ എട്ടു പുഴകളെ ബന്ധിപ്പിച്ചു വ്യത്യസ്ത സർക്കീറ്റുകൾ രൂപപ്പെടുത്തി, ഉത്തരവാദിത്ത ടൂറിസവുമായി സമന്വയിപ്പിച്ചു സഞ്ചാരികൾക്കു വേറിട്ട അനുഭവം സമ്മാനിക്കുകയായിരുന്നു മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ മാത്രം 127 കോടി രൂപയുടെ നിർമാണങ്ങളാണു പദ്ധതിയുമായി ബന്ധപ്പെട്ടു നടന്നത്. സർക്കീറ്റുകൾ ജനപ്രിയമാക്കാൻ ആദ്യഘട്ടത്തിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഓടിച്ചു തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ അതുണ്ടായില്ല. സ്വകാര്യ സംരംഭകർ മുന്നിട്ടിറങ്ങിയതുകൊണ്ടു മാത്രമാണ് ഇപ്പോൾ നാമമാത്രമായ ബോട്ടുകൾ വളപട്ടണം പുഴയിൽ സർവീസ് നടത്തുന്നത്. നിയമക്കുരുക്കുകൾ കാരണം ബോട്ടുകൾ നീറ്റിലിറക്കാൻ കഴിയാതെ സംരംഭകരിൽ പലരും കടക്കെണിയിലാകുന്ന സാഹചര്യവുമുണ്ട്. എല്ലാ പുഴകളിലും ബോട്ട് സർവീസുകൾ തുടങ്ങാനും വിദേശത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും സഞ്ചാരികൾ എത്താനും ടൂറിസം വകുപ്പിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണ്. 

തലശ്ശേരി പൈതൃക ടൂറിസം പദ്ധതി
50 കോടിയോളം ചെലവിട്ട തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിലും കെട്ടിട നിർമാണം മാത്രമാണു മിക്കയിടത്തും നടന്നത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുക്കേണ്ട മ്യൂസിയങ്ങളിൽ ഒന്നുപോലും സജ്ജമായിട്ടില്ല. കിഫ്ബി വഴി അനുവദിച്ച കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന നിർദേശം പോലും ഇതുവരെ നൽകിയിട്ടില്ല.

മുഴപ്പിലങ്ങാട് മാസ്റ്റർ പ്ലാൻ
ധർമടം തുരുത്തും മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചും ചേർത്തു തയാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ച് 258 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണു നടക്കാനുള്ളത്. പ്രഖ്യാപിച്ചിട്ട് 5 വർഷം പിന്നിട്ടെങ്കിലും പദ്ധതി ഇന്നും കടലാസിലാണ്. 39 കോടി രൂപ ചെലവിൽ 18 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനവുമായി തറക്കല്ലിട്ട മുഴപ്പിലങ്ങാട്ടെ കെടിഡിസി ഹോട്ടൽ രണ്ടു വർഷം പിന്നിടുമ്പോഴും എങ്ങുമെത്തിയിട്ടില്ല.

ലക്ഷ്യമെത്താത്ത പദ്ധതികൾ ഒട്ടേറെ
പയ്യാമ്പലത്ത് കുട്ടികളുടെ പാർക്കും അഡ്വ​ഞ്ചർ പാർക്കും ഉൾപ്പെടെ 2 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പയ്യാമ്പലം തീരത്തു വൻ തിരക്കുണ്ടെങ്കിലും പാർക്കിങ്, ശുചിമുറികൾ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ ഒരുക്കാൻ ബാക്കി. പാലക്കയംതട്ടിലെ ടെന്റ് സ്റ്റേ, ദീപാലങ്കാരങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങൾ മോഹിപ്പിച്ചു മറവിയിലേക്കു മറഞ്ഞു. പിണറായി പടന്നക്കര പാർക്ക്, തലശ്ശേരി സീ വ്യൂ പാർക്ക്, ഓവർബെറീസ് ഫോളി, വയലപ്ര, ചൂട്ടാട്, മീങ്കുന്ന് ബീച്ച്, ചാൽ ബീച്ച്, വെള്ളിക്കീൽ പാർക്ക് തുടങ്ങി മുഖം മിനുക്കൽ ആവശ്യമുള്ള പദ്ധതികളും ഏറെ.

