ADVERTISEMENT

കണ്ണൂർ ∙ തേയ്ക്കാത്ത ചുവരുകളിലെവിടെയോ തൂക്കിയിട്ട പ്ലാസ്റ്റിക് കുര്യ എടുത്തുകൊണ്ടുവന്നു പരാതികളോടും പരിഭവങ്ങളോടും കുശലം പറഞ്ഞ്, ചീരു പൊയ്‌രൻ വീണ്ടും താഴോട്ടാഞ്ഞു. വെള്ളത്തിന്റെ ഒരു ചെറുകണിക പോലുമില്ലാത്ത സിമന്റ് പാകിയ നിലത്തുനിന്നു ഭാവനയിൽകണ്ട ചെമ്മീനും കരിമീനും കുര്യയിൽ നിറച്ചു. അൽപനേരത്തിനു ശേഷം ചീരു നടുനീർത്തിപ്പറഞ്ഞു: ‘എത്രസമയം വേണമെങ്കിലും വെള്ളത്തിലിറങ്ങാനാകുമായിരുന്നു. പക്ഷേ, ഇന്നു മുട്ടുവേദനയും നടുവേദനയും പിന്നെ മാലിന്യവും ജോലി ഇല്ലാതാക്കി. നിറഞ്ഞ കുര്യകളെല്ലാം ഇപ്പോൾ സ്വപ്നം മാത്രം’. പഴയങ്ങാടിപ്പുഴയോരങ്ങളിൽ കണ്ടൽക്കാടുകൾ വന്നതോടെ പരിസ്ഥിതിസ്നേഹികൾ തെല്ലൊന്ന് ആശ്വസിച്ചു. നല്ലൊരു മാറ്റത്തിനു തുടക്കമായല്ലോ! പക്ഷേ, ആ നല്ല മാറ്റം കുര്യകൾ വായിലുറപ്പിച്ചു ചെളിയിലിറങ്ങി മീൻപിടിച്ചിരുന്ന ഒരുകൂട്ടം സ്ത്രീകളെയാണു സാരമായി ബാധിച്ചത്. കണ്ടൽക്കാടുകളല്ല, കണ്ടലിന്റെ വേരുകളിൽ അടിഞ്ഞ മാലിന്യമായിരുന്നു അവരുടെ വില്ലൻ. ആശുപത്രി മാലിന്യം മുതൽ അറവു മാലിന്യം വരെയുണ്ട് കണ്ടൽക്കാടുകൾക്കുള്ളിൽ. പാമ്പുകളേക്കാൾ ഇവർ ഭയക്കുന്നതും ഈ മാലിന്യത്തെയാണ്.

