അമ്പായത്തോട്ടിൽ വീട്ടിൽ രാജവെമ്പാല കയറി; ഇരുന്നത് മുറിയിലെ അലമാരയുടെ ഇടയിൽ
Mail This Article
അമ്പായത്തോട്∙ കൊട്ടിയൂർ അമ്പായത്തോട്ടിലെ വീട്ടിൽ രാജവെമ്പാല കയറി. വീടിന്റെ അകത്തുള്ള മുറിയിൽ കണ്ടെത്തിയ രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിന്നീട് പിടികൂടി. തെക്കുംകര ബാബുവിന്റെ വീടിനുള്ളിലെ മുറിയിലാണ് ഇന്നലെ രാജവെമ്പാല കയറിയത്. റൂമിനുള്ളിലെ അലമാരയുടെ ഇടയിൽ ഇരിക്കുന്ന വിധത്തിലാണ് ഇതിനെ കണ്ടത്. തുടർന്ന് വനം വകുപ്പ് കൊട്ടിയൂർ വെസ്റ്റ് സെക്ഷനിൽ വിവരമറിയിച്ചു. വി.എ.തോമസ്, ബിനോയ് കുമ്പുങ്കൽ ബീറ്റ് ഓഫിസർ അഖിലേഷ് എന്നിവർ ചേർന്ന് രാജവെമ്പാലയെ പിടികൂടി. ആക്രമണ സ്വഭാവം കാട്ടിയ രാജവെമ്പാലയെ വളരെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് തുണി സഞ്ചിയിൽ കയറ്റാൻ സാധിച്ചത്.
ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളുടെ പരിധിയിൽ വരുന്ന ജനവാസ കേന്ദ്രങ്ങളിൽ രാജവെമ്പാലകൾ പതിവായി എത്തുന്നു. ഇവയെ പിടികൂടി ഉൾവനത്തിൽ വിടുകയാണ് പതിവ്. കഴിഞ്ഞ വർഷം ഒരേ ദിവസം മൂന്ന് രാജവെമ്പാലകളെ വരെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടിയ സംഭവങ്ങളുണ്ട്. കൊട്ടിയൂരിലെ ജനവാസ കേന്ദ്രങ്ങളിൽ രണ്ടിടത്തായി രാജവെമ്പാലകളുടെ മുട്ടകൾ വിരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.