‘കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിന് തീരാകളങ്കം’

Mail This Article
തലശ്ശേരി∙ കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിന് തീരാകളങ്കമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ മുന്നണിയോടൊപ്പം നിൽക്കുന്ന രണ്ട് മുഖ്യമന്ത്രിമാരെയാണ് അറസ്റ്റ് ചെയ്തത്. ഏതു അഴിമതിക്കാരനും ബിജെപിക്കൊപ്പം ചേർന്നാൽ അഴിമതി കഴുകി കളയുന്ന വാഷിംഗ് മെഷീൻ ആയി ബിജെപി അധ:പതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.ജനം ഭരണത്തിന് എതിരാണെന്ന് കണ്ടപ്പോൾ പിണറായി വിജയൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലിയുമായി ഇറങ്ങിയിരിക്കുകയാണ്.
യോഗി ആദിത്യനാഥ് ചെയ്യാത്ത കാര്യമാണ് പിണറായി ചെയ്യുന്നത്. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന സർക്കാരിന് കോടതിയിൽ പോകാനാവില്ല. പിണറായി വിജയനും സിപിഎമ്മിനും പോവാനാവും. സിപിഎമ്മും ബിജെപി യും തമ്മിലുള്ള അന്തർധാരയെക്കുറിച്ച നാം ജാഗരൂകരായിരിക്കണം. ഇ.പി. ജയരാജന് തലയിൽ ഒന്നുമില്ലാത്തതിനാൽ അദ്ദേഹം അതു വിളിച്ചു പറഞ്ഞു.മണ്ഡലം ചെയർമാൻ എ.കെ. ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവൻ, ടി.ആസഫലി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, വി.എൻ. ജയരാജ്, വി.എ. നാരായണൻ, വി.സി. പ്രസാദ്, എം.പി. അരവിന്ദാക്ഷൻ, സജ്ജീവ് മാറോളി, കെ.എ. ലത്തീഫ്, സി.ടി. സജിത്ത്, എൻ. മഹമൂദ് എന്നിവർ പ്രസംഗിച്ചു.