മണാട്ടിപ്പുഴയിൽ പാലം; ഒന്നിക്കുന്നത് ഒരു നാട്

Mail This Article
ചപ്പാരപ്പടവ്∙ നാട്ടുകാർ പാലത്തിനായി കൈകോർത്തപ്പോൾ പതിറ്റാണ്ടുകളായി വേർപ്പെട്ടുകിടന്ന നാട് ഒന്നായി. ചപ്പാരപ്പടവ് പഞ്ചായത്തിലെ മണാട്ടി വാർഡാണു പാലമില്ലാത്തതിനാൽ രണ്ടു ഭാഗങ്ങളായി വേർപ്പെട്ടുകിടന്നിരുന്നത്. നബാർഡിന്റെ സഹായത്തോടെ പത്തു കോടിയോളം രൂപ ചെലവഴിച്ചാണ് മണാട്ടി പുഴയിൽ വിയർ കം ബ്രിജ്( ഡബ്ല്യുസിബി ) നിർമിക്കുന്നത്.
8.4 മീറ്റർ വീതിയുള്ള വിയർ കം ബ്രിജിലൂടെ രണ്ടു വാഹനങ്ങൾക്ക് ഒരേസമയം പോകാം. 5.5 മീറ്റർ ഉയരമുണ്ടാകും. ഒന്നര മീറ്റർ ഉയർത്തൽ ഷട്ടറും നിർമിക്കും. ഇരുവശങ്ങളിലും അപ്രോച്ച് റോഡും നിർമിക്കും. ബാലപുരം- മണാട്ടി-നെല്ലിപ്പാറ റോഡിന്റെ ഭാഗമാകും ഈ പാലം. നാട്ടുകാർക്കു പ്രധാനം പാലമാണെങ്കിലും ജലസേചനത്തിനുള്ള വെള്ളവും സംഭരിക്കും. ആലക്കോട്, തിമിരി വെള്ളാട് വില്ലേജുകളിലുള്ള 1500 ഓളം ഹെക്ടർ കൃഷിയിടത്തിലേക്ക് വെള്ളം സംഭരിക്കാവുന്ന പദ്ധതിയാണിത്. പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.
ബാലപുരം-മണാട്ടി വികസന സമിതി
പുഴമൂലം വേർപെട്ടു കിടക്കുന്ന മണാട്ടി ഗ്രാമത്തെ ഒന്നിപ്പിക്കാൻ പാലം നിർമിക്കണമെന്ന ആവശ്യത്തിനു കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഈ ആവശ്യം മുൻനിർത്തി 2014ലാണ് നാട്ടുകാർ ബാലപുരം- മണാട്ടി വികസന സമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങുന്നത്. തോമസ് പുതുക്കരി ചെയർമാനും കുഞ്ഞമ്പു പണ്ണേരി കൺവീനറുമായ 9 അംഗ കമ്മിറ്റി പാലം യാഥാർഥ്യമാകുന്നതുവരെ പൊരുതി. അവരെ പിന്തുണച്ചു നാട്ടുകാരും രംഗത്തെത്തിയതോടെ മണാട്ടി പാലം ഒരു നാടിന്റെ വികാരമായി.
ആദ്യം റഗുലേറ്റർ കം ബ്രിജ് എന്ന ആവശ്യവുമായാണ് സമിതി രംഗത്തെത്തിയത്. എന്നാൽ, സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ സാഹചര്യങ്ങൾ വിലയിരുത്തി ഡബ്ല്യുസിബിയാണ് ഉചിതമെന്നു നിർദേശിച്ചു. ജലക്ഷാമം അനുഭവപ്പെടാറുള്ള പ്രദേശത്തു ജലസേചനത്തിനായുള്ള സൗകര്യവും പരിഗണിച്ചായിരുന്നു നിർദേശം. എന്നാൽ, സമിതി പ്രതീക്ഷിച്ചതുപോലെ തുടർനടപടികൾ ഉണ്ടായില്ല. ഡബ്ല്യുസിബി യാഥാർഥ്യമാക്കുന്നതിനായി സമിതി വീണ്ടും സർക്കാരിനെ സമീപിച്ചുവെങ്കിലും സർക്കാരിന്റെ കാലാവധി കഴിഞ്ഞതിനാൽ തുടർനടപടി ഉണ്ടായില്ല.
പതിറ്റാണ്ടുകൾ പഴക്കമുള്ള പാത
മണാട്ടി ഡബ്ല്യുസിബി പൂർത്തീകരിക്കുന്നതോടെ മലയോരത്തു മുരടിച്ചുകിടക്കുന്ന ബാലപുരം-മണാട്ടി- നെല്ലിപ്പാറ റോഡിനും പുനർജീവൻ ലഭിക്കും. തളിപ്പറമ്പ്- ആലക്കോട്- അരങ്ങം -ചെറുപുഴ റോഡിന്റെ ബൈപാസാണിത്. നെല്ലിപ്പാറ മേഖലയിലുള്ളവർക്ക് എളുപ്പം ബാലപുരം, മണാട്ടി, തടിക്കടവ്, മീൻപറ്റി പ്രദേശങ്ങളിൽ എത്താം. പാലം യാഥാർഥ്യമാകാത്തതിനാൽ റോഡിന്റെ കുറെ ഭാഗം ടാറിങ് പോലും നടത്തിയിട്ടില്ല.
മുളപ്പാലം ഇനി ഓർമയിലേക്ക്
മഴക്കാലത്ത് ഇരുഭാഗങ്ങളുമായി ബന്ധപ്പെടാൻ ഊഞ്ഞാൽ പോലെ ആടുന്ന ഒരു തൂക്കുപാലം മാത്രമാണുള്ളത്. ഇതു വർഷാവർഷം നിർമിക്കേണ്ടതുണ്ട്. ഇതിനു പഞ്ചായത്തിൽ നിന്നു ലഭിക്കുന്നതാകട്ടെ തുച്ഛമായ തുകയും. അതിനാൽ നാട്ടുകാർ പണം സ്വരൂപിച്ചും ശ്രമദാനം നടത്തിയുമാണു തൂക്കുപാലം നിർമിച്ചിരുന്നത്.