ADVERTISEMENT

തലശ്ശേരി ∙ ഏഴു ദിവസം നീണ്ടുനിൽക്കുന്ന തലശ്ശേരി കാർണിവൽ പഴയ ബസ് സ്റ്റാൻഡിലെ വേദിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഉൾപ്പെടെയുള്ള നഗരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം ഗതാഗത കുരുക്കാണെന്നും അധികം വൈകാതെ മാഹി ബൈപാസ് തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ സമയം ലഭിക്കാത്തത് മാത്രമാണ് പ്രശ്നം. 2025 ആവുമ്പോഴേക്കും കാസർകോട് –തിരുവനന്തപുരം ആറുവരി പാത യാഥാർഥ്യമാകും. മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലാണ് ദേശീയപാത വികസനത്തിന് വേഗം കൂട്ടിയതെന്ന് മന്ത്രി പറഞ്ഞു. 

നഗരസഭ അധ്യക്ഷ കെ.എം. ജമുനറാണി അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥി ആയിരുന്നു.  മാഹി ബൈപാസ് വരുന്നതോടെ തലശ്ശേരി നഗരത്തിലെ തിരക്കു കുറയും വൈകാതെ ജനറൽ ആശുപത്രിയും കണ്ടിക്കലിലേക്ക് മാറ്റും. ഒറ്റപ്പെട്ടുപോവുന്ന തലശ്ശേരി നഗരത്തിന് ടൂറിസത്തിലൂടെ മാത്രമെ വികസനം സാധ്യമാവു അതിനുള്ള സാധ്യതകൾ കണ്ടെത്താനാണ് കാർണിവൽ പോലുള്ള പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതെന്നും പഴയ ബസ് സ്റ്റാൻഡിൽ വേദി ഒരുക്കിയതിലൂടെ വ്യാപാരികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും ഉണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നതായും ഷംസീർ പറഞ്ഞു.

സംസ്ഥാനത്തെ മികച്ച സബ് കലക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട സന്ദീപ്കുമാറിനെയും റിപബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കെ.കെ. സൗമ്യയെയും ആദരിച്ചു. സി.കെ. രമേശൻ, കാരായി ചന്ദ്രശേഖരൻ, പി.കെ. ആശ, കെ.കെ. മാരാർ, സി.പി. സന്തോഷ്കുമാർ, കെ. സുരേശൻ, കാസിം ഇരിക്കൂർ, വർക്കി വട്ടപ്പാറ, കെ. അച്യുതൻ, പി.എം. സുഗുണൻ, നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, സെക്രട്ടറി എൻ. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. സിറ്റി സെന്ററിൽ വ്യാവസായിക പ്രദർശനവും കടൽപ്പാലത്തിന് സമീപം ഫുഡ് കോർട്ടും സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ്, ബിജെപി പ്രതിനിധികൾ ചടങ്ങ് ബഹിഷ്കരിച്ചു. 

തലശ്ശേരി ∙ പ്രശസ്ത ഹിന്ദുസ്ഥാനി വാദ്യകലാകാരൻ ഋഷിരാജ് കുൽക്കർണി നാളെ വൈകിട്ട് 6.30ന് കസ്റ്റംസ് റോഡിലെ ഹെറിറ്റേജ് ടാങ്കിൽ കച്ചേരി നടത്തും. ഇന്ത്യ യാത്രയുടെ ഭാഗമായിട്ടാണ് അദ്ദേഹം തലശ്ശേരിയിലെത്തുന്നത്. തബലയ്ക്ക് പുറമെ ഹാൻഡ്പാൻ, സ്റ്റീൽ ടെൻഗ് ഡ്രം, മരിമ്പ,സ്കയ്ലോഫോൺ, വൈബ്രാ ഫോൺ, മാസ്ച്ചിനെ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വാദ്യോപകരണങ്ങൾ. കൂട്ടത്തിൽ റിക്കോർഡ് ചെയ്തു വച്ച പ്രകൃതി ശബ്ദങ്ങളും. തലശ്ശേരി ആർട്സ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലാ ആശുപത്രിയിലേക്കുള്ള ഗതാഗതം തടസ്സപ്പെടരുത്: ഹൈക്കോടതി
‌കൊച്ചി ∙ തലശ്ശേരി കാർണിവലിനായി സ്ഥാപിച്ച സ്റ്റേജ്മൂലം ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നതിനു തടസ്സമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഒരു രോഗിക്കോ, ആംബുലൻസ് ഉൾപ്പെടെ അടിയന്തര വാഹനങ്ങൾക്കോ തടസ്സമുണ്ടാകരുതെന്നും ആർഡിഒ, കലക്ടർ എന്നിവർക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. തടസ്സമുണ്ടായാൽ ഇരുവരും വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഏഴുവരെയാണ് തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. അഭിഭാഷകൻ കെ.എ.ലത്തീഫാണ് ആശുപത്രിയിലേക്കുള്ള റോഡ് തടസ്സപ്പെടുത്തിയതു ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അറിയിച്ചു. എന്നാൽ ആരോപണങ്ങൾ സത്യമല്ലെന്നും ആശുപത്രിയിലേക്കുള്ള റോഡ് പൂർണമായി തടസ്സപ്പെടുത്തിയിട്ടില്ലെന്ന് തലശ്ശേരി നഗരസഭയുടെ അഭിഭാഷകൻ അറിയിച്ചു. ഹർജി 5 ന് വീണ്ടും പരിഗണിക്കും.

കാർണിവലിൽ ഇന്ന്
∙ ഗവ. ബ്രണ്ണൻ എച്ച്എസ്എസ്: വികസന സെമിനാർ. ഉദ്ഘാടനം. കലക്ടർ അരുൺ കെ.വിജയൻ–5.00.
∙ പഴയ ബസ് സ്റ്റാൻഡ്: വിധു പ്രതാപ് നയിക്കുന്ന സ്റ്റേജ് ഷോ –8.00.
∙ ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയം: നിയമസഭാ ചരിത്ര പ്രദർശനം–10.00.
∙ സിറ്റി സെന്റർ ഗ്രൗണ്ട്: വ്യാവസായിക പ്രദർശനം–10.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com