ADVERTISEMENT

തലശ്ശേരി∙ തലശ്ശേരിയുടെ പഴയകാല ചരിത്രം കൃത്യമായി മനസ്സിലാക്കാനുള്ള പരിപാടികൾ കൂടി കാർണിവലിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി കാർണിവൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വൈവിധ്യങ്ങളെ ആസ്വദിക്കാനും അംഗീകരിക്കാനും തയാറുള്ളവരാണ് തലശ്ശേരിക്കാർ. പല കാര്യങ്ങളിലും മാതൃക കാട്ടിയ പ്രദേശം. ഇത്തരം പരിപാടികളെ ഏതെങ്കിലും ലേബലിൽ ആരെങ്കിലും എതിർക്കുന്നുവെങ്കിൽ അതൊന്നും കാര്യമാക്കേണ്ട. ജനങ്ങളുടെ അട്ടിപ്പേറവകാശമൊന്നും ഇത്തരക്കാർക്കില്ല.

അവരുടെ ആൾക്കാർ പോലും ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇക്കൂട്ടർക്ക് വേണമെങ്കിൽ അടുത്ത വർഷത്തെ പരിപാടിയിൽ പങ്കെടുക്കാൻ ഇപ്പഴേ ഒരുങ്ങാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ എംഎൽഎ, നഗരസഭ അധ്യക്ഷ കെ.എം. ജമുനറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, സി.എൻ. ചന്ദ്രൻ, എം.പി. മുരളി, കാരായി രാജൻ, നഗരസഭ സെക്രട്ടറി എൻ. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. കടൽപാലത്തിന് സമീപം നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിയതായി സംഘാടകർ അറിയിച്ചു.

ചിത്രകലാ വിദ്യാലയം ഏറ്റെടുക്കാനാകുമോയെന്ന് ആലോചിക്കും: മുഖ്യമന്ത്രി
മലബാറിൽ ഫൈനാർട്സ് കോളജ് ഇല്ലെന്ന പരാതിക്ക് പരിഹാരം കാണാൻ നിലവിൽ ഇവിടെയുള്ള ചിത്രകലാ വിദ്യാലയം സർക്കാരിന് ഏറ്റെടുക്കാനാവുമെങ്കിൽ ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാകാരന്മാരുമായുള്ള ചർച്ചയിൽ പ്രശസ്ത ചിത്രകാരൻ കെ.കെ. മാരാർ ഇക്കാര്യം തന്നോട് ചൂണ്ടിക്കാട്ടിയിരുന്നതായും അപ്പോൾ തന്നെ ഈ ഉറപ്പു നൽകിയാതായും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തുടർകാര്യങ്ങൾ സ്ഥലം എംഎൽഎയായ സ്പീക്കറുമായി ബന്ധപ്പെട്ട് ചെയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com