ADVERTISEMENT

തമിഴിലെ എണ്ണംപറഞ്ഞ എഴുത്തുകാർ അവരുടെ പുസ്തകങ്ങൾ ആത്മാവുചോരാതെ വിവർത്തനം ചെയ്യിക്കാൻ തേടിയെത്തുന്നൊരാളുണ്ട് ഇവിടെ ചെറുമാവിലായിൽ – ഷാഫി. പത്താം ക്ലാസ് പാസാകാത്ത, ജീവിക്കാനായി കൂലിപ്പണി ചെയ്യുന്ന ഈ മനുഷ്യൻ ഇതുവരെ മൊഴിമാറ്റിയ കൃതികളുടെ എണ്ണവും പേരുകളും അറിഞ്ഞാൽ ആരും അമ്പരക്കും. ഇരുന്നൂറോളം ചെറുകഥകൾ, 16 നോവലുകൾ, അഞ്ച് കഥാസമാഹാരങ്ങൾ, നാല് ലേഖന സമാഹാരങ്ങൾ... ഇപ്പോഴും തുടരുകയാണ് എഴുത്തുവഴിയിലെ യാത്ര.

പത്ത് തോറ്റു, പോസ്റ്ററിൽനോക്കി പഠിച്ചു
പത്തു തോറ്റതോടെ പഠനം നിർത്തേണ്ടി വന്ന ഷാഫി തമിഴ് പഠിച്ചതിലുമുണ്ട് കൗതുകം. സിനിമ പോസ്റ്ററിൽ നോക്കിയാണ് തമിഴ് അക്ഷരങ്ങൾ പഠിച്ചത്. തമിഴ് എഴുത്തുകാരുടെ പ്രിയങ്കരനായ ഷാഫിയുടെ വിവർത്തനത്തിലെ ഈ മിടുക്കിനെക്കുറിച്ച് നാട്ടിൽ പലർക്കും അറിയില്ല. 

മത്സ്യത്തൊഴിലാളിയായ പരേതരായ മൊയ്തീന്റെയും ആമിനയുടെയും നാലാമത്തെ മകനായാണ് പെരളശ്ശേരി പഞ്ചായത്തിലെ ചെറുമാവിലായി താഴെക്കണ്ടി വീട്ടിൽ ഷാഫിയുടെ ജനനം. മമ്മാക്കുന്ന് മാപ്പിള എൽപി സ്കൂൾ, ചെറുമാവിലായി യുപി സ്കൂൾ, പെരളശ്ശേരി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. 

kannur-books

സ്കൂൾ പഠനകാലത്ത് പെരളശ്ശേരി ഹൈസ്കൂളിലെ മലയാളം അധ്യാപകനായ പണ്ഡിറ്റ് നാണു മാസ്റ്ററാണ് ഷാഫിയെ വായിക്കാൻ പ്രേരിപ്പിച്ചത്. അക്കാലത്ത് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ കൃതികൾ ഷാഫി വായിച്ചു. പത്താം ക്ലാസ് പാസാകാതെ പഠനം നിർത്തിയെങ്കിലും എഴുത്തിലും വായനയിലും തൽപരനായിരുന്ന ഷാഫി കഥകൾ എഴുതിയിരുന്നു. ചിലത് ആഴ്ച്ചപ്പതിപ്പുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കരുത്തായി സൗഹൃദങ്ങൾ
ജീവിതപ്രാരാബ്ധം മൂലം 18ാം വയസ്സിൽ പുണെയിലേക്ക് വണ്ടികയറി. ബന്ധുവിന്റെ പലചരക്ക് കടയിൽ ജോലി ചെയ്തു. അവിടെ നിന്ന് ബേക്കറിയിലേക്കും പിന്നീട് ബെംഗളൂരുവിൽ ചായക്കടയിലും ജോലി തേടിപ്പോയി. ബെംഗളൂരിൽ തമിഴർ തിങ്ങിപ്പാർക്കുന്ന ഭാഗത്തായിരുന്നു താമസം.

പത്തു വർഷത്തോളം അവിടെ ജോലി ചെയ്തപ്പോഴാണ് തെരുവുകളിലെ സിനിമ പോസ്റ്റർ വായിച്ച് തമിഴ് അക്ഷരങ്ങൾ വായിക്കാനും എഴുതാനും പഠിച്ചു തുടങ്ങിയത്. തമിഴ് സിനിമ കാണുന്നതും പതിവാക്കി. തമിഴരുമായുള്ള സൗഹൃദത്തിലൂടെ തമിഴ് പറയാനും പഠിച്ചു. തമിഴ് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുന്നതു പതിവാക്കി. 



ഷാഫി ചെറുമാവിലായി ജോലിക്കിടയിൽ.
ഷാഫി ചെറുമാവിലായി ജോലിക്കിടയിൽ.

ചായയടിക്കും; വിവർത്തനം ചെയ്യും
ചായക്കടയിലെ ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്ത് എത്തിയ ശേഷമുള്ള സമയം ഉപയോഗപ്പെടുത്തി തമിഴ് കഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു തുടങ്ങി. തമിഴിൽ അച്ചടിച്ചു വന്ന റഷ്യൻ കഥയാണ് ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ഇതു ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചു. 