ഉപജീവനത്തിനും ഭക്ഷണത്തിനും തിരച്ചിൽ തന്നെ മാർഗം
‘വേലിയിറക്ക സമയത്തിനായി കാത്തിരിക്കുന്ന രാത്രികളാണ് ഓർമയിലുള്ളത്. ജോലിയെല്ലാം കഴിഞ്ഞു വീട്ടിലേക്കു മടങ്ങും. വേലിയിറക്കത്തിനായി കാത്തിരിക്കും. പ്രത്യേകിച്ചും നിലാവൊന്നുമില്ലാത്ത ആച്ചുകൾ. അന്നേരമാണു കൂടുതൽ മത്സ്യം കിട്ടുക. ആദ്യമൊക്കെ ഓലകൊണ്ടുള്ള കുര്യയായിരുന്നു. ഇപ്പോൾ പ്ലാസ്റ്റിക്കിലായി. കുര്യ വായിൽ കടിച്ചുപിടിച്ചുവേണം വെള്ളത്തിലേക്കിറങ്ങാൻ‍. വെള്ളത്തേക്കാൾ കൂടുതൽ ചെളിയായിരിക്കും. കാൽവയ്ക്കുന്ന ചെളിക്കുണ്ടുകളിലും മീൻ നിറയും. ഓരോ തവണയും വെള്ളത്തിലും ചെളിയിലും മുങ്ങിനിവരുമ്പോൾ കയ്യിൽ കിട്ടുന്നതെല്ലാം കുര്യയിൽ നിറയ്ക്കണം. അതിൽ കരിമീനും ചെമ്മീനുമൊക്കെയുണ്ടാകാം’, പുഷ്പ പൊയ്‌രൻ പറഞ്ഞു. ‘അതൊരു കാലമായിരുന്നു. ആഘോഷമായ രാത്രികൾ. വെള്ളത്തെയോ ചെളിയെയോ പാമ്പിനെയോ രാത്രിയെയോ പേടിയില്ലാത്ത കാലം. ഓരോ ദിവസവും കിട്ടുന്ന മത്സ്യത്തിന്റെ വിലയൊന്നും വിറ്റാലും കിട്ടില്ല. എങ്കിലും കുറെയൊക്കെ വിൽക്കും. ബാക്കി വീട്ടിലേക്കു കൊണ്ടുവരും. അതുകൊണ്ടു ഞങ്ങളുടെ സാമ്പാറും തീയലും മെഴുക്കുവരട്ടിയുമെല്ലാം മീൻതന്നെയായിരുന്നു’, പാർവതി നിരിച്ചന്റെയും കമലാക്ഷി തെക്കന്റെയും വാക്കുകളിൽ പഴയകാലത്തിന്റെ അവശേഷിപ്പുകൾ നിറഞ്ഞു.

തിരച്ചിലിന്റെ ഓളങ്ങളിൽനിന്ന് തീരത്തേക്ക് അടിഞ്ഞവർ
കണ്ടൽക്കാടുകൾ നല്ലതായിരുന്നു. പക്ഷേ, അതിനുള്ളിലേക്കു മാലിന്യമൊഴുക്കരുതെന്ന് എന്തോ ആരും ഓർത്തില്ല. അളവില്ലാതെ മാലിന്യമെത്തിയതോടെ ഇവിടുത്തെ സ്ത്രീകൾക്ക് ഉപജീവനവും ഭക്ഷണവും നഷ്ടമായി. ‘അറവുമാലിന്യം, പ്ലാസ്റ്റിക് മാലിന്യം, ആശുപത്രികളിൽ നിന്നുള്ള മാലിന്യം എന്നിങ്ങനെ കണ്ടലിന്റെ വേരുകൾക്കിടയിൽ ഇപ്പോൾ നിറയെ മാലിന്യമാണ്. പാമ്പുകളേക്കാൾ ഭീകരമാണ് അവയെല്ലാം. ചിലപ്പോൾ മുങ്ങിത്തപ്പുമ്പോൾ കിട്ടുക സിറിഞ്ചും കാലികളുടെ കുടലും. ചെളിയിൽ ഇറങ്ങാൻ ഒരിക്കലും ബുദ്ധിമുട്ടു തോന്നിയിട്ടില്ല. പക്ഷേ, ഈ മാലിന്യമുണ്ടല്ലോ. ശരിയായ രീതിയിൽ സംസ്കരിക്കേണ്ട മാലിന്യം. അതിൽ ചവിട്ടേണ്ടിവരുമ്പോൾ ബുദ്ധിമുട്ടും സങ്കടവും തോന്നിയിട്ടുണ്ട്. ഒരുകാലത്ത്, ഞങ്ങളുടെ അന്നമായിരുന്നു ഈ പുഴയും ഈ തപ്പിയെടുക്കലും. പക്ഷേ, ഇപ്പോൾ അതെല്ലാം വിരളമായി. വെള്ളത്തിലേക്കിറങ്ങുന്ന സമയവും ആളുകളുടെ എണ്ണവും കുറഞ്ഞുകൊണ്ടേയിരിക്കുന്നു. അധികം വൈകാതെ ഈ തൊഴിലും അന്യമാകും’, ചീരുവിന്റെ വാക്കുകളിൽ ആശങ്കയുടെ ഓളങ്ങൾ പരന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com