നായ്ക്കാലി ടൂറിസം പദ്ധതി അപ്രായോഗികമെന്നു കണ്ട് ഉപേക്ഷിച്ചു. കാഞ്ഞിരക്കൊല്ലിയെ മറന്ന മട്ടാണ്. കണ്ണൂർക്കോട്ടയിൽ സജ്ജമാക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രവർത്തിച്ചതു വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. തെന്മല മാതൃകയിൽ ആറളത്തു പ്രഖ്യാപിച്ചിരുന്ന 20 കോടി രൂപയുടെ ഇക്കോ ടൂറിസം പദ്ധതിയും കടലാസിലാണ്. കലക്ടറേറ്റ് വളപ്പിലെ പൂന്തോട്ട നിർമാണവും പോലും ഇതുവരെ പൂർത്തിയായിട്ടില്ല.

സർക്കാർ ഇടപെടൽ അനിവാര്യം
ജലയാത്രകളുടെ അനന്തസാധ്യതയുള്ള വടക്കേ മലബാറിൽ പണം മുടക്കിയ സംരംഭകർ നിലനിൽപ്പിനുവേണ്ടി മുറവിളികളുമായി സർക്കാർ സംവിധാനങ്ങളെ സമീപിക്കാൻ തുടങ്ങിയിട്ടു നാളേറെയായി. നിർമാണം പൂർത്തിയാക്കിയ ബോട്ടുകൾ നീറ്റിലിറക്കാൻ അനുമതി ലഭിക്കാത്തതാണു തടസ്സം. ലക്ഷക്കണക്കിനു രൂപ വായ്പയെടുത്തും സൊസൈറ്റി രൂപീകരിച്ച് ഓഹരി സമാഹരിച്ചുമാണു മിക്ക ബോട്ടുകളുടെയും നിർമാണത്തിനുള്ള തുക കണ്ടെത്തിയത്. 

ഉൾനാടൻ ജലയാനങ്ങളുടെ സർവേ, റജിസ്ട്രേഷൻ സംബന്ധിച്ച നിയമക്കുരുക്കുകളാണു പ്രതിസന്ധികളിലൊന്ന്. പുഴകളിൽ രൂപപ്പെട്ട മൺതിട്ടകളാണ് മറ്റൊരു പ്രശ്നം. ബോട്ടുകൾക്കു സഞ്ചരിക്കാനുള്ള ചാലിന് ആഴമില്ലാത്തതിനാൽ പല പുഴകളിലൂടെയും യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതി. അടിഭാഗം മൺതിട്ടകളിൽ ഉടക്കിയാൽ കനത്ത നഷ്ടമാവും നിക്ഷേപകർക്കു സംഭവിക്കുക. അപകടങ്ങൾക്കും സാധ്യതയുണ്ട്.

ഇതൊഴിവാക്കാൻ പുഴകളിൽ അടിയന്തരമായി ഡ്രജിങ് നടത്തണമെന്നാണ് ഈ മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്. ബോട്ട് ജെട്ടി നിർമാണത്തിന്റെ ഭാഗമായി ഇറക്കിയ കല്ലുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ ജെട്ടികളോടു ചേർന്നു തള്ളിയ സ്ഥിതിയുമുണ്ട്. ഇവ അടിയന്തരമായി നീക്കണമെന്നും ആവശ്യമുണ്ട്. ജല ടൂറിസം മേഖലയിൽ തൊഴിൽ സാധ്യതകൾ ഒട്ടേറെയുണ്ടെങ്കിലും ഇതും പ്രയോജനപ്പെടുത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഹൗസ് ബോട്ടുകളിൽ അഞ്ചോ ആറോ പേർക്കു തൊഴിലവസരമുണ്ട്. 

വഴിയൊരുക്കിനോംടോ 
സർക്കാർതലത്തിലെ പ്രഖ്യാപനങ്ങൾക്കപ്പുറം ടൂറിസം രംഗത്തു വളരാനുള്ള വഴി തുറക്കുകയാണ് നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ(നോംടോ). വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ സംരംഭകരെയും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലാണ് ഒരു കുടക്കീഴിൽ കൊണ്ടുവന്നത്. ഇവരെയെല്ലാം ഉൾപ്പെടുത്തി രൂപീകരിച്ച നോംടോ വിനോദസഞ്ചാര വികസനത്തിനായി വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുമായി ഏറെ ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു.

വടക്കേ മലബാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി പുതിയ സർക്കീറ്റുകൾ തയാറാക്കിയും രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള ടൂർ ഓപ്പറേറ്റർമാരെ കണ്ണൂർ, കാസർകോട് ജില്ലകളിലെത്തിച്ചു സ്ഥലങ്ങളും അനുഭവവേദ്യ ടൂറിസം സാധ്യതയുള്ള മേഖലകളും കാണിച്ചുകൊടുത്തും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളും നോംടോയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രാവൽ ബസാർ, ഫാം ടൂറുകൾ, കളരിപ്പയറ്റ് കാണാൻ സഞ്ചാരികളെ എത്തിക്കാൻ ലക്ഷ്യമിട്ടു സംഘടിപ്പിച്ച തട്ടകം കളരിപ്പയറ്റ് പ്രദർശനം എന്നിവയെല്ലാം മികച്ച ചുവടുവയ്പ്പുകളായി.