പിന്നീട് വിവർത്തനം പതിവാക്കിയതോടെ തമിഴ് എഴുത്തുകാരുമായി ബന്ധം പുലർത്തി. 2000ത്തിൽ ബെംഗളൂരുവിൽ നിന്ന് തിരിച്ചുപോന്നു. നാട്ടിലെത്തിയ ശേഷം കെട്ടിട നിർമാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. 23 വർഷമായി കെട്ടിട നിർമാണ മേഖലയിൽ സജീവമാണ്. മേസ്തിരിയുടെ സഹായിയായി 63ാം വയസ്സിലും കല്ലുചുമന്നാണ് ഷാഫി കുടുംബം പുലർത്തുന്നത്. 

ജോലിയിൽ റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തതിനാൽ ഇതുവരെ മേസ്തിരിയാകാൻ ശ്രമിച്ചില്ല. പക്ഷേ, തമിഴ് രചനകൾ വിവർത്തനം ചെയ്യാൻ ഷാഫി എന്തു റിസ്കും ഏറ്റെടുക്കും. തമിഴിലെ പ്രമുഖ എഴുത്തുകാരനായ തോപ്പിൽ മുഹമ്മദ് മീരാന്റെ അനന്തശയനം കോളനി എന്ന ചെറുകഥാ സമാഹാരം മീരാൻ ഷാഫിക്ക് വായിക്കാൻ നൽകി. 

ഷാഫിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ മീരാൻ മലയാളത്തിലേക്ക് മാറ്റിയെഴുതാൻ അനുവാദം നൽകി. 2008 ൽ ആദ്യ തമിഴ് വിവർത്തന പുസ്തകം തോപ്പിൽ മുഹമ്മദ് മീരാന്റെ കഥാ സമാഹാരം അനന്തശയനം കോളനി  മലയാളത്തിൽ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് 2010 ലെ നല്ലി ദിശൈ എട്ടും വിവർത്തന പുരസ്കാരം ഷാഫിയെ തേടിയെത്തി.

തമിഴ്നാട്ടിൽപ്രത്യേക ക്ഷണിതാവ്
കേന്ദ്ര സാഹിത്യ അക്കാദമി തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ച വിവർത്തന ശിൽപശാലയിൽ തമിഴ് സാഹിത്യകാരന്മാരുടെ പ്രത്യേക ക്ഷണിതാവായി എത്തിയതും പത്താം ക്ലാസ് തോറ്റ് സിനിമ പോസ്റ്റർ വായിച്ചു മാത്രം തമിഴ് പഠിച്ച ഈ കൂലിത്തൊഴിലാളിയായിരുന്നു! നാലു നോവലുകളും ഒരു കഥ സമാഹാരവും കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടി തമിഴിൽ നിന്ന് മലയാളത്തിലേക്ക് ഷാഫി വിവർത്തനം ചെയ്തു.

തമിഴിലെ പ്രശസ്ത എഴുത്തുകാരായ ചോ. ധർമ്മന്റെ ‘മൂങ്ങ’ പെരുമാൾ മുരുകന്റെ അർദ്ധനാരി, ആലവായൻ എന്നീ നോവലുകളും സ.കന്തസ്വാമിയുടെ വിചാരണ കമ്മിഷൻ, എം.വി.വെങ്കട്ടരാമന്റെ കാതുകൾ, തമിഴ്നാട് ഐപിഎസ് ഓഫിസറായിരുന്ന ജി.തിലകവതിയുടെ കൽമരം, സെൽമയുടെ ശാപം, നരന്റെ കേശം എന്നിവ ഷാഫി വിവർത്തനം ചെയ്ത പ്രധാന കൃതികളാണ്. 

തമിഴിലെ പ്രശസ്തരായ എഴുത്തുകാർ ഇപ്പോഴും കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഷാഫിയെ തേടി വരുന്നു. 2017-ൽ മഹാകവി ഉള്ളൂർ എസ്.പരമേശ്വര അയ്യർ വിവർത്തന പുരസ്കാരം, 2023ൽ പടയിപ്പ് ചുടർ വിവർത്തന പുരസ്കാരം, 2023ലെ ദേശമംഗലം രാമവർമ പുരസ്കാരം എന്നിവയും ഷാഫി ചെറുമാവിലായിയെ തേടിയെത്തി.

ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടി സൂ.വെങ്കടേശന്റെ കാവൽകോട്ടം എന്ന നോവൽ വിവർത്തനം ചെയ്യുന്ന തിരക്കിലാണ് ഷാഫി. പകൽ സമയങ്ങളിൽ കൂലിപ്പണിയാണെങ്കിലും വൈകിട്ട് വീട്ടിലെത്തുന്നതു മുതൽ ഷാഫി വിവർത്തത്തിന്റെ തിരക്കിലേക്ക് തിരിയും. മുഴപ്പിലങ്ങാട് കണ്ണംവയലിൽ ആയിഷ മൻസിലിലാണ് താമസം. ഭാര്യ: ആയിഷ. മക്കൾ: ഷബീർ, ജംഷീർ, ജസ്ന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com