പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെളിച്ചം നിറഞ്ഞു; രണ്ടു പ്ലാറ്റ്ഫോമുകളിലായി 200ൽ ഏറെ ട്യൂബ് ലൈറ്റുകൾ

Mail This Article
പഴയങ്ങാടി∙ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ ഇനി രാത്രികാലങ്ങളിൽ തപ്പിത്തടയേണ്ട. പഴയങ്ങാടി സ്റ്റേഷനിൽ വെളിച്ചം നിറഞ്ഞു. രണ്ട് പ്ലാറ്റ് ഫോമുകളിലായി സ്ഥാപിച്ചത് 200ലേറെ ട്യൂബ് ലൈറ്റുകൾ. പതിറ്റാണ്ടുകളായി ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ യാത്രക്കാർ കടുത്ത ദുരിതമാണ് അനുഭവിച്ചത്.
ട്രെയിനിൽ കയറാനും ഇറങ്ങാനും വെളിച്ചക്കുറവ് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. പുലർച്ചെ ഉളള ട്രെയിനുകളിൽ വരുന്ന യാത്രക്കാർ വെളിച്ചമില്ലാത്തത് കാരണം തടഞ്ഞ് വീഴുന്ന അവസ്ഥ ഉണ്ടായി. മഴക്കാലത്തെ ദുരിതം പറയുകയെ വേണ്ട. ഇതിന് പുറമേ ഫുട് ഓവർബ്രിജിലും വാഹനപാർക്കിങ് സ്ഥലങ്ങളിലും ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഷനിലെ വെളിച്ചക്കുറവ് ഉണ്ടാക്കിയ ദുരിതത്തെക്കുറിച്ച് മലയാള മനോരമ ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. സ്റ്റേഷനിലെ ലിഫ്റ്റിന്റെ നിർമാണം നടന്നുവരികയാണ്. ഒന്നാം പ്ലാറ്റ് ഫോമിലെ ലൈറ്റ് മുഴുവൻ സ്ഥാപിച്ച് കഴിഞ്ഞു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കുറച്ച് സ്ഥലത്തുകൂടി ലൈറ്റ് സ്ഥാപിക്കാനുണ്ട് പ്രവൃത്തി നടന്നുവരികയാണ്.