നമുക്ക് നല്ല ആതിഥേയരാവാം
വടക്കേ മലബാറിനെക്കുറിച്ചു മനസ്സിലാക്കിയെത്തുന്ന വിദേശസഞ്ചാരികൾ വഴിയാണ് അടുത്ത കാലത്തു കൂടുതൽ വിദേശികൾ ഇവിടേക്കു വന്നു തുടങ്ങിയത്. എന്നാൽ ഇവർക്കുണ്ടാകുന്ന മനസ്സുമടുപ്പിക്കുന്ന അനുഭവങ്ങൾ വിനോദസഞ്ചാര രംഗത്തു വളരാനുള്ള വഴികളാണ് അടയ്ക്കുന്നത്. ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യം വലിച്ചെറിഞ്ഞു വൃത്തിഹീനമാക്കിയ നടവഴികൾ, ഇവ കടിച്ചുവലിച്ചു തമ്പടിക്കുന്ന തെരുവുനായ്ക്കൾ, മദ്യപിച്ചു വലിച്ചെറിയുന്ന കുപ്പികൾ, പൊട്ടി ചിതറിക്കിടക്കുന്ന ചില്ലുകൾ... ഇതിന്റെയെല്ലാം ഇരകളായ ഒരു ടൂറിസ്റ്റ് സംഘം കഴിഞ്ഞ ദിവസം അധികൃതരുടെ ഇടപെടൽ ആവശ്യപ്പെട്ടു ടൂറിസം ഡപ്യൂട്ടി ഡയറക്ടറെയും മേയറെയും നേരിൽക്കണ്ടു പരാതി നൽകിയിരുന്നു.

തീർഥാടകരേസ്വാഗതം
തെയ്യവും തിറകളും കാണാൻ വടക്കോട്ട് എത്തുന്നവരിൽ വിദേശികൾ ഏറെയുണ്ട്. മാഹി പള്ളി ബസലിക്കയായി മാറുന്നതോടെ അവിടേക്കും കൂടുതൽ വിദേശ തീർഥാടകരെ പ്രതീക്ഷിക്കാം. കാസർകോട് മാലിക് ദിനാർ പള്ളിയും പഴയങ്ങാട് മാടായിപ്പള്ളി, തലശ്ശേരി ഓടത്തിൽപള്ളി, കണ്ണൂർ സിറ്റി ജുമാ മസ്ജിദ് തുടങ്ങി ചരിത്രപ്പെരുമയുള്ള ഒട്ടേറെ മുസ്‍ലിം പള്ളികളും അറക്കൽ മ്യൂസിയവുമെല്ലാം തീർഥാടകരെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ചരിത്ര സ്മാരകങ്ങളാണ്. 

ഇക്കോടൂറിസത്തിനും സാധ്യതകളേറെ
ഉത്തരമലബാറിൽ വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ ഇക്കോടൂറിസം സാധ്യതകൾ ഏറെയാണ്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലത്തിലെ ചെറുവത്തൂർ വീരമലക്കുന്ന്, കണ്ണൂർ ജില്ലയിലെ പാലക്കയംതട്ട്, പൈതൽമല, കാഞ്ഞിരക്കൊല്ലി, കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതം, വയനാട് ജില്ലയിലെ ബ്രഹ്മഗിരി തുടങ്ങിയ പ്രദേശങ്ങളിൽ നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങൾ നേരത്തെ ചർച്ച ചെയ്തിരുന്നുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

വിത്തിടാം, തൈ നടാംസഞ്ചാരികൾക്കായി
ഫലപുഷ്ടിയുള്ള വടക്കേ മലബാറിലെ മണ്ണിൽ കർഷകർ പലപ്പോഴും വിലയിടിവിനെക്കുറിച്ചും വന്യജീവി ശല്യത്തെക്കുറിച്ചും ആശങ്കപ്പെടുന്നവരാണ്. ഫാം ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ അവർക്കും ആശങ്കകളില്ലാതെ കൃഷിയിറക്കാൻ സാധിക്കും. കൈപ്പാട് അരിയും കുറ്റാട്ടൂർ മാങ്ങയും കുഞ്ഞിമംഗലം മാങ്ങയും പലയിനം പ്ലാവുകളിൽ നിന്നുള്ള മധുരിക്കും ചക്കകളും സഞ്ചാരികളെ മാടിവിളിക്കുമെന്നു തീർച്ച. പലഹാരങ്ങളിലെ മലബാർ പെരുമയും മുതൽക്കൂട്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com