ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തുകളുടെ വിളയാട്ടം; ഭയന്ന് നാട്ടുകാർ

Mail This Article
ചിറ്റാരിപ്പറമ്പ് ∙ കണ്ണവം വനമേഖലയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തുകൾ ഇറങ്ങുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഇന്നലെ പാലത്തുവയൽ യുപി സ്കൂൾ മുറ്റത്ത് വരെ കാട്ടുപോത്തിൻ കൂട്ടം എത്തി. നാട്ടുകാർ പോത്തിൻ കൂട്ടത്തെ ഓടിച്ച ശേഷമാണ് കുട്ടികൾ സ്കൂളിൽ കയറിയത്. കഴിഞ്ഞ ദിവസം രാത്രി ആക്കംമുലയിലെ സനൂപ് വീട്ടിലേക്കു സ്കൂട്ടിയിൽ പോകുമ്പോൾ കാട്ടുപോത്തിന്റെ മുന്നിൽ പെട്ടിരുന്നു. ഉടൻ വാഹനം ഉപേക്ഷിച്ചു ഓടിയതിനാൽ രക്ഷപ്പെട്ടു. കാട്ടുപോത്ത് സ്കൂട്ടി കൊമ്പിൽ തൂക്കി കാട്ടിലേക്ക് എറിഞ്ഞു. നിരവധി കോളനികൾ സ്ഥിതി ചെയ്യുന്ന കണ്ണവം വനമേഖലയിലെ ജനങ്ങൾ കാട്ടുപോത്തുകളെ പേടിച്ച് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. കൂട്ടത്തോടെ എത്തുന്ന ഇവയെ തുരത്തി ഓടിക്കാനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല. കോളയാട് ചങ്ങല ഗേറ്റ് മുതൽ പെരുവ വരെയുള്ള ആറ് കിലോ മീറ്ററോളം റോഡിൽ നിരവധി തവണയാണ് കാട്ടുപോത്തുകൾ എത്തുന്നത്.
പെരുവ ഭാഗത്തേക്ക് കൃത്യമായ രീതിയിൽ ബസ് ഇല്ലാത്തതിനാൽ വനത്തിലൂടെ കാൽ നടയായി ആണ് പലരും യാത്ര ചെയ്യുന്നത്. പലപ്പോഴും രാവിലെ മുതൽ തന്നെ കാട്ടുപോത്തിൻ കൂട്ടം റോഡരികിൽ എത്തുന്ന അവസ്ഥയിലാണ്. ചില സമയങ്ങളിൽ കാട്ടുപോത്തുകൾ കൂട്ടത്തോടെ റോഡിൽ നിലയുറപ്പിക്കുന്നത് കൊണ്ട് യാത്ര ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. പെരുവഴിയിലെ തേക്ക് പ്ലാന്റേഷനുകളിൽ കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യ മൃഗങ്ങൾ എത്തുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ഇവയെ തുരത്തും. എന്നാൽ ജനങ്ങളുടെ കൃഷിയിടങ്ങളിലേക്ക് എത്തുന്ന വന്യമൃഗങ്ങളെ തുരത്താൻ ഒരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.