ADVERTISEMENT

പാനൂർ ∙ മീത്തലെ കുന്നോത്തുപറമ്പ് കടുങ്ങോംപൊയിലിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ വധഭീഷണി എഴുതിയ റീത്ത് വച്ചു. പ്രദേശത്തെ ഗ്രാമദീപം വായനശാലയിലെ  ടിവി, ഫർണിച്ചറുകൾ എന്നിവ അടിച്ചു തകർത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ വിധിച്ച ദിവസം 12ാം പ്രതി പി.കെ.ജ്യോതിബാബുവിന്റെ വീടിനു സമീപം രാത്രി 12ന് സ്ഫോടനം നടന്നിരുന്നു. ഒരു സംഘമാളുകൾ പടക്കം പൊട്ടിച്ചതാണെന്നാണ് പറയുന്നു. ഇതിനു പിന്നാലെയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.



ഗ്രാമദീപം വായനശാലയിലെ ഫാനും കാരംസ് ബോർഡും തകർ‌ത്ത നിലയിൽ.
ഗ്രാമദീപം വായനശാലയിലെ ഫാനും കാരംസ് ബോർഡും തകർ‌ത്ത നിലയിൽ.

ജ്യോതി ബാബുവിന്റെ  സമീപത്തെ വീട്ടുകാരും കോൺഗ്രസ് പ്രവർത്തകരുമായ ചിറക്കരാണ്ടിമ്മൽ പ്രജീഷ്, തുച്ചത്ത് വെങ്ങാട്ടേരി അർജുൻ എന്നിവരുടെ വീടിന്റെ കോലായിലാണ് റീത്ത് വച്ചത്. റീത്തിനു മുകളിൽ ‘നിന്റെ നാളുകൾ എണ്ണപ്പെട്ടു’ എന്നെഴുതിയിട്ടുണ്ട്. കുന്നോത്തുപറമ്പ് മണ്ഡലം കോൺഗ്രസ് നിർവാഹക സമിതി അംഗമാണ് പ്രജീഷ്. മണ്ഡലം കെഎസ്‍യു പ്രസിഡന്റാണ് അർജുൻ. 

അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്നു കോ‍ൺഗ്രസ് ആരോപിച്ചു. സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ, കൂത്തുപറമ്പ് എസിപി: കെ.വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു.ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജ്യോതിബാബുവിനെ വിചാരണക്കോടതി വിട്ടയച്ചെങ്കിലും ഗൂഢാലോചനക്കുറ്റം കണ്ടെത്തിയ ഹൈക്കോടതി കഴിഞ്ഞ ദിവസം ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 

സമാധാനത്തിന് സർവകക്ഷി യോഗം
പ്രദേശത്ത് അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇന്നലെ കൊളവല്ലൂർ പൊലീസ് സ്റ്റേഷനിൽ സർവകക്ഷി സമാധാന യോഗം വിളിച്ചു ചേർത്തു. എസിപി കെ.വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പൊലീസ് നടപടികളുടമായി സഹകരിക്കാനും പ്രദേശത്ത് സമാധാനം നില നിർത്താനും ധാരണയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com