ADVERTISEMENT

ഇരിട്ടി∙ അര നൂറ്റാണ്ടിനു ശേഷം ആറളം ഫാമിൽ വീണ്ടും തണ്ണിമത്തൻ കൃഷി വിപ്ലവം. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി പങ്കാളിത്ത കൃഷി പദ്ധതി പ്രകാരം ആദ്യഘട്ടമായി 100 ഏക്കർ സ്ഥലത്ത് നടത്തിയ തണ്ണിമത്തൻ കൃഷിയിൽ നൂറു മേനി വിളവ് ലഭിച്ചു. തൊഴിലാളികളുടെയും ജീവനക്കാരുടെയും ആഹ്ലാദാരവങ്ങൾക്കിടെ വിളവെടുപ്പ് ഉത്സവം കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പുറമേ നിന്നുള്ള സംരംഭകരെ കൂടി ഉപയോഗപ്പെടുത്തി ഫാമിന്റെ കൃഷിയിട സാധ്യതകൾ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടപ്പുറം ട്രേഡേഴ്സ് എന്ന സ്ഥാപനവും ആയി ചേർന്നാണു 3 –ാം ബ്ലോക്കിൽ തണ്ണിമത്തൻ കൃഷി തുടങ്ങിയത്. 

ആറളം ഫാം ബ്ലോക്ക് 3 ലെ തണ്ണിമത്തൻ കൃഷി
ആറളം ഫാം ബ്ലോക്ക് 3 ലെ തണ്ണിമത്തൻ കൃഷി

ഇതിൽ മൂപ്പെത്തിയ 15 ഏക്കർ തോട്ടത്തിലെ വിളവെടുപ്പാണ് നടത്തിയത്. 40 ടൺ തണ്ണിമത്തൻ ആണ് ആദ്യ ദിവസം ലഭിച്ചത്. അടുത്ത വിളവെടുപ്പിൽ 40 ടണ്ണും പിന്നീടുള്ള വിളവെടുപ്പിൽ 100 ടണ്ണും ഉൽപാദനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ നവംബറിലാണ് കൃഷി ആരംഭിച്ചത്. മേയിൽ അവസാനിക്കുന്ന ആദ്യ സീസണിൽ 100 ഏക്കർ സ്ഥലത്തിൽ നിന്നായി 1500 ടൺ ഉൽപാദനമാണ് ആകെ പ്രതീക്ഷിക്കുന്നത്. 1.5 കോടി രൂപയാണ് ടേൺ ഓവർ. ഇതിന്റെ 20% തുകയാണ് വ്യവസ്ഥ പ്രകാരം ആറളം ഫാമിന് ലഭിക്കുക. ഒപ്പം പുനരധിവാസ മേഖലയിൽ നിന്നുള്ളവർക്കും ജോലിയും.

ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി.നിധീഷ് കുമാർ, കോട്ടപ്പുറം ട്രേഡേഴ്സ് പാർട്നർമാരായ ജംഷാദ് അലി, സി.അശ്വിൻ, ഫാം അക്കൗണ്ട്സ് ഓഫിസർ ടി.പി.പ്രേമരാജൻ, സെക്യൂരിറ്റി ഓഫിസർ ആർ.ശ്രീകുമാർ, സൂപ്രണ്ട് ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷിവിളകൾ നശിച്ചു നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഫാമിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണു ഫാം മാനേജ്മെന്റ് വിഭാവനം ചെയ്തിട്ടുള്ളത്. പാരമ്പര്യ വിത്ത് ഹബ്, പച്ചക്കറി, പൂക്കൃഷി, എണ്ണ കുരുക്കൾ എന്നിവ ഉൾപ്പെടെ കൂടുതൽ പദ്ധതികളും നടപ്പാക്കും. 1970 ൽ ഫാമിന്റെ തുടക്കകാലത്തു പ്രധാന കൃഷി ഇനങ്ങളിൽ ഒന്നായിരുന്നു തണ്ണിമത്തൻ. പിന്നീട് നീണ്ട‌ ഇടവേളയ്ക്കു ശേഷം ആണു ഫാമിൽ തണ്ണിമത്തൻ കൃഷി പരീക്ഷിക്കുന്നത്.

‘ആറളം ഫാം ‌അടുത്ത സാമ്പത്തിക വർഷം ലാഭത്തിലാകും’
ആറളം ഫാം അടുത്ത സാമ്പത്തിക വർഷത്തോടെ ലാഭത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് പറഞ്ഞു. പൊന്നു വിളയുന്ന മണ്ണാണ് ഇവിടത്തേത്. ഇടവിള കൃഷിയായി ചെയ്യാൻ സാധ്യതയുള്ള വിളകൾ അതതു രംഗത്തെ വിദഗ്ധരുടെ പങ്കാളിത്തതോടെ ചെയ്യുന്നതിലൂടെ ഫാമിനു യാതൊരു ചെലവും ഇല്ലെന്നു മാത്രം അല്ല, അവർ നിക്ഷേപിക്കുന്നതിനു ആനുപാതികമായി ഫാമിനു പണവും ലഭിക്കും. തൊഴിലാളികൾക്കു ജോലി ലഭിക്കും. നിലവിലുള്ള ശമ്പള കുടിശികയും മറ്റു ആനുകൂല്യങ്ങളും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com