ADVERTISEMENT

കണ്ണൂർ ∙ നാലരപ്പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്... തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ഒടുവിൽ വഴി തുറന്നു. മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലുള്ള ബൈപാസ് യാഥാർഥ്യം. ജനങ്ങളുടെ യാത്രാദുരിതം കുറയും, ടൂറിസം മേഖലയിൽ ഉൾപ്പെടെ വലിയ വികസനത്തിന് വഴിവയ്ക്കും.

thalassery-mahe-bypass

ബൈപാസ് തുറക്കുന്നതോടെ നേട്ടങ്ങൾ നിരവധി. 1977ൽ ആരംഭിച്ച സ്ഥലമേറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണു നിർമാണം ഔദ്യോഗികമായി തുടങ്ങിയത്. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണു ബൈപാസ് കടന്നു പോകുന്നത്.

thalassery-mahe-bypass-1

2020 മേയിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണു നിർമാണം തുടങ്ങിയതെങ്കിലും നെട്ടൂർ ബാലത്തു നിർമാണത്തിനിടെ പാലത്തിന്റെ നാലു ബീമുകൾ തകർന്നുവീണതും കോവിഡും തുടർന്നുവന്ന ലോക്ഡൗണും തടസമായി.  മുഴപ്പിലങ്ങാട് മഠം സ്റ്റോപ്പിൽ നിന്നാണ് ബൈപാസ് തുടങ്ങുന്നതെങ്കിലും എടക്കാട് പൊലീസ് സ്റ്റേഷൻ ഭാഗത്തു നിന്നു തന്നെ പുതിയ പാതയിലേക്കു പ്രവേശിക്കാം.

thalassery-mahe-bypass-4

മഠം ഭാഗത്തെ വീതി കുറഞ്ഞ സർവീസ് റോഡുകളിൽ നിന്ന് ബൈപാസിലേക്കു കയറാനും ഇറങ്ങാനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ്, ദേശീയപാതയുടെ മുഴപ്പിലങ്ങാട് – തളിപ്പറമ്പ് റീച്ചിന്റെ ഭാഗമായ ഈ ഭാഗത്ത് ടാറിങ് അതിവേഗം പൂർത്തിയാക്കിയത്.  ഉദ്ഘാടനദിനത്തിൽ പ്രവേശന കവാടത്തിലെ തടസ്സങ്ങൾ എടുത്തു മാറ്റുന്നതോടെ ബൈപാസിൽ വാഹനക്കുതിപ്പിന് വഴി തുറക്കും. മുഴപ്പിലങ്ങാട് യൂത്ത് ജംക്‌ഷൻ ഭാഗത്തെ വളവ് കഴി‍യുന്നതോടെ മേൽപ്പാലത്തിലെന്നപോലെ റോഡ് ഉയർന്നാണ് പോകുന്നത്.

thalassery-mahe-bypass-3

തെങ്ങിൻ തലപ്പുകളുടെ അതേ തലപ്പൊക്കത്തിലാണ് ഇവിടെ വാഹനയാത്ര. പഴയ ദേശീയപാത ഇതിനു തൊട്ടുതാഴെയുള്ള അടിപ്പാത വഴിയാണ് വലത്തോട്ടു തിരിയുന്നത്.  നാലു വലിയ പാലങ്ങൾ, അഴിയൂർ മുക്കാളിയിൽ റെയിൽവേ മേൽപാലം, അണ്ടർപാസുകൾ എന്നിവയെല്ലാം ബൈപാസിലുണ്ട്. ദേശീയപാതയിൽ കണ്ണൂരിനും വടകരയ്ക്കും ഇടയിൽ ഇനി കുരുക്കിൽപ്പെടാതെ യാത്ര ചെയ്യാം. തലശ്ശേരി, മാഹി ടൗണുകൾ കടന്നുകിട്ടാൻ, വീതികുറഞ്ഞ റോഡുകളിൽ മണിക്കൂറുകൾ കാത്തുകിടന്നിരുന്ന ദുരിതദിനങ്ങൾക്കു വിട.

thalassery-mahe-bypass-5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com