ആനക്കൂട്ടത്തെ ഭയന്ന് ആനപ്പാറ

Mail This Article
ഉളിക്കൽ∙ കാട്ടാനശല്യം മൂലം ഒരു ഗ്രാമം ഉറങ്ങാതായിട്ടു 5 ദിവസം. ഉളിക്കൽ പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന ആനപ്പാറ നിവാസികളാണു ആനക്കൂട്ടത്തെ ഭയന്നു കഴിയുന്നത്. പയ്യാവൂർ പഞ്ചായത്തിനോട് ചേർന്നു സോളർ വേലി ഇല്ലാത്ത ഉളിക്കൽ പഞ്ചായത്തിന്റെ ഭാഗത്തു കൂടിയാണു ആനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത്. മാസങ്ങൾക്ക് മുൻപ് ഇതുവഴി ഇറങ്ങിയ ആന ഉളിക്കൽ ടൗണിലെത്തി ഒരാളെ കൊലപ്പെടുത്തിയിരുന്നു.തുടർന്നു സോളർവേലി അടിയന്തരമായി സ്ഥാപിക്കുമെന്നു വനംവകുപ്പ് ഉറപ്പു നൽകിയിരുന്നെങ്കിലും 5 മാസം പിന്നിട്ടിട്ടും നടപടി ആയിട്ടില്ല.ഇത്തവണയെത്തിയ ആനക്കൂട്ടം ഇതുവരെ ആക്രമകാരികളായിട്ടില്ലെന്നതാണ് ഏക ആശ്വാസം.
മണിക്കടവ് ആനപ്പാറയിൽ ഇലവുങ്കച്ചാലിൽ ഷാജു, പൂവത്താനിക്കൽ ജിനു, ഇലവുങ്കച്ചാലിൽ പ്രസാദ് എന്നിവരുടെ തെങ്ങ്, കമുക് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു. ചക്കയും കശുമാങ്ങയും തേടിയാവാം ആനക്കൂട്ടം എത്തുന്നതെന്നാണു പ്രദേശവാസികൾ പറയുന്നത്. ആനയെ ഭയന്നു കർഷകർ പ്ലാവുകളിൽ നിന്നും ചക്കകൾ കൂട്ടത്തോടെ വെട്ടിമാറ്റി. എല്ലാ ദിവസവും സന്ധ്യയോടെ വേലി കടന്നെത്തുന്ന ആനക്കൂട്ടം അടുത്തദിവസം രാവിലെയാണു കാട്ടിലേക്ക് തിരികെ പോകുന്നത്. പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി ആനയെ തുരത്താൻ നടത്തുന്ന ശ്രമവും വിജയിക്കുന്നില്ല.