ADVERTISEMENT

ശ്രീകണ്ഠപുരം∙ വേനലിൽ ചുട്ടു പൊള്ളുമ്പോൾ തീപിടിത്ത ഭീതിയിൽ മലയോര ഗ്രാമങ്ങൾ. പരിമിതമായ ഗതാഗത സൗകര്യങ്ങൾ ഉള്ള ഇവിടെ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് അഗ്നിരക്ഷാ സേന. കഴിഞ്ഞ വർഷം ജില്ലയിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് ചെമ്പേരിയിലാണ്; 41.2 ഡിഗ്രി സെൽഷ്യൽസ്. ഒരു മാസമായി ജില്ലയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നതും ചെമ്പേരിയിൽ തന്നെയാണ്.

മുൻ വർഷങ്ങളിൽ മലയോര ഗ്രാമങ്ങളിലെ ഹെക്ടർകണക്കിന് പ്രദേശങ്ങൾ കത്തിനശിച്ചു.  വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൈതൽമലയിലും പാലക്കയം തട്ടിലും കാഞ്ഞിരക്കൊല്ലിയിലുമെല്ലാം തീപിടിത്തം പതിവാണ്. പൈതൽ മലഞ്ചെരുവിൽ മുൻ വർഷങ്ങളിലെല്ലാം തീ പടർന്ന് അത്യപൂർവ ഔഷധ സസ്യങ്ങളും വന്യജീവികളുമെല്ലാം അഗ്നിക്കിരയായിരുന്നു.  ഏക്കറുകണക്കിന് സ്ഥലത്തെ കശുമാവും റബ്ബറും ഉൾപ്പെടെ നശിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ മലയോരത്ത് നിരവധി സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായി.കഴിഞ്ഞ വേനൽക്കാലത്ത് ശ്രീകണ്ഠപുരം, ആലക്കോട്, നടുവിൽ ഭാഗങ്ങളിൽ 50ൽ ഏറെ സ്ഥലങ്ങളിലും തീപിടുത്തമുണ്ടായി. 

വനാതിർത്തിയോട് ചേർന്നുള്ള സ്ഥലങ്ങളിലേയും തീപിടുത്ത സാധ്യതയുള്ള സ്ഥലങ്ങളിലേയും കാട് വെട്ടിത്തെളിയിക്കാത്തതും തീപിടുത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മലയോര മേഖലകളിലെ തീപിടുത്തം തടയാൻ അഗ്നിരക്ഷാസേനയ്ക്കും സാധിക്കാറില്ല. തളിപ്പറമ്പിലും മട്ടന്നൂരിലുമാണ് നിലവിൽ മലയോര കേന്ദ്രങ്ങളിലുള്ളവർ ആശ്രയിക്കുന്ന അഗ്നി രക്ഷാ നിലയങ്ങൾ പ്രവർത്തിക്കുന്നത്. 

ഉൾഗ്രാമങ്ങളിൽ തീപിടുത്തമുണ്ടായാൽ തളിപ്പറമ്പ്, മട്ടന്നൂർ, ഇരിട്ടി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തണമെങ്കിൽ ഏറെ സമയമെടുക്കും.  ദുരന്തങ്ങൾ കഴിഞ്ഞ ശേഷമാണ് പലപ്പോഴും അഗ്നി രക്ഷാ സേന അതിർത്തി ഗ്രാമങ്ങളിലെത്താറുള്ളത്.  ശ്രീകണ്ഠപുരത്ത് മലയോര കേന്ദ്രമെന്ന പരിഗണനയിൽ കഴിഞ്ഞ സർക്കാർ അഗ്നിരക്ഷാ സേന ഓഫിസ് അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും യാഥാർഥ്യമായിട്ടില്ല.

നിലവിലെ സർക്കാർ 2022 ലെ ബജറ്റിൽ ശ്രീകണ്ഠപുരത്ത് അഗ്നിരക്ഷാ സേന ഓഫിസ് ഉടൻ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രാരംഭ നടപടി പോലും നടന്നിട്ടില്ല.  മലയോരത്തെ ദുരന്ത സാധ്യത മേഖലകൾ കേന്ദ്രീകരിച്ച് സിവിൽ ഡിഫൻസ് അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള മിനി ഫയർസ്റ്റേഷൻ മാതൃകയിലുള്ള  ഫയർ ഔട്ട് പോസ്റ്റുകൾ  തുടങ്ങിയെങ്കിലും അപകടങ്ങളുടെ തീവ്രത കുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com